pulimoottil

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് മുതൽ;സ്കോച്ച് വിസ്‌കിക്കും ചോക്ലേറ്റിനും കാറുകൾക്കും വില കുറയും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് മുതൽ;സ്കോച്ച് വിസ്‌കിക്കും ചോക്ലേറ്റിനും കാറുകൾക്കും വില കുറയും

ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. ഇതോടെ ബ്രിട്ടനിൽ നിന്നുള്ള സ്കോച്ച് വിസ്കി, ജിൻ, ചോക്ലേറ്റ്, ബിസ്ക്കറ്റ്, കാറുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്ക് ഇന്ത്യയിൽ വില കുറയും. സ്കോച്ച് വിസ്കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് 75 ശതമാനമായി കുറയും. കൂടാതെ, ബ്രിട്ടീഷ് കാറുകളുടെ ഇറക്കുമതി നികുതി അടുത്ത 10 വർഷം കൊണ്ട് നിലവിലെ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയും. എന്നാൽ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയെ സംരക്ഷിക്കാൻ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുകെയിൽ നികുതിരഹിത പ്രവേശനം; കർഷകർക്ക് ആശങ്ക വേണ്ട

ഈ കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പേകും. ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി 99 ശതമാനം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും നികുതിയില്ലാതെ ബ്രിട്ടീഷ് വിപണിയിൽ പ്രവേശിക്കാം. അതേസമയം, ഇന്ത്യൻ കർഷകരുടെയും ചെറുകിട ക്ഷീരകർഷകരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പാൽ ഉൽപ്പന്നങ്ങൾ, ആപ്പിൾ, അരി, പഞ്ചസാര, ചീസ്, മുട്ട, കോഴിയിറച്ചി എന്നിവയെ ഇറക്കുമതി തീരുവ ഇളവുകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

പ്രവാസികൾക്ക് ശമ്പള ലാഭം; വ്യാപാര രംഗത്ത് വൻ വളർച്ചാ പ്രതീക്ഷ

യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് (പ്രത്യേകിച്ച് ഐടി ജീവനക്കാർക്ക്) വലിയ സാമ്പത്തിക നേട്ടം നൽകുന്ന ‘ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ’ ജൂലൈ 15 മുതൽ നിലവിൽ വരും. ഇതോടെ ബ്രിട്ടനിലെ സോഷ്യൽ സെക്യൂരിറ്റി വിഹിതം ഒഴിവാക്കി പ്രവാസികൾക്ക് ആ തുക ഇന്ത്യയിലെ പിഎഫ് അക്കൗണ്ടിലേക്ക് മാറ്റാനും ശമ്പളത്തിന്റെ 25 ശതമാനത്തോളം ലാഭിക്കാനും സാധിക്കും. 2025-26ൽ 25.13 ബില്യൺ ഡോളറായി ഉയർന്ന ഉഭയകക്ഷി വ്യാപാരം, ഈ കരാറിലൂടെ 2040 ഓടെ യുകെയിലേക്കുള്ള കയറ്റുമതിയിൽ 60 ശതമാനവും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 25 ശതമാനവും വർദ്ധനവ് കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top