കാലിഫോര്‍ണിയ: ചൂടേറിയ വാനിനുള്ളില്‍ 11 നായകള്‍ ചത്ത സംഭവത്തില്‍ നായകളുടെ പരിശീലകനു 11 വര്‍ഷത്തിലധികം തടവ്. നായകള്‍ ചത്ത സംഭവത്തില്‍ തെളിവ് നശിപ്പിക്കാനും ഉടമകളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചുവെന്ന സംഭവത്തിലാണ് നായയുടെ പരിശീലകന് 11 വര്‍ഷവും 10 മാസവും തടവുശിക്ഷ വിധിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇര്‍വിന്‍ സ്വദേശിയായ 54-കാരന്‍ ക്വോങ് ചുന്‍ സിറ്റ് 2025 ജൂണില്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം 11 ഗുരുതര മൃഗപീഡന കുറ്റങ്ങള്‍ ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ കോടതി തെളിയിച്ചതായി ഓറഞ്ച് കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസ് അറിയിച്ചു.ഹാപ്പി കെ 9 അക്കാദമി എന്ന സ്ഥാപനം നടത്തിയിരുന്ന സിറ്റിന്റെ സംരക്ഷണത്തിലായിരുന്ന നായകളെയാണ് ചൂടേറിയ വാനിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.
ചത്ത നായകളില്‍ ഒന്നിന് ശക്തമായ അടിയേറ്റതും ചൂട് മൂലമുള്ള ആഘാതവും മരണകാരണമായിരുന്നു. മറ്റ് എട്ട് നായകള്‍ അസഹനീയമായ ചൂടു മൂലമാണ് ചത്തത്. രണ്ട് നായകളെ ഉടന്‍ കത്തിച്ചുകളഞ്ഞതിനാല്‍ അവയുടെ മരണകാരണം നിര്‍ണയിക്കാ നായില്ല.’മികോ’ എന്ന നായയുടെ ഉടമയ്ക്ക് സിറ്റ് അയച്ച സന്ദേശത്തില്‍, ‘മികോ ഇന്നലെ രാത്രി ചത്തതായും വേദനയുടെയോ ബുദ്ധിമുട്ടിന്റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് തീര്‍ത്തും അപ്രതീക്ഷിതമാണ്. ഈ നഷ്ടത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്,’ എന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ മികോയെ ഇതിനകം ദഹിപ്പിച്ചതായി അറിഞ്ഞ ഉടമ ഇര്‍വിന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആരംഭിച്ച അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കുറ്റം തെളിഞ്ഞ സിറ്റിനെതിരെ 11 ഗുരുതര മൃഗപീഡന കുറ്റങ്ങളും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഏഴ് കുറ്റങ്ങളും, തെളിവ് നശിപ്പിച്ചതിന് ഒരു കുറ്റവും കോടതി കണ്ടെത്തി.
നായകളെ കൊന്ന സംഭവം മറച്ചുവെക്കാന്‍ സഹായിച്ചെന്ന കേസില്‍ സിറ്റിന്റെ കാമുകി ടിങ്ഫെങ് ലിയുവിനും കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു.ഗുരുതര കുറ്റകൃത്യത്തില്‍ സഹായിയായി പ്രവര്‍ത്തിച്ചതിനും തെളിവ് നശിപ്പിച്ചതിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും എതിരായ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ തെളിഞ്ഞതായി പ്രോസിക്യൂഷന്‍ അറിയിച്ചു.കൊന്ന നായകളില്‍ ഒന്ന് എട്ട് വയസ്സുള്ള ഒരു കുട്ടിക്ക് ക്രിസ്മസ് സമ്മാനമായി നല്‍കിയതായിരുന്നുവെന്ന് ഓറഞ്ച് കൗണ്ടി ജില്ലാ അറ്റോര്‍ണി ടോഡ് സ്പിറ്റ്‌സര്‍ പറഞ്ഞു.
Trainer sentenced to 11 years and 10 months in prison over the death of 11 dogs in a hot van.
















