pulimoottil

ചെന്നൈ ലോബിയുടെ ‘അധിനിവേശ’ത്തിനെതിരെ അമേരിക്കന്‍ സി.എസ്.ഐ സഭാ സ്‌നേഹികളുടെ വന്‍ പ്രതിഷേധം

ചെന്നൈ ലോബിയുടെ ‘അധിനിവേശ’ത്തിനെതിരെ അമേരിക്കന്‍ സി.എസ്.ഐ സഭാ സ്‌നേഹികളുടെ വന്‍ പ്രതിഷേധം

ഹൂസ്റ്റണ്‍: സാമ്രാജ്യത്വ ശക്തികളുടെ കറുത്ത കരങ്ങളെ കടപുഴക്കിയെറിഞ്ഞ തിളക്കമാര്‍ന്ന ‘കൂനന്‍ കുരിശ്’ ചരിത്രത്തിന് സമാനമായ വന്‍ പ്രതിഷേധ കൊടുങ്കാറ്റിലേക്ക് നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ സഭാ സ്‌നേഹികള്‍ തയ്യാറെടുക്കുന്നു. മലയാളി വിശ്വാസികള്‍ ദശാബ്ദങ്ങളോളം രക്തവും വിയര്‍പ്പും ഒഴുക്കി പടുത്തുയര്‍ത്തിയ പള്ളികളും സ്വത്തുക്കളും കുതന്ത്രങ്ങളിലൂടെ തട്ടിയെടുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന തമിഴ് ചെന്നൈ ലോബിക്കെതിരെ തുരത്തല്‍ പ്രഖ്യാപനവുമായി വിശ്വാസി സമൂഹം രംഗത്തെത്തിയത് ശ്രദ്ധേയമായി.

മധ്യകേരള രൂപതയുടെ തണലില്‍, അറുപതും എഴുപതും വര്‍ഷം മുന്‍പ് അമേരിക്കയിലെത്തിയ മലയാളി സഭാപിതാക്കന്മാര്‍ നട്ടുവളര്‍ത്തിയ ആത്മീയ അടിത്തറയുടെ ‘വിളവെടുപ്പിനാണ്’ ചെന്നൈ കേന്ദ്രീകരിച്ചുള്ള ലോബി ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡാളസിലെ മലയാളി വികാരിയെ പുറത്താക്കി തമിഴ് പുരോഹിതനെ നിയമിച്ചെങ്കിലും, രണ്ടു മാസത്തിനകം വിശ്വാസികള്‍ സംഘടിച്ച് നിയമപോരാട്ടത്തിലൂടെ അയാളെ ചവിട്ടിപ്പുറത്താക്കിയിരുന്നു. ഈ വിദ്വാനോടൊപ്പം പുറത്തു പോയവരാണ് ഇപ്പോള്‍ കോണ്‍ഫറന്‍സുകളും ഡയസ്‌പോറ ഡയോസീസ് സ്ഥാപിക്കുന്നതിനുമായി മുമ്പില്‍ നില്‍ക്കുന്നത്. ഇത് ഒരു സൂചനയായി കരുതിയാണ് ബാക്കിയുള്ള മലയാളികള്‍ സംഘടിച്ചത്. തങ്ങളുടെ പള്ളികള്‍ നിലനിര്‍ത്താന്‍ പോരാടുന്നത്. ‘ഡയസ്‌പോറ ഡയോസീസ്’ എന്ന വഞ്ചനാപരമായ പ്രസ്ഥാനത്തിന് രൂപം നല്‍കി സഭയെ പിടിച്ചെടുക്കാനാണ് ഇവരുടെ കുടില നീക്കം.

സി.എസ്.ഐ കാരായ മലയാളികള്‍ നോര്‍ത്ത് അമേരിക്കയില്‍ 40-50 വര്‍ഷം മുമ്പ് കുടിയേറി തങ്ങളുടെ രക്തവും വിയര്‍പ്പും ഇറ്റിച്ച് കെട്ടിപ്പൊക്കിയതാണ് ഈ സഭകള്‍. അവര്‍ക്ക് തണലായി മധ്യകേരള രൂപത നിന്നു. അച്ചന്‍മാരെ ഡെപ്യൂട്ടേഷനില്‍ കൊടുത്തു സഭ വളര്‍ത്തി. വര്‍ഷം തോറും കേരളത്തില്‍ നിന്ന് ബിഷപ്പ് ഈ സഭകള്‍ സന്ദര്‍ശിക്കുകയും ആത്മീക ശുശ്രൂഷകള്‍ നല്‍കിപ്പോരുകയും ചെയ്യുന്നു.

സി.എസ്.ഐ ഭരണഘടനാ പ്രകാരം ദക്ഷിണേന്ത്യയില്‍ മാത്രം പ്രവൃത്തി സ്വാതന്ത്ര്യമുള്ള ഒരു പ്രാദേശിക സഭയാണിത്. ഉത്തരേന്ത്യയില്‍ പോലും രൂപത സ്ഥാപിക്കാന്‍ അധികാരമില്ലാത്തവരാണ് അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ മലയാളികളുടെ കോടികള്‍ വിലമതിക്കുന്ന പള്ളികളും വസ്തുവകകളും തട്ടിയെടുക്കാന്‍ വ്യാജ പ്രമേയങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ‘മോഡറേറ്ററാണ് വിദേശ സഭകളുടെ അധികാരി’ എന്നും ‘മലയാളി ബിഷപ്പിന് പുറത്ത് അവകാശമില്ല’ എന്നും പ്രഖ്യാപിച്ച സിനഡിന്റെ നടപടി തികച്ചും തന്നിഷ്ടവും നിയമവിരുദ്ധവുമാണ്. സി.എസ്.ഐ മോഡറേറ്റര്‍ ഇന്ത്യയ്ക്ക് പുറത്തുള്ള സഭകളുടെ അധികാരി ആണെന്നും മലയാളി ബിഷപ്പിന് ഇന്ത്യയ്ക്ക് പുറത്തുള്ള സഭകളില്‍ അവകാശം ഇല്ലെന്നുമാണ് സിനഡിന്റെ ദിക്കാരപരമായ പ്രമേയം.

