pulimoottil

സെന്റ് ജോണ്‍സിലെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

സെന്റ് ജോണ്‍സിലെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍: സെന്റ് ജോണ്‍സിലെ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ മാര്‍ തോമശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ്, പരിശുദ്ധ കന്യകാമറിയം എന്നിവരുടെ സംയുക്ത തിരുന്നാളിന് ജൂലൈ മൂന്നു വെള്ളിയാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടക്കം കുറിച്ചു.ഇടവകാംഗങ്ങളുടെയും വിശ്വാസികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് തിരുനാള്‍ ദിനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന, നൊവേന, പ്രത്യേക പ്രാര്‍ത്ഥനകള്‍, ദിവ്യകാരുണ്യ ആരാധന, തിരുനാള്‍ പ്രദക്ഷിണം, ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും. ന്യൂഫൗണ്ട്‌ലാന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുക്കുന്നതിനായി സെന്റ് ജോണ്‍സിലേക്ക് എത്തിച്ചേരും.

ആത്മീയ വളര്‍ച്ചയ്ക്കും കുടുംബങ്ങളുടെ ഐക്യത്തിനും സമൂഹത്തിലെ സൗഹാര്‍ദത്തിനും പ്രാധാന്യം നല്‍കുന്ന സന്ദേശങ്ങളോടെയാണ് ഇത്തവണത്തെ തിരുനാള്‍ ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.വെള്ളിയാഴ്ച നടന്നവിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സുനോജ് തോമസ് മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. തോമസ് കളരിപറമ്പില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ജൂലൈ 4 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകണം നടക്കും. മുഖ്യ കാര്‍മികനായി മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് പങ്കെടുക്കും. സഹകാര്‍മികരായി ഫാ. നോബി തോമസ്, ഫാ. തോമസ് കളരിപറമ്പില്‍ എന്നിവര്‍ പങ്കെടുക്കും.
തിരുനാളിന്റെ സമാപന ദിവസമായ ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 5.00 മണിക്ക് ആഘോഷപൂര്‍വമായ തിരുനാള്‍ വിശുദ്ധ കുര്‍ബാന നടക്കും. മുഖ്യ കാര്‍മികന്‍ മാര്‍ ജോസ് കല്ലുവേലില്‍ പിതാവാണ്.

വൈകിട്ട് 6.30-ന് തിരുനാള്‍ പ്രദക്ഷിണവും രാത്രി 8.00 മണിക്ക് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ന്യൂഫൗണ്ട്‌ലാന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്ന സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ വാര്‍ഷിക തിരുനാളിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകര്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തു.

Devotion-filled start to the feast celebrations at St. Thomas Syro-Malabar Church, St. John’s.

Share Email
LATEST excelnclexrn
Top