ലണ്ടണ്‍: ബ്രിട്ടണില്‍ ഈ വര്‍ഷം ജൂണില്‍ അനുഭവപ്പെട്ട ഉഷ്ണതരംഗം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടി ഉണ്ടാക്കിയതായി പഠന റിപ്പോര്‍ട്ട്.ഉഷ്ണതരംഗം സമ്പദ്വ്യവസ്ഥയ്ക്ക് 1.5 ബില്യണ്‍ ഡോളറിന്റെ തിരിച്ചടിയാണ് സമ്മാനിച്ചത്. കൂടാതെ 2.4 കോടി തൊഴില്‍ മണിക്കൂറുകള്‍ നഷ്ടമായയെന്നും പഠനം വ്യക്തമാക്കുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ജോലി സമയം കുറച്ചതോടെ 2.4 കോടി (24 മില്യണ്‍) തൊഴില്‍ മണിക്കൂറുകളാണ് നഷ്ടമായത്.ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഗ്രാന്‍തം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും യൂറോ-മെഡിറ്ററേനിയന്‍ സെന്റര്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചും ചേര്‍ന്നാണ് പഠനം നടത്തിയത്.
നിര്‍മാണം, കാര്‍ഷികം തുടങ്ങിയ വലിയ ശാരീരിക അധ്വാനം ആവശ്യമായ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ചൂട് മൂലം ജോലി സമയം ഗണ്യമായി കുറച്ചു.അതേസമയം, അധ്യാപനം, ഗവേഷണം പോലുള്ള ചൂടിന്റെ സ്വാധീനം താരതമ്യേന കുറവുള്ള മേഖലകളിലെ ജീവനക്കാര്‍ക്ക് ആഘാതം കുറവായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ജൂണ്‍ 22-ന് ആരംഭിച്ച ആഴ്ചയില്‍ ഓരോ തൊഴിലാളിക്കും ശരാശരി 28 മിനിറ്റ് ജോലി സമയം നഷ്ടപ്പെട്ടതായി പഠനം കണ്ടെത്തി. യുകെയിലെ 1,950 മുതിര്‍ന്നവരില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 3.6 ശതമാനം പേര്‍, അതായത് രാജ്യത്താകെ കണക്കാക്കിയാല്‍ ഏകദേശം 12.5 ലക്ഷം തൊഴിലാളികള്‍, ഉഷ്ണതരംഗം കാരണം ആ ആഴ്ചയില്‍ ഒരു ദിവസവും ജോലിക്ക് പോയില്ലെന്നാണ് റിപ്പോര്‍ട്ട്.പഠനത്തില്‍ പങ്കെടുത്തവരില്‍ 87 ശതമാനം പേരും ചൂട് മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചതായി പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ രാജ്യം ഇപ്പോഴും വേണ്ടത്ര സജ്ജമായിട്ടില്ലെന്നാണ് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. അതിശക്തമായ ചൂടിനെ സര്‍ക്കാര്‍ ഇനി അവഗണിക്കാനാവില്ല. അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഗ്രാന്‍തം റിസര്‍ച്ച് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Heatwave deals a major blow to Britain’s economy: 24 million working hours lost.
















