സജി പുല്ലാട്
ഹൂസ്റ്റണ്‍: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമാ) എന്ന ഏറ്റവും വലിയ പ്രവാസി സംഘടനയുടെ 2026- 2028 കാലയളവിലേക്കുള്ള റീജിയന്‍ വൈസ് പ്രസിഡണ്ടായി (ആര്‍വിപി) രാജേഷ് മാത്യു മത്സരിക്കുന്നു.ഫോമാ സതേണ്‍ റീജിയന്‍ ചെയര്‍മാനായ ഇദ്ദേഹം തിളക്കമാര്‍ന്ന വിജയ പ്രതീക്ഷയോടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
യുഎഇയിലെ റാസല്‍ഖൈമയില്‍ 30 വര്‍ഷത്തോളം വിവിധ സാമൂഹിക സാമുദായിക സംഘടനകളില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജേഷ് മാത്യു 2021 ലാണ് അമേരിക്കയിലെത്തുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍(മാഗ്)ന്റെ സജീവ പ്രവര്‍ത്തകനായി തുടക്കം കുറിച്ച് കഴിവു തെളിയിച്ച ഇദ്ദേഹം പിന്നീട് ഫോമാ എന്ന സംഘടനയുടെ സതേണ്‍ റീജിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചു.സതേണ്‍ റീജിയന്‍ അമേരിക്കയിലും കേരളത്തിലും നടത്തിയ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. കാന്‍കൂണ്‍, പുന്റക്കാന, കേരളം എന്നിവിടങ്ങളില്‍ നടത്തിയ കണ്‍വെന്‍ഷനുകളിലും പ്രധാന പങ്കു വഹിച്ചിട്ടുള്ള ഒരു സഭാ വിശ്വാസി കൂടിയായ രാജേഷ് ഹൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ഇടവക ട്രസ്റ്റി കൂടിയാണ്
കേരളത്തിലെ വിദ്യാഭ്യാസത്തിനുശേഷം ഡല്‍ഹിയില്‍ ജോലിയില്‍ ഇരിക്കവേയാണ് ദുബായിലെത്തിയതും പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയതും.സതേണ്‍ റീജിയന്റെ നിരവധി പദ്ധതികള്‍ കാലതാമസം കൂടാതെ യാഥാര്‍ത്ഥ്യമാക്കി ഫോമായുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ ശബ്ദം ദേശീയതലത്തില്‍ ഉയര്‍ത്തി മാതൃകാപരമായ പ്രവര്‍ത്തനം പൊതുസമൂഹത്തിന് മുന്നില്‍ കാഴ്ചവയ്ക്കുക എന്നുള്ളതുമാണ് രാജേഷിന്റെ ലക്ഷ്യം.
അനുഭവ ജ്ഞാനവും, സമര്‍പ്പണ മനോഭാവവും, സത്യസന്ധതയും, പക്വതയുമാണ് രാജേഷ് മാത്യുവിനെ തികച്ചും വ്യത്യസ്തനാക്കുന്നതെന്നും ആ സവിശേഷത ഫോമാ എന്ന വലിയ സംഘടനയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും സമൂഹം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
വിവിധ സംഘടനകളിലുള്ള തന്റെ പ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്തും, വിശ്വാസ്യതയും, സാമൂഹിക പ്രതിബദ്ധതയും കൈമുതലായുള്ള രാജേഷ് മാത്യു ഏവരുടെയും ആത്മാര്‍ത്ഥമായ പിന്തുണയും ഒപ്പം പ്രാര്‍ത്ഥനയും ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
FOMAA RVP candidate Rajesh Mathew hopeful of victory.
















