‘ആര്‍ദ്രം’ കാന്‍സര്‍ കെയര്‍ പ്രോജക്ടുമായി ‘ഫോമാ ടീം പ്രോമീസ്’

‘ആര്‍ദ്രം’ കാന്‍സര്‍ കെയര്‍ പ്രോജക്ടുമായി ‘ഫോമാ ടീം പ്രോമീസ്’

ഫ്‌ളോറിഡ: പുത്തന്‍ കാഴ്ചപ്പാടോടെ ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന ടീം പ്രോമീസ്, പുതുതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്നതിനായി പ്രഖ്യാപിച്ച ‘വിദ്യാജ്യോതി’ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് പിന്നാലെ, സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി മറ്റൊരു സുപ്രധാന സേവന പദ്ധതിയുമായി മുന്നോട്ട് വരുന്നു. കാന്‍സര്‍ കെയര്‍ പ്രോജക്ട് എന്ന ഈ പദ്ധതിക്ക് ‘ആര്‍ദ്രം’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ഈ പേര് നിര്‍ദേശിച്ചത് പമുഖ ഓങ്കോളജിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. എം.വി പിള്ളയാണെന്നും ടീം പ്രോമീസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഫോമായുടെ സ്ഥാപക നേതാവുമായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) അറിയിച്ചു.

പ്രസ്തുത പദ്ധതി കേരളത്തിലെ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കും. കാന്‍സര്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് ആവിഷ്‌കരിക്കുക. 2014-’16 കാലഘട്ടത്തില്‍ ഫോമാ, തിരുവനന്തപുരത്തെ ആര്‍.സി.സിയില്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ നിര്‍മ്മാണത്തിന് പിന്തുണ നല്‍കിയിരുന്നു. അന്നത്തെ ആ സേവന പദ്ധതിയുടെ ഭാഗമായിരുന്ന ഇന്നത്തെ ടീം പ്രോമിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസ്, അന്ന് കണ്‍വന്‍ഷന്‍ ചെയറായി പ്രവര്‍ത്തിച്ചു. അതുപോലെ, ടീം പ്രോമിസ് ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ടിറ്റോ ജോണ്‍, അന്ന് യൂത്ത് റെപ്രസന്റേറ്റീവായും സേവനം അനുഷ്ഠിച്ചിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സേവന പാരമ്പര്യം പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ തുടരുകയാണ് ടീം പ്രോമിസിന്റെ ലക്ഷ്യം. ഇതൊരു നിമിത്തമായി കാണുന്നുവെന്ന് മാത്യു വര്‍ഗീസ് ചൂണ്ടിക്കാട്ടി.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട്, 2014-’16 കാലഘട്ടത്തിലെ കാന്‍സര്‍ കെയര്‍ പദ്ധതിയുടെ ചുക്കാന്‍ പിടിച്ചിരുന്ന ഡോ. എം.വി പിള്ളയുമായി മാത്യു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ഈ പുതിയ ദൗത്യത്തിന് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശവും സഹകരണവും അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടൊപ്പം, നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും ഈ പദ്ധതി പ്രയോജനകരമാക്കാനാണ് ടീം പ്രോമിസ് ഉദ്ദേശിക്കുന്നത്. കാന്‍സര്‍ അവബോധ സെമിനാറുകള്‍, നേരത്തെയുള്ള സ്‌ക്രീനിംഗിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മെഡിക്കല്‍ വെബിനാറുകള്‍, ഡോക്ടര്‍മാര്‍, സര്‍വൈവേഴ്‌സ്, കെയര്‍ഗിവേഴ്‌സ്, വോളന്റിയര്‍മാര്‍ എന്നിവരെ ബന്ധിപ്പിക്കുന്ന ഒരു സപ്പോര്‍ട്ട് നെറ്റ്‌വര്‍ക്ക് എന്നിവയും പദ്ധതിയുടെ ഭാഗമാക്കാന്‍ ടീം പ്രോമിസ് ശ്രമിക്കും.

കാന്‍സറിനെ നേരിടുന്ന രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രതീക്ഷയും ധൈര്യവും കരുതലും നല്‍കുന്ന ബഹുമുഖ പരിപാടിയായ ‘ആര്‍ദ്രം’, ഫോമായുടെ ഒരു സ്ഥിരം പ്രോജക്ടായി വളര്‍ത്തിയെടുക്കുകയാണ് ട്രീം പ്രോമീസിന്റെ ലക്ഷ്യം. ഇത് ഒരു കരുതല്‍ മുദ്രാവാക്യമാക്കി സേവനത്തിന് തുടര്‍ച്ചയുണ്ടാവണമെന്നും അത് ഓരോ കുടുംബത്തിലുമെത്തണമെന്നും ടീം പ്രോമീസ് ആഗ്രഹിക്കുന്നു. ഈ കാന്‍സര്‍ കെയര്‍ പ്രോജക്ട് ടീം പ്രോമീസിന്റെ സ്വപ്ന പദ്ധതികളൊന്നായി ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ വിധത്തില്‍ നടപ്പാക്കുമെന്ന് മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറല്‍ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ഉറപ്പു നല്‍കുന്നു.

Fomaa Team Promise is introducing a cancer care project called ARDRAM

Share Email
Top