വയനാട്ടില്‍ രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല: ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

വയനാട്ടില്‍ രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല: ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

കല്‍പറ്റ: വയനാട്ടില്‍ രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ ഇന്ന് വയനാട്ടില്‍ എത്തും. ഒരു സ്‌കൂളിലെ രണ്ടു കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നാലര വയസ്സുള്ള ഒരു ആണ്‍കുട്ടിക്കും അഞ്ചു വയസ്സുള്ള പെണ്‍കുട്ടിക്കുമാണ് രോഗം . 339 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരില്‍ 21 പേര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. 21 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.

സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ പ്രതികരിച്ചു. ചികിത്സയില്‍ കഴിയുന്നവരെല്ലാം എട്ടു വയസ്സിനു മേല്‍ പ്രായമുള്ളവരാണ്. അഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് രോഗം ബാധിക്കുമ്പോഴാണ് സ്ഥിതി ഗുരുതരമാകുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. സാഹചര്യം നേരിട്ടു വിലയിരുത്താന്‍ ബത്തേരിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥികളെ ചൊവ്വാഴ്ച രാവിലെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബത്തേരി കോളാടിയിലെ മാര്‍ ബസേലിയോസ് എയുപി സ്‌കൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടികളില്‍ 21 പേരാണ് രോഗബാധയുണ്ടെന്ന നിഗമനത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികള്‍ക്ക് കൂട്ടത്തോടെ പനി, ഛര്‍ദി, വയറിളക്കം, തലകറക്കം തുടങ്ങി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് ബാക്ടിരിയ അണുബാധ കണ്ടെത്തിയത്. പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടികള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

നെന്മേനി പഞ്ചായത്തിലെ നാലു മുതല്‍ 12 വയസ്സ് വരെയുള്ള 841 കുട്ടികളാണ് മാര്‍ ബസേലിയോസ് എ യുപി സ്‌കൂളില്‍ പഠിക്കുന്നത്. രോഗലക്ഷണങ്ങളുണ്ടായിട്ടും ഇതുവരെ ആശുപത്രികളില്‍ എത്താതിരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉടനടി ചികിത്സയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്‌കൂളിലെ 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കടുത്ത രോഗലക്ഷണങ്ങള്‍ കാണിച്ച അഞ്ച് കുട്ടികളുടെ രക്ത-മല സാംപിളുകളാണ് അടിയന്തര പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതില്‍ രണ്ടുപേരുടെ ഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Two children in Wayanad tested positive for Shigella: Health Minister to visit Wayanad today

Share Email
Top