pulimoottil

ഉഷ്ണതരംഗം: ന്യൂജേഴ്‌സിയില്‍ 25 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

ഉഷ്ണതരംഗം: ന്യൂജേഴ്‌സിയില്‍ 25 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂജേഴ്‌സി: അമേരിക്കയിലെ പല മേഖലകളിലും ദിവസങ്ങളായി തുടരുന്ന ഉഷ്ണതംരത്തെ തുടര്‍ന്ന് ന്യൂ ജേഴ്‌സിയില്‍ 25 ലധികം ആളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യ, കിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുകളിലായി രൂപപ്പെട്ട ‘ഹീറ്റ് ഡോം’ മൂലമാണ് ഈ മരണങ്ങള്‍ സംഭവിച്ചതെന്ന് ന്യൂജഴ്സി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എയര്‍ കണ്ടീഷന്‍ സൗകര്യമില്ലാത്ത വീടുകളിലാണ് മരിച്ചവരിലേറെയും കാണപ്പെട്ടത്.ചിലര്‍ വീടിന് പുറത്തും ചിലര്‍ തെരുവിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കുള്ളിലും മരിച്ച നിലയിലായിരുന്നുവെന്നു ന്യൂജഴ്സി ആരോഗ്യ കമ്മിഷണര്‍ ഡോ. റെയ്നാര്‍ഡ് വാഷിങ്ടണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ വ്യാഴാഴ്ച മുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതായും, അവയില്‍ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ മധ്യ, വടക്കന്‍ മേഖലകളിലാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂജഴ്സി ഉള്‍പ്പെടെ അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശങ്ങളിലെ സംസ്ഥാനങ്ങളില്‍ 90 ഫാരന്‍ഹീറ്റിന് മുകളിലും ചിലയിടങ്ങളില്‍ 100 ഫാരന്‍ഹീറ്റിന് മുകളിലുമെത്തുന്ന അതിതീവ്ര ചൂടാണ് അനുഭവപ്പെട്ടത്.

അതിനിടെ ഇല്ലിനോയിസിലെ ഫോക്‌സ് ടൗണ്‍ഷിപ്പിലും ശക്തമായ കാറ്റില്‍ മരം കടപുഴകി ഒരു ക്യാമ്പര്‍ ട്രെയിലറിന് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് അതിനുള്ളിലുണ്ടായിരുന്ന 47 വയസ്സുകാരി മരിച്ചു.കിഴക്കന്‍ തീരത്ത് ഫ്‌ലോറിഡയിലെ ജാക്സണ്‍വില്‍ മുതല്‍ ഫിലഡല്‍ഫിയ വരെ ഹീറ്റ് അഡൈ്വസറി തുടരുകയാണ്. അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇന്‍ഡക്‌സ്) 100 ഫാരന്‍ഹീറ്റിന് മുകളിലെത്തുമെന്നാണ് വിലയിരുത്തല്‍.

തുടര്‍ച്ചയായ അതിശക്തമായ ചൂടിന് പിന്നാലെ ഞായറാഴ്ച മിഡ്-അറ്റ്ലാന്റിക്, തെക്കന്‍ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ വീണ്ടും ശക്തമായ ഇടിമിന്നല്‍, കനത്ത മഴ, മിന്നല്‍, ആലിപ്പഴവര്‍ഷം, മിന്നല്‍പ്രളയം (ഫ്‌ലാഷ് ഫ്ളഡ്) എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വിര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്വില്‍ മുതല്‍ വടക്കന്‍ ന്യൂജഴ്സി വരെ, ബാള്‍ട്ടിമോര്‍, ഫിലഡല്‍ഫിയ, വാഷിങ്ടണ്‍ ഡി.സി. എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മണിക്കുശേഷം ശക്തിപ്രാപിക്കുന്ന മഴയും കാറ്റും രാത്രി വൈകിയും തുടരുമെന്നാണ് പ്രവചനം.

തെക്കന്‍ സംസ്ഥാനങ്ങളില്‍ ആഴ്ചയുടെ തുടക്കത്തിലും ചൂടും ഉയര്‍ന്ന ഈര്‍പ്പവും തുടരുമെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നിലധികം ദിവസങ്ങളായി തുടരുന്ന ഉഷ്ണതരംഗത്തിന് ഞായറാഴ്ചയോടെ ശമനമുണ്ടാകുമെന്നാണ് പ്രവചനം. ന്യൂയോര്‍ക്ക് നഗരത്തില്‍ ഞായറാഴ്ച ഉയര്‍ന്ന താപനില 80 ഫാരന്‍ഹീറ്റിന്റെ അവസാന ഭാഗത്തും ബോസ്റ്റണില്‍ 70 ഫാരന്‍ഹീറ്റിന്റെ പരിധിയിലുമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

Heatwave: 25 deaths reported in New Jersey.

Share Email
LATEST excelnclexrn
More Articles
Top