പിന്റോ കണ്ണംപള്ളി
വാഷിംഗ്ടണ്‍ ഡി.സി: പ്രവാസി മലയാളി സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്കന്‍ റീജിയന്‍ വനിതാ ഫോറം സാമൂഹിക പ്രതിബദ്ധതയുടെയും സ്വാശ്രയത്വത്തിന്റെയും പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ”നമ്മുടെ കരുതല്‍, നമ്മുടെ പങ്കാളിത്തം, നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി” എന്ന ആപ്തവാക്യം പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ആശയമാക്കി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി വനിതാ ഫോറം നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രവാസി സംഘടനാ രംഗത്ത് പ്രത്യേകം ശ്രദ്ധ നേടുന്നുണ്ട്.

ന്യൂജേഴ്‌സിയില്‍ നടന്ന ഡബ്ല്യു.എം.സി അമേരിക്കന്‍ റീജിയന്‍ ബിനാനിയല്‍ കോണ്‍ഫറന്‍സില്‍ ഫോറത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. അല്‍ബെര്‍ട്ടയില്‍ നിന്നുള്ള ഡോ. സൂസന്‍ ചാണ്ടി പ്രസിഡന്റായും ഫ്‌ളോറിഡയില്‍ നിന്നുള്ള ആലീസ് മാഞ്ചേരി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വ്യാപ്തിയും കാര്യക്ഷമതയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭരണസമിതി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡോ. സൂസന്‍ ചാണ്ടി
(പ്രസിഡന്റ്)
കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്കായി വനിതാ ഫോറം 4.12 ലക്ഷം രൂപ വിനിയോഗിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായമായി ഒരു ലക്ഷം രൂപ കൈമാറി. ഉന്നത വിദ്യാഭ്യാസത്തിലൂടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സഹായം വലിയ ആശ്വാസമായി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പിതാവിനെ നഷ്ടപ്പെട്ട ഒരു യുവതിയുടെ വിവാഹത്തിനായി ഒരു ലക്ഷം രൂപയുടെ ധനസഹായവും ഫോറം നല്‍കി. ഇത്തരം ഇടപെടലുകള്‍ സമൂഹത്തില്‍ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് വലിയ പിന്തുണയായി മാറുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
വിദ്യാഭ്യാസ മേഖലയിലും വനിതാ ഫോറം സജീവ സാന്നിധ്യം അറിയിച്ചു. പാലക്കാട് ജില്ലയിലെ രണ്ട് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, ഡെസ്‌കുകള്‍, ബെഞ്ചുകള്‍, യൂണിഫോമുകള്‍ എന്നിവ വാങ്ങുന്നതിനായി 45,000 രൂപയുടെ സഹായം നല്‍കി. അതോടൊപ്പം സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരോടുള്ള കരുതലിന്റെ ഭാഗമായി ആയെരൂര്‍ വൃദ്ധസദനത്തിന് ക്രിസ്മസ് സമ്മാനമായി 30,000 രൂപയും സ്‌നേഹാലയ വൃദ്ധസദനത്തിന് 17,500 രൂപയും സംഭാവനയായി നല്‍കി.
ആരോഗ്യരംഗത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് വനിതാ ഫോറം നടത്തിയത്. പക്ഷാഘാതം ബാധിച്ച ഒരു വ്യക്തിയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി പ്രത്യേക സഹായ പദ്ധതി നടപ്പിലാക്കി. ഫിസിയോതെറാപ്പി, മരുന്നുകള്‍, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവയ്ക്കായി പ്രതിമാസം 10000 രൂപ വീതം ഒരു വര്‍ഷത്തേക്ക് നല്‍കുന്ന പദ്ധതിയിലൂടെ ആകെ 1.20 ലക്ഷം രൂപയുടെ സഹായമാണ് കുടുംബത്തിന് ലഭ്യമാക്കിയത്. ചികിത്സയ്‌ക്കൊപ്പം രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കുടുംബത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ഈ സഹായം ഏറെ ഉപകാരപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സാമൂഹിക സേവനങ്ങള്‍ക്കൊപ്പം വിജ്ഞാനവല്‍ക്കരണത്തിനും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കുന്ന നിരവധി പരിപാടികളും വനിതാ ഫോറം സംഘടിപ്പിച്ചു. ഡോ. സുജ കോശി നയിച്ച ‘രക്ഷാകര്‍തൃത്വവും ശിശുവികസനവും’ എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാര്‍ കുടുംബബന്ധങ്ങളെയും കുട്ടികളുടെ വളര്‍ച്ചയെയും കുറിച്ചുള്ള അവബോധം വര്‍ധിപ്പിച്ചു. തിരുവനന്തപുരം ഹൃദയാലയ ആശുപത്രിയിലെ ഡോ. ജയ്പാല്‍ അവതരിപ്പിച്ച ‘ആരോഗ്യമേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’, ‘ഹൃദയാഘാത പ്രതിരോധവും മുന്‍കരുതലുകളും’ എന്നീ വിഷയങ്ങളിലെ ക്ലാസുകള്‍ ആരോഗ്യരംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പങ്കെടുത്തവര്‍ക്ക് വിലപ്പെട്ട അറിവുകള്‍ പകര്‍ന്നു നല്‍കി. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രീതി സൂസന്‍ അലക്‌സാണ്ടര്‍ നയിച്ച ‘സെല്‍ഫ് ഗ്രൂമിങ്’ പരിശീലന പരിപാടിയും വനിതകളുടെ വലിയ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
ബാഹ്യ സ്‌പോണ്‍സര്‍ഷിപ്പുകളെയോ ഫണ്ടിംഗ് സംവിധാനങ്ങളെയോ ആശ്രയിക്കാതെ അംഗങ്ങള്‍ സ്വമേധയാ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നത് എന്നതാണ് വനിതാ ഫോറത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് സഹായഹസ്തം നീട്ടുന്ന ഈ പ്രവര്‍ത്തനരീതി പ്രവാസി സംഘടനകള്‍ക്കിടയില്‍ സ്വാശ്രയത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മികച്ച മാതൃകയായി വിലയിരുത്തപ്പെടുന്നു. സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സമയബന്ധിതമായി പിന്തുണ നല്‍കുക എന്ന സമീപനമാണ് വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം നേടിക്കൊടുക്കുന്നത്.
വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും എല്ലാ പിന്തുണയും നല്‍കുമെന്ന് ഡബ്ല്യു.എം.സി അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ ജോണി കുന്നുംപുറം, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ജനറല്‍ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറര്‍ നിവിന്‍ വില്‍ഫ്രഡ് എന്നിവര്‍ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും കൂടുതല്‍ വിപുലമാകുമെന്ന പ്രതീക്ഷയാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചത്.
World Malayalee Council America Region Dr. Susan Chandy president Alice Machery secretary













