pulimoottil

കെ. കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ്; അടുത്ത അധ്യയനവര്‍ഷം 100 എം.ബി.ബി.എസ് സീറ്റില്‍ പ്രവേശനത്തിന് തത്വത്തില്‍ അംഗീകാരം

കെ. കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ്; അടുത്ത അധ്യയനവര്‍ഷം 100 എം.ബി.ബി.എസ് സീറ്റില്‍ പ്രവേശനത്തിന് തത്വത്തില്‍ അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജായ കെ. കരുണാകരന്‍ മെമ്മോറിയല്‍ ഗവ. മെഡിക്കല്‍ കോളജില്‍ അടുത്ത അധ്യയന വര്‍ഷം 100 എം.ബി.ബി.എസ് സീറ്റില്‍ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ തത്വത്തില്‍ അംഗീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘവുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോടികള്‍ മുടക്കി 10 വര്‍ഷം മുമ്പ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാന്‍ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനോടകം 1,100 കുട്ടികള്‍ക്ക് ഇവിടെ എം.ബി.ബി.എസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി കെ. മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ ആരംഭിക്കുന്നതിനുള്ള പ്രൊപോസല്‍ സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ട്രോമ കെയര്‍ സെന്റര്‍ ആരംഭിക്കാനുള്ള സഹായം കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സിന്റെ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രമന്ത്രി നദ്ദ തത്വത്തില്‍ അംഗീകരിച്ചു.

കേരളത്തിലെ മൂന്ന് മെന്റല്‍ ഹെല്‍ത്ത് സെന്ററുകളുടെയും നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ സഹായം നല്‍കുമെന്നും പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി വാക്സിന്‍ നല്‍കുന്നതിനും കേന്ദ്രസഹായം കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. എന്‍.എച്ച്.എമ്മിനുള്ള ഫണ്ട് കേരളത്തിന് അപര്യാപ്തമാണെന്ന് കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തി. ഫണ്ട് കഴിയുന്ന മുറയ്ക്ക് പരിധി വര്‍ദ്ധിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി വാഗ്ദാനം നല്‍കി. സാംക്രമികേതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ചില ക്യാന്‍സര്‍ മരുന്നുകള്‍ കൂടാതെ ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചില മരുന്നുകളുടെ ആവശ്യകതയും കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തി. ഈ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ജെ. പി. നദ്ദ പറഞ്ഞു. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള കേന്ദ്രസഹായം വര്‍ദ്ധിപ്പിക്കും.

കേരളത്തിന്റെ ആരോഗ്യമേഖല കുറ്റമറ്റരീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നതായും കേരളത്തിന്റെ ആവശ്യങ്ങളോട് പോസിറ്റീവായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി.

K. Karunakaran Memorial Medical College: In-principle approval for admission to 100 MBBS seats in the next academic year.

Share Email
Top