മാർട്ടിൻ വിലങ്ങോലിൽ
ചിക്കാഗോ: സീറോ മലബാർ സമൂഹത്തിലെ യുവജനങ്ങൾ, വിദ്യാർഥികൾ, യുവസംരംഭകർ, പ്രൊഫഷണലുകൾ, നിക്ഷേപകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തി പുതിയ കരിയർ–മെന്റർഷിപ്പ് അവസരങ്ങൾ ഒരുക്കുന്ന സീറോ ബിസിനസ് കണക്റ്റിന് ചിക്കാഗോയിൽ സമാരംഭം.
യുവതലമുറയ്ക്ക് ബിസിനസ്, കരിയർ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലബാർ കൺവെൻഷനോടനുബന്ധിച്ച് ചിക്കാഗോ മക്കോർമിക് പ്ലേസിൽ നടന്ന ചടങ്ങിൽ ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
വെറുമൊരു ബിസിനസ് നെറ്റ്‌വർക്കിങ് ക്ലബ് എന്നതിനപ്പുറം യുവതലമുറയെ ലക്ഷ്യമിട്ട് വിശ്വാസം, ധാർമ്മികത, പരസ്പര സഹായം എന്നിവയിലൂന്നി പ്രവർത്തിക്കുന്ന സ്ഥിരം ബിസിനസ് സമൂഹമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ചടങ്ങിൽ സംഘടനയുടെ സ്പിരിച്ച്വൽ ഡയറക്ടറും ചിക്കാഗോ സീറോ മലബാർ രൂപതാ പ്രൊക്യൂറേറ്ററുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ആക്ടിംഗ് ചെയർമാൻ ജോസി ജോർജ് അഞ്ഞിലിവേലിൽ, നേതൃത്വസംഘാംഗങ്ങളായ റോബിൻ അലക്സ്, ചെറിയാൻ തോമസ്, സുനിൽ കുര്യൻ, റിച്ചാർഡ് കർട്ടോ എന്നിവർ പങ്കെടുത്തു.
യുവജനങ്ങൾക്ക് വഴികാട്ടണം: ബിഷപ് മാർ ജോയ് ആലപ്പാട്ട്:
ബിസിനസിലും കരിയറിലും ലഭിക്കുന്ന വിജയം ദൈവത്തിന്റെ ദാനമാണെന്നും അവ അടുത്ത തലമുറയിലെ യുവജനങ്ങളുടെ വളർച്ചയ്ക്കായി പങ്കുവയ്ക്കുമ്പോഴാണ് അനുഗ്രഹമായി മാറുന്നതെന്നും ബിഷപ് മാർ ജോയ് ആലപ്പാട്ട് പറഞ്ഞു. യുവജനങ്ങൾ വലിയ സ്വപ്നങ്ങൾ കാണാൻ മടിക്കരുതെന്നും എന്നാൽ സത്യസന്ധതയും വിനയവും കൈവിടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നെറ്റ്‌വർക്കിങ് മുതൽ ബിസിനസ് നടത്തിപ്പിൽ വരെ പ്രൊഫഷണൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രൈസ്തവ വിശ്വാസ മൂല്യങ്ങൾ എങ്ങനെ സംയോജിപ്പിക്കാമെന്ന കാര്യത്തിൽ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ സംഘടനയ്ക്ക് മാർഗനിർദേശം നൽകും. സമൂഹത്തിലെ കുട്ടികൾക്കും യുവജനങ്ങൾക്കും സ്വന്തം വിശ്വാസസമൂഹത്തിനുള്ളിൽനിന്നുള്ള മികച്ച മാതൃകകൾ ആവശ്യമാണെന്നും ഒരു നല്ല സംഭാഷണം ഒരു യുവാവിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ഫാ. കുര്യൻ ചൂണ്ടിക്കാട്ടി. ലാഭം നേടുന്നവൻ മാത്രമല്ല, മറിച്ച് അവസരങ്ങൾ സൃഷ്ടിക്കുകയും വിജയത്തെ സമൂഹത്തിന് ഉപകാരപ്രദമാക്കുകയും ചെയ്യുന്നവനാണ് യഥാർഥ ബിസിനസ് നേതാവെന്നും അദ്ദേഹം പറഞ്ഞു.
