ട്രംപിന്റെ എൺപതാം ജന്മദിനത്തിൽ വൈറ്റ് ഹൗസിൽ ഇടിയുടെ പൊടിപൂരം, കിക്കിടിലൻ യുഎഫ്സി പോരാട്ടങ്ങൾ; സൂപ്പർ താരങ്ങളെ അട്ടിമറിച്ച് ജസ്റ്റിൻ ഗെയ്ചിക്ക് കിരീടം

ട്രംപിന്റെ എൺപതാം ജന്മദിനത്തിൽ വൈറ്റ് ഹൗസിൽ ഇടിയുടെ പൊടിപൂരം, കിക്കിടിലൻ യുഎഫ്സി പോരാട്ടങ്ങൾ; സൂപ്പർ താരങ്ങളെ അട്ടിമറിച്ച് ജസ്റ്റിൻ ഗെയ്ചിക്ക് കിരീടം
Share Email

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ എൺപതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിൽ ആവേശം വിതറി മിക്സഡ് മാർഷ്യൽ ആർട്സ് (MMA) പോരാട്ടങ്ങൾ അരങ്ങേറി. അമേരിക്കയുടെ ഇരുനൂറ്റമ്പതാം വാർഷികാഘോഷങ്ങളുടെ കൂടി ഭാഗമായി വൈറ്റ് ഹൗസിലെ സൗത്ത് ലോണിലാണ് ഇടിയുടെ പൂരം സംഘടിപ്പിച്ചത്. പ്രമുഖ മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (UFC) ആണ് ഈ പ്രത്യേക പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തും യുഎഫ്സി സിഇഒയുമായ ഡാന വൈറ്റ് നേരിട്ടാണ് ഇതിന് നേതൃത്വം നൽകിയത്. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തിയെന്ന ചരിത്രപ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ് ട്രംപ് വൈറ്റ് ഹൗസിലെ ഫൈറ്റ് നൈറ്റിന് ആതിഥേയനായത്.

ഓവൽ ഓഫീസിൽ നിന്ന് ഡാന വൈറ്റിനൊപ്പം നടന്നുചെന്നാണ് ട്രംപ് മത്സരങ്ങൾക്ക് തുടക്കമിട്ടത്. റിംഗിന് തൊട്ടുമുന്നിലെ മുൻനിരയിൽ പ്രഥമവനിത മെലാനിയ ട്രംപിനും ഡാന വൈറ്റിനുമൊപ്പമാണ് പ്രസിഡന്റ് മത്സരങ്ങൾ വീക്ഷിച്ചത്. അപൂർവ്വമായി മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള ട്രംപിന്റെ മകൻ ബാരൺ ട്രംപ് തൊട്ടുപിന്നിലെ നിരയിലുണ്ടായിരുന്നു. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, വ്യവസായ പ്രമുഖൻ ഡേവിഡ് എലിസൺ, ട്രംപിന്റെ കുടുംബാംഗങ്ങൾ, ജനപ്രതിനിധികൾ, കാബിനറ്റ് അംഗങ്ങൾ എന്നിവരടങ്ങുന്ന വൻ വിവിഐപി നിരയാണ് മത്സരം കാണാൻ എത്തിയത്. സ്പോൺസർഷിപ്പ് പാക്കേജുകൾ വഴി പ്രമുഖർക്ക് ടിക്കറ്റുകൾ ലഭ്യമാക്കിയ പരിപാടി പാരാമൗണ്ട് പ്ലസ് ഒടിടി പ്ലാറ്റ്‌ഫോം വഴി തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.

ആകെ നടന്ന ഏഴ് മത്സരങ്ങളിൽ ഒടുവിലത്തെ മത്സരം ഒഴികെ ബാക്കി ആറെണ്ണവും നോക്കൗട്ടിലൂടെയാണ് അവസാനിച്ചത്. ലൈറ്റ്വെയ്റ്റ് പോരാട്ടത്തിൽ യുഎഫ്സി സൂപ്പർതാരമായ ഇലിയ ടോപുരിയയെ അട്ടിമറിച്ച് ജസ്റ്റിൻ ഗെയ്ചി ചാമ്പ്യനായത് യുഎഫ്സി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി മാറി. മറ്റൊരു പ്രധാന മത്സരത്തിൽ ബ്രസീലിയൻ താരം അലക്സ് പെരേരയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. വിജയികളായ താരങ്ങൾ റിംഗിൽ നിന്നും നേരെ വന്ന് മുൻനിരയിലിരുന്ന പ്രസിഡന്റ് ട്രംപിന് ഹസ്തദാനം നൽകി ആദരവ് പ്രകടിപ്പിച്ചു. അർദ്ധരാത്രി പിന്നിട്ടും നീണ്ടുനിന്ന മത്സരങ്ങൾക്കൊടുവിൽ പുലർച്ചെ ഒരു മണിയോടെ ആറ് മിനിറ്റ് നീണ്ട ഗംഭീര കരിമരുന്ന് പ്രയോഗത്തോടെയാണ് വൈറ്റ് ഹൗസിലെ ജന്മദിനാഘോഷങ്ങൾക്ക് സമാപനമായത്.

White House Hosts UFC Fights to Celebrate President Donald Trump’s 80th Birthday

Share Email
LATEST excelnclexrn
Top