മലയാളികള്‍ മാത്രമാണ് കാശു മുടക്കി പള്ളികള്‍ സ്ഥാപിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനക്കാര്‍ കൂടുതലും അമേരിക്കന്‍ പള്ളികളില്‍ ആണ് പോകുന്നത്. സ്വന്തം കാശു മുടക്കി പള്ളി വാങ്ങാന്‍ അവര്‍ മിനക്കെടാറില്ല. ഈ സാഹചര്യത്തില്‍ കോടികള്‍ മുടക്കി 10-ഓളം സ്വന്തം ദൈവാലയങ്ങള്‍ പണിതുയര്‍ത്തിയത് മലയാളി വിശ്വാസികളാണ്. ഈ അധ്വാനത്തിന്റെ ഫലം അടിച്ചെടുക്കാന്‍ ചെന്നൈ ലോബിയോടൊപ്പം ചില മലയാളികളായ ‘കുലംകുത്തികളും’ ചേര്‍ന്നിട്ടുണ്ടെന്നത് വിശ്വാസി സമൂഹത്തെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. കസേരയ്ക്കും അധികാരത്തിനും വേണ്ടി സ്വന്തം സഭയെ ഒറ്റുകൊടുക്കുന്ന ഇവര്‍, ലോബിയുടെ കൂടെ നിന്നില്ലെങ്കില്‍ സി.എസ്.ഐയുടെ പേരും ലോഗോയും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയാണ്.

സഭാ സ്വത്തുക്കള്‍ സംരക്ഷിക്കാനും ആത്മാഭിമാനം സംരക്ഷിക്കാനും വേണ്ടി അമേരിക്കന്‍ മലയാളി സമൂഹം ഒടുവില്‍ ശക്തമായ പ്രതിരോധം തീര്‍ത്തു. ‘സി.എസ്.ഐ നോര്‍ത്ത് അമേരിക്ക’ (ഇടക ചഅ) രൂപീകരിക്കുകയും പേരും ലോഗോയും ട്രേഡ് മാര്‍ക്ക് പേറ്റന്റ് സ്വന്തമാക്കുകയും ചെയ്തു. ഇതോടെ സഭകളെ ഭീഷണിപ്പെടുത്തി കീഴടക്കാമെന്ന ചെന്നൈ ലോബിയുടെ സ്വപ്നങ്ങള്‍ക്ക് തടയിടാനായി. ഇനി മുതല്‍ എല്ലാ പള്ളികള്‍ക്കും സ്വതന്ത്രമായി ഭീഷണിക്ക് വഴങ്ങാതെ നിലനില്‍ക്കാന്‍ സാധിക്കും.

അതേസമയം, അനധികൃതമായി പ്രഖ്യാപിച്ച ‘ഡയസ്‌പോറ ഡയോസീസ്’ നീക്കത്തിനെതിരെ ശക്തമായ നിയമനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഏതാനും നാലോ അഞ്ചോ കുടുംബങ്ങള്‍ മാത്രമുള്ള, സ്വന്തമായി കെട്ടിടമോ മുഴുവന്‍ സമയ അച്ചന്മാരോ ഇല്ലാത്ത പത്തോളം കൂട്ടായ്മകളെ മുന്നില്‍ നിര്‍ത്തി ഡാളസില്‍ കോണ്‍ഫറന്‍സും ഡയോസീസ് രൂപീകരണവും നടത്തുമ്പോള്‍, ബഹുഭൂരിപക്ഷം സഭകളും ഇത് പൂര്‍ണ്ണമായി ബഹിഷ്‌കരിച്ച് തള്ളിപ്പറഞ്ഞിരിക്കുകയാണ്.

മലയാളികളുടെ അന്തസ്സിനെയും അഭിമാനത്തെയും ചോദ്യം ചെയ്താല്‍ ശക്തമായി പ്രതികരിക്കും എന്ന് ഇവര്‍ക്ക് ബോധ്യമായി തുടങ്ങി. വരുംതലമുറയ്ക്കായി നമ്മള്‍ പടുത്തുയര്‍ത്തിയ കോട്ടകള്‍ അധിനിവേശക്കാര്‍ക്ക് അടിയറവ് വെക്കാന്‍ ഒരു കാലത്തും വിശ്വാസി സമൂഹം അനുവദിക്കില്ല. വര്‍ഷങ്ങളായി ആത്മീയ ശുശ്രൂഷ നല്‍കുന്ന മലയാളി ബിഷപ്പിനെ വിലക്കിയ ചെന്നൈ ലോബിയുടെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നല്‍കാനുറച്ച്, നിയമപരമായും സംഘടനാപരമായും അന്ത്യം വരെ പോരാടാനാണ് യഥാര്‍ത്ഥ സി.എസ്.ഐ സമൂഹത്തിന്റെ തീരുമാനം.

Massive protest by American CSI Church supporters against the ‘invasion’ of the Chennai lobby

Share Email
LATEST excelnclexrn
More Articles
Top