ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല് ദിവസങ്ങളില്‍ നിന്ന് അഞ്ചു ദിവസമായി വിപുലീകരിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി 2026-2028 ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ടീം വോയ്സ് ഓഫ് ഫോമാ രംഗത്തെത്തി. സംഘടനയുടെ ഭാവിയെ മുന്‍നിര്‍ത്തിയുള്ള ദീര്‍ഘകാല വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നിര്‍ണായക വാഗ്ദാനമെന്ന് ടീം നേതൃത്വം വ്യക്തമാക്കി. നിലവിലെ 2026 കണ്‍വെന്‍ഷന്‍ നാല് ദിവസമാണ് നടക്കുന്നത്.
അഞ്ചു ദിവസത്തെ കണ്‍വെന്‍ഷനില്‍ ഒരു ദിവസം മുഴുവനായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാത്രം സമര്‍പ്പിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഫോമായുടെ അടുത്ത തലമുറയെ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ സജീവമായി ആകര്‍ഷിക്കുകയും, ഭാവി നേതൃനിരയെ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടീം വോയ്സ് ഓഫ് ഫോമായുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ വ്യക്തമാക്കി. ‘ഫോമാ ഫാമിലി വെക്കേഷന്‍ കണ്‍വന്‍ഷന്‍’ എന്ന ആശയം കൂടി മുന്‍നിര്‍ത്തിയാണ് പ്രസ്തുത തീരുമാനം.

ടീമിന്റെ അഭിപ്രായത്തില്‍, ഫോമാ ഒരു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്ന സംഘടന മാത്രമല്ല, തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമാണ്. അതിനാല്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും അവരുടെ കഴിവുകള്‍ അവതരിപ്പിക്കാനും, നേതൃത്വപരമായ പരിശീലനങ്ങള്‍ നേടാനും, ആശയവിനിമയവും വ്യക്തിത്വവികസനവും മെച്ചപ്പെടുത്താനും പ്രത്യേക വേദി ഒരുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഈ പ്രത്യേക ‘യൂത്ത് ആന്‍ഡ് കിഡ്സ് ഡേ’യില്‍ നേതൃത്വ പരിശീലന ശില്‍പ്പശാലകള്‍, സംരംഭകത്വ സെമിനാറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സാങ്കേതികവിദ്യ, കരിയര്‍ ഗൈഡന്‍സ്, കോളേജ് അഡ്മിഷന്‍ കൗണ്‍സിലിംഗ്, പബ്ലിക് സ്പീക്കിംഗ്, ഡിബേറ്റ്, ക്വിസ്, റോബോട്ടിക്സ്, കലാ-സാംസ്‌കാരിക മത്സരങ്ങള്‍, കായിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കയില്‍ ജനിച്ച് വളരുന്ന മലയാളി കുട്ടികള്‍ക്ക് അവരുടെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും കൂടുതല്‍ അടുത്തറിയാനും, വിവിധ സംസ്ഥാനങ്ങളിലെ മലയാളി യുവജനങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കാനും ഈ ദിനം സഹായകരമാകുമെന്ന് ടീം നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
‘ഇന്നത്തെ യുവാക്കളാണ് നാളത്തെ ഫോമാ നേതൃത്വം’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ടീം വോയ്സ് ഓഫ് ഫോമാ നേതാക്കള്‍ പറഞ്ഞു. സംഘടനയുടെ ഭാവി ശക്തിപ്പെടുത്താന്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള സ്ഥിരമായ വേദിയാണ് ഈ അഞ്ചാം ദിനമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാനും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും അഞ്ചു ദിവസത്തെ കണ്‍വെന്‍ഷന്‍ സഹായകമാകുമെന്നും ടീം വിലയിരുത്തുന്നു. സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം, ബിസിനസ് നെറ്റ്വര്‍ക്കിംഗ്, വനിതാ ശാക്തീകരണം, യുവജന വികസനം എന്നീ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമഗ്രമായ കണ്‍വെന്‍ഷന്‍ മാതൃകയാണ് വിഭാവനം ചെയ്യുന്നതെന്നും അവര്‍ അറിയിച്ചു.
2026-2028 കാലയളവിനായി അവതരിപ്പിക്കുന്ന ഈ പദ്ധതി, ‘ഭാവിയെ ലക്ഷ്യമിടുന്ന ഫോമാ’ എന്ന ആശയത്തിന്റെ പ്രതിഫലനമാണെന്നാണ് ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ടീം ഫോമായുടെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു. തലമുറകളെ ഒരുമിപ്പിക്കുകയും, കുട്ടികളെയും യുവജനങ്ങളെയും സംഘടനയുടെ കേന്ദ്രസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഈ നിര്‍ദ്ദേശം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
FOMAA Convention to Be Extended to Five Days; One Full Day to Be Dedicated Exclusively to Children and Youth
















