ഹൂസ്റ്റണ്‍: 2026-ലെ ഫോമാ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ, മാത്യു വര്‍ഗീസിന്റെ (ജോസ് ഫ്‌ളോറിഡ) നേതൃത്വത്തിലുള്ള ടീം പ്രോമിസ് പാനല്‍ അംഗങ്ങള്‍ അമേരിക്കയിലുടനീളം നടത്തിയ ശ്രദ്ധേവും സഫലവുമായ ജനസമ്പര്‍ക്ക യാത്രയ്ക്ക് അറ്റ്‌ലാന്റയില്‍ ഉജ്വല സമാപനം. ഇതോടെ പ്രചാരണത്തില്‍ അതിവേഗം മുന്നേറാന്‍ ടീം പ്രോമിസിന് സാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. ഫോമാ തിരഞ്ഞെടുപ്പില്‍ രണ്ട് പാനലുകള്‍ തമ്മിലുള്ള ശക്തമായ മത്സരത്തിനിടയില്‍, അംഗസംഘടനകളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും വ്യക്തമായ പ്രവര്‍ത്തന കാഴ്ചപ്പാടിലൂടെയും ടീം പ്രോമിസ് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ നൂറോളം കേന്ദ്രങ്ങളില്‍ ഫോമായുടെ അംഗസംഘടനകളെ സന്ദര്‍ശിച്ച ടീം പ്രോമിസ്, ചെറുതും വലുതുമായ നിരവധി സംവാദങ്ങളിലും കൂടിക്കാഴ്ചകളിലും തികഞ്ഞ ആത്മവിശ്വാസത്തോടെ പങ്കെടുത്തു. ഓരോ മേഖലയിലെയും സംഘടനാ ഭാരവാഹികളുടെയും പ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ നേരിട്ട് കേള്‍ക്കുകയും, ഫോമായുടെ ഭാവി വികസനത്തിനായുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും തങ്ങളുടെ സ്വപ്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തതാണ് ഈ സന്ദര്‍ശനങ്ങളുടെ പ്രത്യേകത.

പ്രാദേശികമായ ചര്‍ച്ചകളില്‍ സംഘടനകളുടെ പ്രതീക്ഷകളും വെല്ലുവിളികളും, യുവജനങ്ങളുടെ പങ്കാളിത്തം, വനിതാ ശാക്തീകരണം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനങ്ങള്‍, അംഗസംഘടനകളുമായുള്ള മികച്ച ഏകോപനം എന്നിവ പ്രധാന വിഷയങ്ങളായി ഉയര്‍ന്നുവന്നു. ഈ നിര്‍ദേശങ്ങള്‍ ഭാവി പ്രവര്‍ത്തന പദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്ന് ടീം പ്രോമിസ് നേതാക്കള്‍ ഉറപ്പുനല്‍കുകയും ചെയ്തു.



ടീം പ്രോമിസിന്റെ മുദ്രാവാക്യമായ ‘വിശ്വാസം, സത്യസന്തത, ഉത്തരവാദിത്വം, സുതാര്യത എന്നിവയിലൂന്നിയ ആശയങ്ങള്‍ക്കും കര്‍മപരിപാടികള്‍ക്കും വിവിധയിടങ്ങളില്‍ വന്‍ സ്വീകാര്യത നേടിയതായി സംഘാടകര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഒരു വോട്ടഭ്യര്‍ഥനയായി മാത്രം കാണാതെ, ഫോമായുടെ ഭാവി രൂപപ്പെടുത്താനുള്ള സംവാദ വേദിയായി മാറ്റുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

മാത്യു വര്‍ഗീസ് പ്രസിഡന്റായിട്ടുള്ള പാനലിലെ സ്ഥാനാര്‍ഥികള്‍ വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും, ഫോമായെ കൂടുതല്‍ ശക്തവും പ്രവര്‍ത്തനക്ഷമവുമായ ദേശീയ സംഘടനയാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അംഗസംഘടനകളുടെ പിന്തുണയും പ്രോത്സാഹനവും ടീം പ്രോമിസിന് ആത്മവിശ്വാസം പകരുന്നതായി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.



ഹൂസ്റ്റണില്‍ നടക്കുന്ന 2026 ഫോമാ കണ്‍വെന്‍ഷനില്‍ തിരഞ്ഞെടുപ്പ് ആവേശം ആകാശത്തോളം ഉയരുന്നതിനിടെ, അംഗങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള ടീം പ്രോമിസിന്റെ ഈ വിപുലമായ ജനസമ്പര്‍ക്ക യാത്ര ഫോമാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. മാത്യു വര്‍ഗീസിന് പുറമെ അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), റ്റിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍), രേഷ്മ രഞ്ചന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ടീം പ്രോമീസിന്റെ ജനകീയാടിത്തറയുള്ള മല്‍സരാര്‍ത്ഥികള്‍.
FOMA Election 2026: Gaining nationwide attention across the US, Team Promise concludes its outreach campaign in Atlanta.















