ഫ്‌ളോറിഡ: ഫോമാ 2026-2028 ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ‘ടീം പ്രോമിസ്’ ശക്തമായ നേതൃത്വനിരയെ അണിനിരത്തിയിരിക്കുകയാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച നേതാക്കളാണ് ഈ പാനലിലുള്ളതെന്നതാണ് ശ്രദ്ധേയമായ പ്രത്യേകത. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാക്കളെ ഒരേ വേദിയില്‍ അണിനിരത്തിയാണ് ടീം പ്രോമിസ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. സംഘടനാ പ്രവര്‍ത്തനം, മാധ്യമരംഗം, സാമൂഹ്യസേവനം, യുവജന നേതൃത്വം, സാമ്പത്തിക സുതാര്യത, വനിതാ ശാക്തീകരണം, സാംസ്‌കാരിക പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഈ പാനലിലെ സ്ഥാനാര്‍ത്ഥികള്‍.

മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ): അനുഭവസമ്പത്തിന്റെ കരുത്ത്
ടീം പ്രോമിസിന്റെ മുഖ്യശക്തി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ലോറിഡ) ആണ്. നാല് പതിറ്റാണ്ടിലേറെ അമേരിക്കന്‍ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം സമൂഹസേവനവും സംഘടനാ പ്രവര്‍ത്തനവും ഒരുപോലെ ജീവിതദൗത്യമായി ഏറ്റെടുത്ത വ്യക്തിയാണ്. രണ്ടു പതിറ്റാണ്ടിലേറെ ഏഷ്യാനെറ്റ് യു.എസ്.എയുടെ ഓപ്പറേഷന്‍സ് മാനേജരായി പ്രവര്‍ത്തിച്ച അദ്ദേഹം മാധ്യമരംഗത്ത് മാത്രമല്ല, പ്രവാസി സമൂഹത്തെ ബന്ധിപ്പിക്കുന്ന പാലമായും ശ്രദ്ധേയനായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും സൗഹൃദബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിത്വം ഇന്ന് വലിയ അംഗീകാരമാണ് നേടിക്കൊടുത്തിരിക്കുന്നത്.
ഫൊക്കാന ട്രഷറര്‍, തുടര്‍ന്ന് സംഘടനാ വിഭജനത്തിനുശേഷം ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍, ഫോമാ മിയാമി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍, ഫോമാ പി.ആര്‍.ഒ തുടങ്ങി നിരവധി നിര്‍ണായക ചുമതലകള്‍ അദ്ദേഹം വിജയകരമായി നിര്‍വഹിച്ചു. അതോടൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ച അനുഭവവും അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിന് കരുത്തേകുന്നു. സത്യസന്ധത, സുതാര്യത, ഐക്യം, കഠിനാധ്വാനം, എല്ലാവരെയും കേള്‍ക്കുന്ന നേതൃത്വശൈലി എന്നിവയാണ് മാത്യു വര്‍ഗീസിന്റെ മുഖമുദ്ര. ഫോമയെ കൂടുതല്‍ ജനകീയവും യുവജനസൗഹൃദവും ഭാവിയെ മുന്‍കൂട്ടി കാണുന്ന സംഘടനയുമാക്കി മാറ്റുക എന്നതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

അനു സ്‌കറിയ: യുവജനങ്ങളുടെ ശബ്ദം
സംഘടനാ പ്രവര്‍ത്തനത്തില്‍ ഊര്‍ജസ്വലതയും കാര്യക്ഷമതയും കൈകോര്‍ക്കുന്ന നേതാവാണ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി അനു സ്‌കറിയ. 2003-ല്‍ യുവജന നേതൃനിരയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് ഫിലാഡല്‍ഫിയ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഫോമാ നാഷണല്‍ യൂത്ത് ഫോറം ചെയര്‍മാന്‍, ഫോമാ ഇലക്ഷന്‍ കമ്മീഷണര്‍, സമ്മര്‍ ടു കേരള സ്റ്റുഡന്റ് പ്രോഗ്രാം ദേശീയ ചെയര്‍മാന്‍ തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വഹിച്ചു.
2018-ലെ കേരള പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. സംഘടനാ മികവും ആസൂത്രണശേഷിയും യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന നേതൃത്വവുമാണ് അനു സ്‌കറിയയുടെ ശക്തി.

