മാഡിസണ്‍ (വിസ്‌കോണ്‍സിന്‍): വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തെ മാഡിസണില്‍ കഴിഞ്ഞദിവസമുണ്ടായ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടയാണെ തിരിച്ചറിഞ്ഞു. കോറി റൂയിസ്(30) ആണ് കൊല്ലപ്പെട്ടത്. പോലീസ് വെടിവെയ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ ഈ മേഖലയില്‍ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്ച്ച പോലീസുകാരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ റൂയിസ് കത്തി പുറത്തെടുത്തതിനെ തുടര്‍ന്നാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് മാഡിസണ്‍ പോലീസ് പറയുന്നത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് കുത്തേറ്റതായും അധികൃതര്‍ പറഞ്ഞു.
ഇതിനിടെ വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിഷേധക്കാര്‍ ഇടപെട്ടതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ച ഒരാള്‍ മൈക്ക് കൈയിലെടുത്ത് വെടിയുതിര്‍ത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സംഭവം ഇപ്പോഴും അന്വേഷണത്തിന്റെ ഭാഗമാണെന്ന് മാഡിസണ്‍ പോലീസ് മേധാവി ജോണ്‍ പാറ്റേഴ്‌സണ്‍ പറഞ്ഞു. അന്വേഷണം വിസ്‌കോണ്‍സിന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷനാണ് നടത്തുന്നത്. വെടിയുതിര്‍ത്ത ഉദ്യോഗസ്ഥന്റെ പേര് അന്വേഷണ നടപടികള്‍ക്ക് ശേഷം പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.മാഡിസണ്‍ മേയര്‍ സത്യ റോഡ്‌സ്-കോണ്‍വേയും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.’ആരായാലും, എന്ത് പശ്ചാത്തലമുള്ളവരായാലും, പോലീസുമായുള്ള ഏറ്റുമുട്ടലിന്റെ ഫലമായി ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല. ഈ സംഭവത്തില്‍ കര്‍ശനമായ അന്വേഷണം നടത്തും,’ മേയര്‍ പറഞ്ഞു.
ഔദ്യോഗിക രേഖകള്‍ പ്രകാരം 2009 മുതല്‍ 2025 വരെ റൂയിസിനു നിരവധി ക്രിമിനല്‍ കേസുകളില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മാഡിസണ്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തക ജാസ്മന്‍ ബ്രൗണ്‍ പറയുന്നത്, റൂയിസ് ഒരു പിതാവായിരുന്നുവെന്നും ഭവനരഹിതാവസ്ഥയും മാനസികാരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്നുവെന്നുമാണ്.’20 വര്‍ഷത്തിലേറെയായി കോറിയെ അറിയാം. അദ്ദേഹം സ്‌നേഹസമ്പന്നനായ വ്യക്തിയായിരുന്നു. എവിടെയെത്തിയാലും ആ ഇടം സജീവമാക്കുന്ന ആളായിരുന്നു,’ ബ്രൗണ്‍ പറഞ്ഞു.റൂയിസിന്റെ സ്മരണയ്ക്കായി വ്യാഴാഴ്ച വൈകിട്ട് മെഴുകുതിരി തെളിയിക്കല്‍ ചടങ്ങും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചതായും അവര്‍ അറിയിച്ചു.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
ദൃശ്യങ്ങളില്‍ റൂയിസിനെ പോലീസ് നിലത്ത് അമര്‍ത്തിപ്പിടിക്കുന്നതും, ‘വിടൂ’, ‘അയാളുടെ കൈയില്‍ കത്തിയുണ്ട്’, ‘ടേസര്‍’ എന്നിങ്ങനെ ആളുകള്‍ വിളിച്ചുപറയുന്നതും കേള്‍ക്കാം. ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മൂന്ന് തവണ വെടിയുതിര്‍ക്കുന്നതായും വീഡിയോയില്‍ കാണാം.സംഭവത്തില്‍ പങ്കെടുത്ത നാല് പോലീസുകാരെയും അന്വേഷണത്തിന്റെ ഭാഗമായി അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചു.
Man killed in Madison police shooting identified; protests in the area intensify.
















