ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഔദ്യോഗിക ഉഭയകക്ഷി കൂടിക്കാഴ്ച ആരംഭിച്ചു. ട്രംപിനെ നേരിട്ട് കണ്ടതിൽ വലിയ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയപ്പോൾ, സമീപകാലത്ത് ഇന്ത്യക്കും അമേരിക്കക്കുമിടയിൽ പല സുപ്രധാന കാര്യങ്ങളും സംഭവിച്ചതായി ട്രംപ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാരക്കരാറിന് ഉടൻ അന്തിമ രൂപമാകുമെന്നും ഇന്ത്യ യുഎസിന്റെ വിശ്വസ്ത പങ്കാളിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചർച്ചയിൽ പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര മികവിനെ ട്രംപ് പ്രത്യേകം പ്രശംസിച്ചു. കാണുമ്പോൾ ഒരു മാലാഖയെപ്പോലെ തോന്നിക്കുമെങ്കിലും, രാജ്യത്തിന്റെ കാര്യങ്ങളിൽ മോദി വളരെ കർക്കശക്കാരനായ ഒരു വിലപേശലുകാരനാണെന്നായിരുന്നു ട്രംപിന്റെ രസകരമായ പരാമർശം.
പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനായി നിലവിൽ സ്വീകരിക്കുന്ന നടപടികളിൽ ഇരുനേതാക്കളും സന്തോഷം പ്രകടിപ്പിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചർച്ചയിൽ വിലയിരുത്തപ്പെട്ടു. പശ്ചിമേഷ്യൻ മേഖലയിലെ സമാധാന അന്തരീക്ഷത്തിൽ ഇന്ത്യക്ക് വലിയ റോളുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ്, മോദി നയിക്കുന്ന ഇന്ത്യയിലേക്ക് ഉടൻ സന്ദർശനം നടത്താൻ താൻ ആഗ്രഹിക്കുന്നതായും അറിയിച്ചു. ആഗോളതലത്തിൽ ഇതുവരെ എട്ട് യുദ്ധങ്ങൾ ഇടപെട്ട് അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനും താൻ ഇടപെട്ടിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഇരുവിഭാഗത്തിനും തമ്മിൽ കാണാൻ പോലും താല്പര്യമില്ലാത്ത അവസ്ഥയാണെന്നും ട്രംപ് തുറന്നുപറഞ്ഞു.
ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഴക്കടലിലെ നാവികരുടെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വീണ്ടും ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര ജലപാതകളിലെ സുരക്ഷയും നാവികരുടെ ജീവനും അതീവ പ്രധാനമാണെന്ന് മോദി ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വലിയൊരു സംരക്ഷകനായി അമേരിക്ക ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് നൽകിയത്. ലോകത്തിലെ ഏത് ശക്തി ഇന്ത്യയെ ആക്രമിക്കാൻ മുതിർന്നാലും അതിനെ ശക്തമായി ചെറുക്കുമെന്നും ഇന്ത്യയുടെ സുരക്ഷയ്ക്ക് യുഎസ് പൂർണ്ണ പിന്തുണ നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചു.















