pulimoottil

യുവജനങ്ങളുടെ തൊഴില്‍ സംരക്ഷണത്തിന് നയവേദിയുമായി (പോളിസി ഫോറം) ‘ടീം വോയ്‌സ് ഓഫ് ഫോമാ’

യുവജനങ്ങളുടെ തൊഴില്‍ സംരക്ഷണത്തിന് നയവേദിയുമായി (പോളിസി ഫോറം) ‘ടീം വോയ്‌സ് ഓഫ് ഫോമാ’

എ.എസ് ശ്രീകുമാര്‍

ന്യൂയോര്‍ക്ക്: യുവജനങ്ങളുടെ തൊഴില്‍ സംരക്ഷണത്തിനായി ടീം വോയ്‌സ് ഓഫ് ഫോമാ നയവേദി (പോളിസി ഫോറം) രൂപീകരിക്കും. ഇന്ന് നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം പ്രത്യേകിച്ച് യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന ഗൗരവതരമായ ഒരു വിഷയമാണ് അര്‍ഹതക്കനുസരിച്ചുള്ള തൊഴിലില്ലായ്മ. ഇതിനൊരു പരിഹാരം കാണുവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി, ഈ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവരെ ഉള്‍പ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും പ്രസ്തുത സമിതിയുടെ സേവനം നോര്‍ത്ത് അമേരിക്ക മുഴുവനും ലഭ്യമാക്കുകയും ചെയ്യുമെന്ന് ഫോമായുടെ 2026-2028 ഭരണസമിതിയിലേയ്ക്ക് ജനവിധി തേടുന്ന ടീം വോയ്‌സ് ഓഫ് ഫോമാ’യുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ വ്യക്തമാക്കി.

എച്ച് 1-ബി വിസയിലെത്തി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ തൊഴിലില്ലാതെ പ്രയാസമനുഭവിക്കുന്ന ഐ.റ്റി പ്രോഫഷണലുകള്‍ ഉള്‍പ്പെടെയുള്ള യുവ മലയാളികള്‍ക്കായി ഗവണ്‍മെന്റ് തലത്തില്‍ ലോബിയിങ് നടത്താന്‍ നയവേദിയുടെ നേതൃത്ത്വത്തില്‍ ‘ടീം വോയ്‌സ് ഓഫ് ഫോമാ’ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് ബിജു തോണിക്കടവില്‍ പറഞ്ഞു. തൊഴില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന യുവതലമുറയില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് എച്ച്-1ബി വിസയെയാണെന്നിരിക്കെ മാറിയ യു.എസ് വിസ നയങ്ങളും, തൊഴില്‍ വിപണിയിലെ അനിശ്ചിതത്വങ്ങളും പുതിയ ഇമിഗ്രന്റ്‌സിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് അവര്‍ക്ക് നിയമ സഹായം ഉള്‍പ്പെടെയുള്ള കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ‘ടീം വോയ്‌സ് ഓഫ് ഫോമാ’ മുന്നോട്ടു വരുന്നത്.

തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന യുവജനങ്ങളുടെ ശബ്ദം അമേരിക്കന്‍ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഫോമാ ബന്ധപ്പെട്ട യു.എസ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മുന്നില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. എച്ച്-1ബി വിസക്കാരുടെ യു.എസിലെ ജീവിതവും തൊഴിലും കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണ് ടീം വോയ്‌സ് ഓഫ് ഫോമാ ‘നയവേദി’ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്. ഇതിനായി രാഷ്ട്രീയ-ഭരണ തലങ്ങളില്‍ സ്വാധീനം ചെലുത്തേണ്ടതുണ്ട്. കൂടാതെ നയവേദിയുടെ നേതൃത്വത്തില്‍ മലയാളി ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമെന്ന നിലയില്‍ ബിസിനസുകാരെയും തൊഴില്‍ ദാതാക്കളെയും സംഘടിപ്പിച്ച് കാമ്പെയ്ന്‍ നടത്താനും പദ്ധതിയുണ്ട്.

വിസ നിയമങ്ങളെക്കുറിച്ചും തൊഴില്‍ അവകാശങ്ങളെക്കുറിച്ചും കൃത്യമായ ധാരണ നല്‍കാന്‍ ഇമിഗ്രേഷന്‍ ലോയര്‍മാരുടെ സേവനവും ഉറപ്പാക്കും. എച്ച്-1ബി വിസയിലെത്തുന്നവര്‍ കേവലം തൊഴിലാളികള്‍ മാത്രമല്ല, അവര്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഭാഗം കൂടിയാണ് എന്ന കാഴ്ചപ്പാടിലാണ് അവരെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ടീം വോയ്‌സ് ഓഫ് ഫോമാ മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. അവര്‍ക്ക് മാനസികവും സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മറ്റ് ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മകളുമായും ആശയവിനിമയം നടത്തും. ഒരു ശക്തമായ സംഘടന തങ്ങളുടെ അവകാശങ്ങള്‍ക്കായി കൂടെയുണ്ട് എന്ന വിശ്വാസം പുതിയ തലമുറയ്ക്ക് ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന വിസ നയങ്ങളെ മറികടന്ന് അനുകൂല തീരുമാനങ്ങള്‍ നേടിയെടുക്കുക എന്നത് കഠിന ദൗത്യമാണെന്ന യാഥാര്‍ത്ഥ്യവും നമ്മുടെ മുന്നിലുണ്ട്.

ടീം വോയ്‌സ് ഓഫ് ഫോമാ നയവേദിയിലൂടെ മുന്നോട്ട് വയ്ക്കുന്ന ഈ ലോബിയിംഗ് ശ്രമങ്ങള്‍ ഫലപ്രദമാക്കാന്‍ നമ്മുടെ ബിസിനസുകാരടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ പിന്തുണ ആവശ്യമാണ്. അങ്ങനെയെങ്കില്‍, അത് 20-ാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന ഫോമായുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു നാഴികക്കല്ലാകും. പുതിയ എച്ച്-1ബി പ്രവാസികള്‍ക്ക് ജോലിസ്ഥലത്തും ജീവിതത്തിലും കൂടുതല്‍ സ്ഥിരതയും മികച്ചൊരു ഭാവിയും കെട്ടിപ്പടുക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ടീം ഫോമായുടെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു.

Team Voice of Fomaa is planning to constitute Policy Forum for the unemployed Malayalee youth in USA

Share Email
LATEST excelnclexrn
More Articles
Top