pulimoottil

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക ക്ഷേമത്തിനായി ടീം പ്രോമിസിന്റെ ‘FOMAA CARE’ പദ്ധതി

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക ക്ഷേമത്തിനായി ടീം പ്രോമിസിന്റെ ‘FOMAA CARE’ പദ്ധതി

ഫ്‌ളോറിഡ: ‘വിദ്യാജ്യോതി’ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെയും ‘ആര്‍ദ്രം’ കാന്‍സര്‍ കെയര്‍ പ്രോജക്ടിന്റെയും ‘കേരള പഠന’ത്തിന്റെയും തുടര്‍ച്ചയായി ‘ടീം പ്രോമീസ്’ വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെ ‘ഫോമാ കെയര്‍’ (കരുതല്‍) എന്ന അടിയന്തര കമ്മ്യൂണിറ്റി സഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. കേവലമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനപ്പുറം, അമേരിക്കന്‍ മലയാളികളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനായുള്ള ഒരു സമഗ്ര പദ്ധതിയാണിത്.

പലപ്പോഴും ജീവിതത്തില്‍ അപ്രതീക്ഷിതമായ പരീക്ഷണങ്ങള്‍ നമ്മള്‍ നേരിടേണ്ടി വരും. ആരോഗ്യപ്രശ്‌നങ്ങള്‍, അപകടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, പ്രകൃതി ദുരന്തങ്ങള്‍,തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ ഒറ്റപ്പെട്ടതായി ആര്‍ക്കും തോന്നരുത്. ടീം പ്രോമിസിന്റെ ‘കരുതല്‍’ പദ്ധതി, വടക്കേ അമേരിക്കയിലുടനീളമുള്ള മലയാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ സമയത്ത് കരുതലും പിന്തുണയും സമയോചിതമായ സഹായവും ഉറപ്പാക്കാനുള്ള ശക്തമായ ഇടപെടലാണെന്ന് ഫോമായുടെ സ്ഥാപക നേതാവും ടീം പ്രോമീസിന്റെ പ്രസ്ഡന്റ് സ്ഥാനാര്‍ത്ഥിയുമായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) വ്യക്തമാക്കി.

ഈ പദ്ധതിയുടെ ഭാഗമായി, ഓരോ മേഖലയിലും റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ (ആര്‍.വി.പി), നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, പ്രാദേശിക അസോസിയേഷന്‍ പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കരുതല്‍ റീജിയണല്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പ്രാദേശിക അസോസിയേഷനുകളുമായി ചേര്‍ന്ന് യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടെത്തുകയും, സഹായം ഏകോപിപ്പിക്കുകയും, ലഭ്യമാക്കേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി എത്തിക്കുകയും ചെയ്യുകയെന്നതായിരിക്കും ഈ കമ്മിറ്റികളുടെ പ്രധാന ഉത്തരവാദിത്വം.

  • സഹായം ആവശ്യമുള്ള ഓരോ കുടുംബത്തിനും സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക * ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായ ഏകോപനവും സഹായവും * പ്രാദേശിക അസോസിയേഷനുകളുമായി ബന്ധപ്പെടുത്തി ഓരോ അംഗസംഘടനയെയും കരുതലിന്റെ സജീവ പങ്കാളിയാക്കുക * സഹായിക്കാന്‍ തയ്യാറുള്ളവരെയും സഹായം ആവശ്യമുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കുക * മുതിര്‍ന്ന തലമുറയ്ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുക * പുതിയ തലമുറയിലെ മലയാളി യുവാക്കള്‍ക്ക് മാനസികാരോഗ്യ പിന്തുണയും കരിയര്‍ ഗൈഡന്‍സും നല്‍കുക * ഒറ്റപ്പെട്ടുപോകുന്നവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സാന്ത്വന പരിചരണം തുടങ്ങിയവയാണ് കരുതലിന്റെ സുപ്രധാന ലക്ഷ്യങ്ങള്‍

ഫോമാ ഒരു സംഘടന മാത്രമല്ല; സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം നില്‍ക്കുന്ന ഒരു വലിയ കുടുംബമാണെന്നും നമ്മുടെ സമൂഹത്തിലെ ഒരു അംഗമോ ഒരു കുടുംബമോ പോലും ജീവിതത്തിലെ പ്രയാസകരമായ നിമിഷങ്ങളില്‍ ഒറ്റപ്പെടാന്‍ പാടില്ല എന്നുമാണ് ടീം പ്രോമിസ് വിശ്വസിക്കുന്നത്. ഫോമായുടെ ചരിത്രത്തില്‍ പ്രവാസി മലയാളികളുടെ സാമൂഹികവും മാനസികവുമായ ക്ഷേമത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതി ഇതാദ്യമായാണ്.

‘കരുതല്‍’ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് പോലെ തന്നെ, വടക്കേ അമേരിക്കയിലെ മലയാളി കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വവും പരസ്പര സ്‌നേഹവും ഉറപ്പുനല്‍കുന്ന ഒരു വലിയ ചുവടുവെപ്പായിരിക്കും ടീം പ്രോമിസിന്റെ ഈ പ്രൊജക്ട് എന്ന് മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറല്‍ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അഭിപ്രായപ്പെടുന്നു.

Team Promise’s ‘FOMAA Care’ project for the social welfare of American Malayalis

Share Email
LATEST excelnclexrn
More Articles
Top