മിഷിഗണ്‍: മിഷിഗണിലെ ഒരു വീടിനു തീപിടിച്ചു ആറ് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ ചിലരുടെ ശരീരത്തില്‍ വെടിയേറ്റ നിലയിലാണെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ മിഷിഗണ്‍ തടാകത്തിന് സമീപമുള്ള ഗ്രാന്‍ഡ് ഹേവന്‍ ടൗണ്‍ഷിപ്പിലെ ഒരു വീട്ടിലാണ് സംഭവം.സംഭവം അത്യന്തം സങ്കീര്‍ണവും ദുരൂഹവുമാണെന്നു ഒട്ടാവ കൗണ്ടി ഷെരീഫ് ഓഫീസിലെ ക്യാപ്റ്റന്‍ ജേക്ക് സ്പാര്‍ക്‌സ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഒരു വീട്ടില്‍ നിന്ന് വെളുത്ത പുക ഉയരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി. വീടിനുള്ളില്‍ പ്രവേശിച്ച് തീ അണയ്ക്കുന്നതി നിടെയാണ് നിരവധി പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ കയറിയപ്പോള്‍ നിരവധി പേര്‍ മരിച്ചുകിടക്കുന്നതാണ് അഗ്‌നിശമനസേന കണ്ടതെന്നു ജേക്ക് സ്പാര്‍ക്‌സ് മാധ്യമങ്ങളോട് പറഞ്ഞു.വീടിനുള്ളില്‍ എട്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ അഞ്ച് മുതല്‍ 15 വയസ് വരെ പ്രായമുള്ള ആറ് കുട്ടികളും രണ്ട് മുതിര്‍ന്നവരും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.മൃതദേഹങ്ങളില്‍ ചിലരെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറി ഞ്ഞിട്ടില്ല. മരിച്ചവരെല്ലാം ഒരേ കുടുംബാംഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരില്‍ ചിലരുടെ ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. എത്ര പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.
വീട്ടില്‍ മനഃപൂര്‍വം തീകൊളുത്തിയതാകാമെന്നും ഇത് കൊലപാതകത്തിനുശേഷമുള്ള ആത്മഹത്യ ആകാമെന്ന സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ യാതൊരു നിഗമനത്തിലും എത്താന്‍ കഴിയില്ലെന്ന് ജേക്ക് സ്പാര്‍ക്‌സ് വ്യക്തമാക്കി. മിഷിഗണ്‍ സ്റ്റേറ്റ് പോലീസിന്റെ അഗ്‌നിബാധാ അന്വേഷണ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. തീ വീടിനുള്ളില്‍ നിന്നാണ് ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ തീപിടിത്തത്തിന്റെ കൃത്യമായ കാരണവും വെടിവെപ്പിന്റെ സാഹചര്യങ്ങളും ഉള്‍പ്പെടെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണ്.
Eight people, including six children, found dead after a house fire in Michigan.
