ബിനോയ് തോമസ്: സാമ്പത്തിക അച്ചടക്കത്തിന്റെ പ്രതീകം
സാമ്പത്തിക കാര്യങ്ങളില്‍ കൃത്യതയും ഉത്തരവാദിത്വബോധവും കൊണ്ട് ശ്രദ്ധേയനായ നേതാവാണ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബിനോയ് തോമസ്. സ്റ്റാറ്റന്‍ ഐലന്‍ഡ് കേരള സമാജത്തിന്റെ ട്രഷറര്‍, പ്രസിഡന്റ് എന്നീ നിലകളില്‍ സംഘടനയെ ശക്തിപ്പെടുത്തിയ അദ്ദേഹം പിന്നീട് ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ ട്രഷററായും റീജിയണല്‍ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ ഫോമയുടെ മികച്ച റീജിയന്‍ പുരസ്‌കാരം നേടിയത് അദ്ദേഹത്തിന്റെ സംഘാടന മികവിന്റെ അംഗീകാരമായി വിലയിരുത്തപ്പെടുന്നു. സാമ്പത്തിക സുതാര്യതയും ഉത്തരവാദിത്തപരമായ ധനകാര്യ സംവിധാനവുമാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.

ജോണ്‍സണ്‍ ജോസഫ്: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക
സേവനത്തെ അധികാരമായി കാണാതെ ഉത്തരവാദിത്വമായി കാണുന്ന നേതാവാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍സണ്‍ ജോസഫ്. ഒരുമ മലയാളി അസോസിയേഷനില്‍ പ്രസിഡന്റ്, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, കമ്മിറ്റി അംഗം തുടങ്ങി വിവിധ നിലകളില്‍ പതിനാറ് വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഫോമാ വെസ്റ്റേണ്‍ റീജിയന്‍ റീജിയണല്‍ വൈസ് പ്രസിഡന്റായും ദേശീയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. സമൂഹത്തെയും സഭയെയും ഒരുപോലെ സേവിച്ച അദ്ദേഹത്തിന്റെ സമര്‍പ്പിത പ്രവര്‍ത്തനശൈലി ടീമിന് വലിയ കരുത്താണ്.

രേഷ്മ രഞ്ജന്‍: സാഹിത്യവും സേവനവും കൈകോര്‍ക്കുന്ന നേതൃത്വം
അധ്യാപിക, എഴുത്തുകാരി, എഡിറ്റര്‍, സംഘാടിക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി രേഷ്മ രഞ്ജന്‍. ഫോമയുടെ വിവിധ പദ്ധതികളില്‍ ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മായൂഘം കണ്ടന്റ് റൈറ്റര്‍, ഗാന്ധിഭവന്‍ ബാലമന്ദിരം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, വനിതാ ശാക്തീകരണ പദ്ധതികളുടെ കോ-ഓര്‍ഡിനേറ്റര്‍, വിമണ്‍സ് ഫോറം സെക്രട്ടറി, പി.ആര്‍. ടീം അംഗം, സമ്മര്‍ ടു കേരള പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടു. സാഹിത്യസമ്പന്നമായ ആശയവിനിമയശേഷിയും സ്ത്രീകളെയും യുവതലമുറയെയും കൂടുതല്‍ സജീവമായി സംഘടനയിലേക്ക് കൊണ്ടുവരാനുള്ള ദീര്‍ഘവീക്ഷണവുമാണ് രേഷ്മയുടെ പ്രത്യേകത.

ടിറ്റോ ജോണ്‍: യുവതലമുറയുടെ പ്രതീക്ഷ
ഫോമയുടെ വിവിധ തലങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച യുവ നേതാവാണ് ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ടിറ്റോ ജോണ്‍. യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി അംഗമായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സണ്‍ഷൈന്‍ റീജിയന്‍ ട്രഷറര്‍, റീജിയന്‍ ചെയര്‍മാന്‍, ദേശീയ കമ്മിറ്റി അംഗം തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. സാമ്പത്തിക അച്ചടക്കവും സംഘാടന ശേഷിയും യുവജനങ്ങളുമായുള്ള മികച്ച ബന്ധവുമാണ് അദ്ദേഹത്തിന്റെ കരുത്ത്.
Team Promise brings together experienced leaders with a proven legacy of service and a visionary outlook to shape the future leadership of FOMAA
















