ടോക്കിയോ: ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയായ ക്യൂഷു ദ്വീപിലെ കുമാമോട്ടോ പ്രദേശത്ത് ഉണ്ടായ ശക്തമായ ഭൂചലനം. ഭകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരെ ഇനിയും കണ്ടെത്താനുണ്ടെന്നും ജപ്പാന്‍ പ്രധാനമന്ത്രി സനാഎ തകൈച്ചി അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 7.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്ന് രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് കുമാമോട്ടോയിലെ കാഷിമ പട്ടണത്തിലുള്ള ഏയോണ്‍ ഷോപ്പിംഗ് മാളിന്റെ രണ്ടാം നില തകര്‍ന്നുവീണ് നിരവധി പേര്‍ കുടുങ്ങി. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാകാം കെട്ടിടം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ യാത്സുഷിറോയിലെ നിപ്പോണ്‍ പേപ്പര്‍ ഇന്‍ഡസ്ട്രീസ് ഫാക്ടറിയിലെ വലിയ ചിമ്മിനിയും തകര്‍ന്നുവീണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
കുമാമോട്ടോയിലും സമീപത്തെ നാഗസാക്കി പ്രവിശ്യയിലുമായി 2.6 ലക്ഷത്തിലധികം ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ടോക്കിയോയില്‍ നിന്ന് ഏകദേശം 900 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്ന് ദുരന്തനിവാരണ ഏജന്‍സികള്‍ അറിയിച്ചു.
Death toll rises to 13 in powerful Japan earthquake; many missing.














