ന്യൂഡൽഹി: മതിയായ യാത്രാരേഖകളില്ലാതെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരനെന്ന് അവകാശപ്പെട്ട 36-കാരനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ എസ് എസ് ബി യാണ് അറസ്റ്റ് ചെയ്തത്
അറസ്റ്റിലായ യുവാവ് തന്റെ പേര് ജോർദാൻ ബ്രൗൺ ആണെന്നും അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഞായറാഴ്ച സോനൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ മൈനിഹ്വ മേഖലയിൽ അതിർത്തി തൂൺ നമ്പർ 516-ന് സമീപം പതിവ് പെട്രോളിംഗിനിടെയാണ് എസ്.എസ്.ബിയുടെ 22-ാം ബറ്റാലിയൻ ഇയാളെ തടഞ്ഞത്. പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതായി അധികൃതർ അറിയിച്ചു. പിന്നാലെ അതിർത്തി സുരക്ഷാസേന ഇയാളെ പിടികൂടി.
അറസ്റ്റുസമയത്ത് ഇയാളുടെ കൈവശം പാസ്‌പോർട്ടോ വിസയോ മറ്റ് തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് മഹാരാജ്ഗഞ്ച് അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധാർഥ് അറിയിച്ചു.
തായ്‌ലൻഡിൽ പാസ്‌പോർട്ട് നഷ്ടമായെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ, പോലീസിനോട് പറഞ്ഞു. ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിലേക്ക് പോയിരുന്നുവെന്നും അവിടെ വച്ചാണ് പാസ്‌പോർട്ട് നഷ്ടപ്പെട്ടതെന്നും ബ്രൗൺ പോലീസിനോട് പറഞ്ഞു.
കൂടാതെ, താൻ അമേരിക്കൻ നാവികസേനയിലെ (യു.എസ്. നേവി) മുൻ ഉദ്യോഗസ്ഥനാണെന്നും ഇയാൾ അവകാശപ്പെട്ടു.
അന്വേഷണത്തിൽ ലഭിച്ച വിവരമനുസരിച്ച്, തായ്‌ലൻഡിൽ നിന്ന് കടൽമാർഗം ശ്രീലങ്കയിലെ ത്തിയ ബ്രൗൺ, അവിടെ നിന്ന് 2025 നവംബർ 2-ന് കടൽമാർഗം ഇന്ത്യയിലെത്തി.
തുടർന്ന് ഏകദേശം ഏഴ് മാസത്തോളം ഗോവയിൽ താമസിച്ചിരുന്നതായും പിന്നീട് ഗോവയിൽ നിന്ന് ബെംഗളൂരുവിലെത്തി, അവിടെ നിന്ന് സോനൗലി അതിർത്തിയിലെത്തി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയാ യിരുന്നുവെന്നും പോലീസ് പറഞ്ഞു.
യാത്രാരേഖകളോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെയാണ് ഇയാൾ നേപ്പാളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. അതിനിടെയാണ് ഇയാളെ പിടികൂടിയത്,” അഡീഷണൽ എസ്.പി. വ്യക്തമാക്കി.
ബ്രൗണിന്റെ കൈവശത്ത് നിന്ന് 31,460 രൂപയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
എസ്.എസ്.ബിയും മറ്റ് സുരക്ഷാ ഏജൻസികളും ചേർന്ന് പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയശേഷം തുടർ നിയമനടപടികൾക്കായി ഇയാളെ സോനൗലി പോലീസിന് കൈമാറി.
രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിന് ഇമിഗ്രേഷൻ ആൻഡ് ഫോറിൻേഴ്സ് ആക്ടിലെ 21, 23 വകുപ്പുകൾ പ്രകാരം സോനൗലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
American man detained at Nepal border without a passport; claims to be a former U.S. Navy official.,
















