നിര്‍മല ജോസഫ്
ന്യൂയോര്‍ക്ക്: പി. ടി. പൗലോസ് എന്ന അക്ഷരസ്‌നേഹിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമാകുന്നത് സത്യസന്ധനായ ഒരെഴുത്തുകാരനെയും പ്രഗത്ഭനായ ഒരു നടനെയും, നാടക സംവിധായകനെയും ധീരനായ ഒരു പത്രപ്രവര്‍ത്തകനെയുമാണ്. ജീവിതത്തിലും എഴുത്തിലും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിത്വത്തിനുടമയാണ് പി. ടി. തന്റെ എഴുത്തിലൂടെ അദ്ദേഹം സൗമ്യമായി കലഹിച്ചു, ശാന്തനായി ഗര്‍ജിച്ചു, തനിക്കു മുന്നില്‍ കണ്ട അനീതികളോട് മുഖം നോക്കാതെ പ്രതികരിച്ചു. അപ്രിയ സത്യങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടി. അപ്പോഴും ആരോടും പരിഭവിക്കാതെ, സൗഹൃദങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ ഈ എഴുത്തുകാരന്‍ ഏറെ ശ്രദ്ധിച്ചു.
പി. ടി. പൗലോസ് എന്ന എഴുത്തുകാരനെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ന്യൂയോര്‍ക്ക് സര്‍ഗവേദിയുടെ ഒത്തുകൂടലുകളിലായിരുന്നു. സര്‍ഗവേദിയുടെ പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം അവിടുത്തെ സജീവ സാന്നിധ്യമായിരുന്നു. ആരവങ്ങളില്ലാതെ, നിശബ്ധനായി, പി. ടി. തന്റെ റോളുകള്‍ ഏറ്റവും ഭംഗിയായി ചെയ്തു. ലാനയുടെ മീറ്റിങ്ങുകളിലെ അദ്ദേഹത്തിന്റെ സൗമ്യസാന്നിദ്ധ്യവും ഉജ്ജ്വലമായ പ്രഭാഷണങ്ങളും നമുക്ക് പരിചിതമാണ്.
കഥകളും, നാടകങ്ങളും, ലേഖനങ്ങളുമായി ആറു പുസ്തകങ്ങള്‍ രചിച്ച പി. ടി. പൗലോസ് പ്രഗത്ഭ നായ ഒരു നടനും, നാടക സംവിധായകനും, പത്രപ്രവര്‍ത്തകനുമായിരുന്നു. തന്റെ സ്‌നേഹ സൗഹൃദങ്ങളെക്കുറിച്ചും നാടകത്തെക്കുറിച്ചും 25 വര്‍ഷത്തെ കല്‍ക്കട്ട ജീവിതത്തെക്കുറിച്ചും സംസാരിച്ച പൗലോസിന്റെ വാക്കുകള്‍ക്ക് ആഴവും വ്യാപ്തിയും വാചാലതയും ഏറെയായിരുന്നു. നൊമ്പരപ്പെടുത്തുന്ന ജീവിതാനുഭങ്ങളെക്കുറിച്ചും നാടകീയ സമാനമായ ജീവിതത്തെക്കുറിച്ചും വിവരിക്കുമ്പോള്‍ ഈ മനുഷ്യന്‍ ഒരു അസാമാന്യമായ താപസ്സ നിസ്സംഗതയും കൈവരിച്ചിരുന്നു.
ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) മെമ്പറും സജീവ പ്രവര്‍ത്ത കനും ആയിരുന്ന പ്രിയ പൗലോസിന്റെ നിര്യാണത്തില്‍ ലാനയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പി. ടി. പൗലോസിന്റെ കുടുംബാംഗങ്ങളുടെ വേദനയില്‍ ലാനാ കുടുംബാംഗങ്ങളും പങ്കുചേരുന്നു.
അദ്ദേഹത്തോടുള്ള ആദര സൂചകമായി അനുശോചന മീറ്റിംഗ് ഇന്ന് വൈകുന്നേരം 8 PM CST/ 9PM EST സൂം വഴി കൂടുന്നു. എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സൂം മീറ്റിംഗ് ഐ. ഡി. 880 4102 2780. കൂടുതല്‍ വിവരങ്ങള്‍ ലാന പ്രസിഡന്റ് ശാമുവേല്‍ യോഹന്നാനില്‍ നിന്നും (+1 214 435 0124) ലഭിക്കും.
LANA’s condolence meeting for the demise of P. T. Paulose is today.














