pulimoottil

കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ് നിറവില്‍ ഡോ. സുനന്ദ നായര്‍

കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ് നിറവില്‍ ഡോ. സുനന്ദ നായര്‍

എ.എസ് ശ്രീകുമാര്‍

ഹൂസ്റ്റണ്‍: മോഹിനിയാട്ടത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡിന് (ഓവര്‍സീസ് ഡാന്‍സ്), പ്രശസ്ത മോഹിനിയാട്ടം പ്രതിഭ കലാശ്രീ ഡോ. സുനന്ദാ നായര്‍ അര്‍ഹയായിരിക്കുന്നു. ”ഈ പുരസ്‌കാരം ലഭിച്ചവരില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ കൃതാര്‍ത്ഥയാണ്. എന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായും, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും സമര്‍പ്പിക്കുന്ന ഒന്നായും ഞാന്‍ ഇതിനെ കാണുന്നു…” എന്ന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതിയായ ഈ പുരസ്‌കാര ലബ്ധിയില്‍ ഡോ. സുനന്ദ പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം അക്കാദമി അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇക്കുറി 2025-ലെയും 2024-ലെയും അവാര്‍ഡ് ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. ഇതില്‍ 2024-ലെ പുരസ്‌കാരത്തിനാണ് ഡോ. സുനന്ദ അര്‍ഹയായത്.

സംഗീതം, നൃത്തം, നാടകം എന്നിവയിലെ ഇന്ത്യയുടെ വിശാലമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രകടന കലയിലെ (പെര്‍ഫോമിങ് ആര്‍ട്‌സ്) പരമോന്നത സ്ഥാപനമാണ് കേന്ദ്ര സംഗീത നാടക അക്കാഡമി. കലാകാരന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ദേശീയ അംഗീകാരമാണ് സംഗീത നാടക അക്കാദമി അവാര്‍ഡ്. 1,00,000 രൂപയും ഷാളും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

നൃത്തത്തെ ഉപാസിക്കുന്ന ജീവിത സഞ്ചാരമാണ്, മോഹിനിയാട്ടത്തിലെ ഏറ്റവും മുന്‍നിരക്കാരായ കലാകാരികളില്‍ ഒരാളായ സുനന്ദയുടേത്. കഥകളിയും ഭരതനാട്യവും മികവോടെ പകര്‍ന്നാടി പേരെടുത്തിട്ടും, കേരളത്തിന്റെ തനതുനൃത്തം എന്നതുകൊണ്ടാണ് മോഹിനിയാട്ടത്തെ അവര്‍ നെഞ്ചോട് ചേര്‍ത്തത്. ഇന്ത്യയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ ഈ അതുല്യകലാകാരിയുടെ ശിക്ഷണം, പ്രഗത്ഭമതികളായ നിരവധി നര്‍ത്തകരെയാണ് ആസ്വാദനലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത്. ഡോ. സുനന്ദ, നര്‍ത്തകിയായും നൃത്താധ്യാപികയായും അമേരിക്കയിലെ കലാസ്വാദകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഡോ. സുനന്ദാ നായരുടെ ‘സുനന്ദാസ് പെര്‍ഫേര്‍മിങ് ആര്‍സ്’ പേരും പെരുമയും നേടിയ നൃത്തകലാ വിദ്യാലയവുമാണ്.

ലോക പ്രശസ്ത നര്‍ത്തകി, പത്മഭൂഷണ്‍ ഡോ. കനക് റെലെയുടെയും അവരുടെ മുംബൈയിലെ നളന്ദ പാരമ്പര്യത്തിന്റെയും ഉജ്ജ്വലമായ പൈതൃകം ഡോ. സുനന്ദ കാത്തു സൂക്ഷിക്കുന്നു. ഡോ. കനക് റെലെയുടെ മുതിര്‍ന്ന ശിഷ്യയും, മുംബൈ നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിലെ ചട്ടക്കൂടില്‍ പരിശീലനം നേടിയ ആദ്യകാല വിദ്യാര്‍ത്ഥികളില്‍ ഒരാളുമാണ് ഡോ. സുനന്ദ. ശാസ്ത്രീയ നൃത്തത്തില്‍ അഞ്ചിലേറെ പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സുനന്ദ നായര്‍ ഒരു പ്രൊഫഷണല്‍ മോഹിനിയാട്ട കലാകാരി എന്ന നിലയില്‍ 40-ലേറെ വര്‍ഷമായി വേദികളെ സമ്മോഹനമാക്കുന്നു. അധ്യാപിക എന്ന നിലയിലും ദീര്‍ഘ വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. മോഹിനിയാട്ടത്തിന്റെ സംരക്ഷണം, അവതരണം, പ്രചാരണം എന്നിവയ്ക്കായി സമര്‍പ്പിച്ച ഒരു ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ് ഈ പുരസ്‌കാര നേട്ടം.

അംഗീകാരങ്ങള്‍ നേടിയ നര്‍ത്തകി, നൃത്തസംവിധായിക, ഗവേഷക, ഗുരു എന്നീ നിലകളില്‍ ഡോ. സുനന്ദ നായര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് രംഗത്ത് അഞ്ച് പതിറ്റാണ്ടിലധികമായി സജീവമാണ്. ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും പ്രശസ്തമായ നൃത്തോത്സവങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും അവര്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. സുനന്ദയുടെ പ്രകടനങ്ങളിലെ ഭാവതീവ്രത, ആത്മീയത, ആധികാരികത, സൗന്ദര്യം എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പ്രമുഖ ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള ദേശീയ-അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിക്കാനുള്ള ബഹുമതിയും സുനന്ദയ്ക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ നിരവധി സംവല്‍സരങ്ങളായി അമേരിക്കയില്‍ മോഹിനിയാട്ട പ്രചാരണത്തിന്റെ ശക്തിസ്രോതസായി ഡോ. സുനന്ദ പ്രവര്‍ത്തിക്കുന്നു. നൃത്താവതരണങ്ങള്‍, ലക്ചര്‍-ഡെമോണ്‍സ്‌ട്രേഷനുകള്‍, പുതിയ പരീക്ഷണങ്ങള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവയിലൂടെ സുനന്ദ വിദ്യാര്‍ത്ഥികളുടെയും ആസ്വാദകരുടെയും ഒരു വന്‍ സമൂഹത്തെത്തന്നെ കെട്ടിപ്പടുത്തു. കേരളത്തിന്റെ ക്ലാസിക്കല്‍ പൈതൃകം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും സംരക്ഷിക്കുന്നതിലും അവര്‍ വലിയ സംഭാവനയാണ് നല്‍കിയത്. നൃത്തത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, പാണ്ഡിത്യം, ഗുരുക്കന്മാര്‍ പകര്‍ന്നുനല്‍കിയ മൂല്യങ്ങള്‍ എന്നിവയാല്‍ പരക്കെ ആദരിക്കപ്പെടുന്ന ഡോ. സുനന്ദ നായര്‍, മോഹിനിയാട്ടത്തിന്റെ സമ്പന്നമായ പൈതൃകത്തെ അതിന്റെ ലാസ്യ-ലാവണ്യ സമ്പന്നതയോടെയും ആധികാരികതയോടെയും ഭക്തിയോടെയും മനസിലും ശരീരത്തുലും ആവാഹിച്ച് തലമുറകളിലേയ്ക്ക് പകരുകയും ചെയ്യുന്നു.

Mohiniyattam exponent Dr. Sunanda Nair has bagged Central Sangeetha Nataka Academy Award

Share Email
LATEST excelnclexrn
Top