ഇന്‍ഡിയാന: യുഎസിലെ ഇന്‍ഡിയാനയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നിരപരാധിയായ യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ 15 വയസുകാരന് 100 വര്‍ഷം തടവ്. . ആന്‍ഡേഴ്‌സണ്‍ സ്വദേശിയായ ജോ’മാജ്‌സെ ലാറ എന്ന കൗമാരക്കാരനെയാണ് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി ഡേവിഡ് ഹാപ്പെ ശിക്ഷിച്ചത്. 2025 ഫെബ്രുവരിയില്‍ നടന്ന വെടിവെപ്പില്‍ 26കാരിയായ ഡെയ്ല സ്വെയിന്‍ കൊല്ലപ്പെടുകയും മറ്റൊരു സ്ത്രീക്ക് വെടിയേല്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീ വാഹനമിടിച്ച് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മറ്റൊരു കൊലക്കേസിലെ സാക്ഷിയെ ലക്ഷ്യമിട്ടുള്ള ആക്രമണം പാളിയതിനെ തുടര്‍ന്നാണ് ഡെയ്ല സ്വെയിന്‍ കൊല്ലപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ലാറിയും സഹപ്രതിയായ 19-കാരന്‍ റഷോണ്‍ സാമുവല്‍സും ഒരുമിച്ചാണ് വിചാരണ നേരിട്ടത്. ജൂണ്‍ 30-ന് ജൂറി ഇരുവരെയും കൊലപാതകക്കുറ്റത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.
മിക്കി കോബ്ര നേഷന്‍ എന്ന ഗ്യാങിലെ നാല് അംഗങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.
വിധി പ്രസ്താവിച്ച കോടതി, ഡെയ്ല സ്വെയിന്റെ കൊലപാതകത്തിന് ലാറിക്ക് 50 വര്‍ഷം തടവും കുറ്റകൃത്യ സംഘടനയിലെ അംഗമെന്ന അധിക കുറ്റത്തിന മറ്റൊരു 50 വര്‍ഷം തടവും വിധിച്ചു. റഷോണ്‍ സാമുവല്‍സിന് കൊലപാതകക്കുറ്റത്തിന് 62 വര്‍ഷവും ആറുമാസവും തടവും അതേ കാലാവധിയിലുള്ള മറ്റൊരു ശിക്ഷയും ഉള്‍പ്പെടെ ആകെ 125 വര്‍ഷം തടവും കോടതി വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇരുവരും കുറ്റകൃത്യ സംഘത്തിലെ അംഗങ്ങളാണെന്ന അധിക കുറ്റവും സമ്മതിച്ചിരുന്നു.
കുറ്റകൃത്യ സംഘങ്ങള്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും, അവര്‍ സംഘടിതമായി കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും സാമ്പത്തിക നേട്ടത്തിനും സംഘത്തിന്റെ ലക്ഷ്യങ്ങള്‍ക്കും വേണ്ടി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ 19-കാരന്‍ കയ്‌റി ക്രേവറിന് നേരത്തെ പ്രത്യേക വിചാരണയില്‍ 90 വര്‍ഷം തടവുശിക്ഷ ലഭിച്ചിരുന്നു. നാലാമത്തെ പ്രതിയുടെ വിചാരണ ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് വിവരം.
അതേസമയം, കൊലപാതകം നടന്ന സമയത്ത് ലാറിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ലാത്തതിനാല്‍ ഇന്‍ഡിയാന നിയമപ്രകാരം 20 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷം ശിക്ഷ പുനഃപരിശോധിക്കണമെന്ന് കോടതിയോട് അപേക്ഷിക്കാന്‍ അവസരമുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 2023-ല്‍ 15-കാരനായ ജൂലിയന്‍ ക്രെയ്ഗ് കൊല്ലപ്പെട്ട കേസിലെ സാക്ഷിയെ വധിക്കാനുള്ള ശ്രമമാണ് പിന്നീട് ഡെയ്ല സ്വെയിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
15-year-old sentenced to 100 years in prison for the killing of an innocent young woman during a shootout between gangs.

















