ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ജൂൺ 28-ന് നടക്കും. ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് എൽമോണ്ടിലുള്ള സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സഭകളുടെ സഹകരണത്തോടെ വിപുലമായ രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
2026–27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന പ്രധാന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. ചടങ്ങിൽ വിശിഷ്ടാഥിതിയായി പങ്കെടുക്കുന്ന എപ്പിസ്കോപ്പൽ ബിഷപ്പ് ഡോ. ജോൺസി ഇട്ടി അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും ഒത്തുചേരുന്ന യോഗത്തിലെ ഗാനശുശ്രുഷയ്ക്ക് വിവിധ ഇടവകകളിൽ നിന്നുള്ള ഗായകസംഘാംങ്ങൾ നേതൃത്വം നൽകും.
ഫെഡറേഷൻ ഭാരവാഹികളായ റവ. ഫാ. ജോൺ തോമസ് (പ്രസിഡന്റ്), റവ. ബിജു പി. സൈമൺ (ക്ലർജി വൈസ് പ്രസിഡന്റ്), ജോസഫ് വി. തോമസ് (അത്മായ വൈസ് പ്രസിഡന്റ് & പ്രോഗ്രാം കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നത്. നോർത്ത് അമേരിക്കയിലെ വിവിധ സഭാംഗങ്ങൾ ചടങ്ങിൽ പ്രാർത്ഥനാപൂർവ്വം സംബന്ധിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.















