ന്യൂവാര്‍ക്ക്: വിമാനം പറത്തുന്നതിനിടെ പൈലറ്റിന് ശാരീരീകാസ്വാസ്ഥ്യം ഉണ്ടാവുകയും വിമാനനിയന്ത്രണത്തിന് പൈലറ്റിന് കഴിയാതെ വരികയും ചെയ്തതോടെ ദിശതെറ്റിപ്പറന്ന വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹപൈലറ്റ് വിമാനം അടിന്തിര ലാന്‍ഡിംഗ് നടത്തി. എയര്‍ കാനഡയുടെ എസി 7664 വിമാനം ബുധനാഴ്ച ന്യൂവാര്‍ക്കില്‍ നിന്നും ഹലീഫാക്‌സിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.എയര്‍ കാനഡയുടെ അറിയിപ്പുപ്രകാരം, വിമാനത്തിന്റെ ക്യാപ്റ്റനു യാത്രാമധ്യേ ആരോഗ്യപ്രശ്‌നമുണ്ടായി. തുടര്‍ന്ന് സഹപൈലറ്റ് (ഫസ്റ്റ് ഓഫീസര്‍) വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അത് ബോസ്റ്റണിലേക്ക് ് തിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി.
ആരോഗ്യപ്രശ്‌നമുണ്ടായ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കിയതായി കമ്പനി അറിയിച്ചു.വിമാനത്തില്‍ 61 യാത്രക്കാരുണ്ടായിരുന്നു. വിമാനം പെട്ടെന്ന് ദിശമാറിയ നിമിഷം തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലായതായി റോഡ്‌നി മക്ഡൊണാള്‍ഡ് എന്ന യാത്രക്കാരന്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.
അത് സാധാരണ കുലുക്കമോ (ടര്‍ബുലന്‍സ്) അല്ലായിരുന്നു. ആരോ വിമാനത്തിന്റെ നിയന്ത്രണങ്ങളില്‍ ഇടപെട്ടതുപോലെയായിരുന്നു അനുഭവം. അത് വീണ്ടും വീണ്ടും ഉണ്ടായി.
സംഭവത്തിനിടെ ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് അടിയന്തരമായി കോക്പിറ്റിലേക്ക് ഓടിക്കയറിയതായും പിന്നീട് ഒരു പൈലറ്റിനെ പുറത്തേക്ക് വലിച്ചുകൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.
”അദ്ദേഹത്തിന് അപസ്മാരസദൃശമായ അവസ്ഥയുണ്ടായിരുന്നതുപോലെ തോന്നി. ഞങ്ങള്‍ യാത്രക്കാരില്‍ ചിലര്‍കൂടി ചേര്‍ന്ന് അദ്ദേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചു,” മക്ഡൊണാള്‍ഡ് പറഞ്ഞു.സഹപൈലറ്റ് വിമാനം ബോസ്റ്റണിലേക്ക് പറത്തുന്നതിനിടെ ഏകദേശം 40 മിനിറ്റോളം യാത്രക്കാര്‍ പൈലറ്റിനെ സുരക്ഷിതമായി പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.വിമാനത്തിലുണ്ടായിരുന്ന ഒരു രജിസ്റ്റര്‍ഡ് നഴ്സ് യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും പൈലറ്റിനെ സഹായിക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
ഇത് ശരിക്കും ഭയാനകമായ അനുഭവമായിരുന്നു. ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാര്‍ അസാധാരണമായ ശാന്തത പാലിച്ചു. അവര്‍ വളരെ മികച്ച രീതിയില്‍ സാഹചര്യം കൈകാര്യം ചെയ്തു,” മക്ഡൊണാള്‍ഡ് പറഞ്ഞു.
Pilot feels unwell while flying: Co-pilot takes control of deviating plane and makes emergency landing