കണക്ഷൻ, മെന്റർഷിപ്പ്, ഇൻവെസ്റ്റ്‌മെന്റ്:
ആശയങ്ങളുള്ള യുവസംരംഭകർക്ക് ശരിയായ ഗൈഡൻസും വിദ്യാർഥികൾക്ക് കരിയർ മാർഗനിർദേശവും നൽകുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ആക്ടിംഗ് ചെയർമാൻ ജോസി ജോർജ് അഞ്ഞിലിവേലിൽ വ്യക്തമാക്കി. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രാദേശിക ചാപ്റ്ററുകൾ, പ്രതിമാസ വെബിനാറുകൾ, കരിയർ ഗൈഡൻസ്, ഇൻടേൺഷിപ്പ് അവസരങ്ങൾ എന്നിവ യുവജനങ്ങൾക്കായി സംഘടനയിലൂടെ ലഭ്യമാക്കും. ബിസിനസ് വിജയത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സുനിൽ കുര്യൻ വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾ syrobusinessconnect.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
യുവസംരംഭകരുടെ ‘ഫയർസൈഡ് ചാറ്റ്’:
ഒരു ആശയം എങ്ങനെ വലിയ ബിസിനസാക്കി മാറ്റാം, ആദ്യ ഉപഭോക്താവിനെ എങ്ങനെ കണ്ടെത്താം, കരിയറിന്റെ തുടക്കകാലത്തെ പരാജയങ്ങളിൽനിന്ന് എന്താണ് പഠിക്കേണ്ടത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന സാധ്യതകൾ തുടങ്ങിയ യുവജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്ത ‘From Idea to Impact’ ഫയർസൈഡ് ചാറ്റ് വേദിയിലെ പ്രധാന ആകർഷണമായി. പ്രമുഖ സംരംഭകരായ റോബിൻ അലക്സ്, ചെറിയാൻ തോമസ്, റിച്ചാർഡ് കർട്ടോ എന്നിവർ പാനലിസ്റ്റുകളായി. ജോസി ജോർജ് സംഭാഷണം നയിച്ചു.
ഷാർക്ക് ടാങ്കിൽ ജെസ്വിൻ വർഗീസിന് ഒന്നാം സ്ഥാനം:
യുവസംരംഭകർക്കായി ഒരുക്കിയ സീറോ ഷാർക്ക് ടാങ്ക് 2026 മത്സരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ അസെൻഡ് ഫിറ്റ്‌നസ് സ്ഥാപകൻ ജെസ്വിൻ വർഗീസ് ഒന്നാം സ്ഥാനവും പതിനയ്യായിരം ഡോളർ സമ്മാനവും നേടി. രോഗം വന്ന ശേഷം ചികിത്സിക്കുന്ന രീതിക്ക് പകരം മുൻകൂട്ടിയുള്ള ആരോഗ്യ സംരക്ഷണമാണ് ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.
വ്യക്തിവിവരങ്ങൾ പരസ്യമാക്കാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന സോൾവെയ്ൽ എന്ന സംരംഭം അവതരിപ്പിച്ച അഭിജിത്ത് ഫ്രാൻസിസ് പ്രത്യേക അംഗീകാരത്തിന് അർഹനായി. സൗത്ത് ഏഷ്യൻ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകാനും പുനർവിൽപ്പന നടത്താനുമുള്ള ഡിജിറ്റൽ മാർക്കറ്റ് പ്ലേസ് ആയ ദേശി ക്ലോസറ്റ്സ് അവതരിപ്പിച്ച ജോയൽ വിൻസെന്റ് പ്രേക്ഷകരുടെ വോട്ടിലൂടെയുള്ള ഓഡിയൻസ് അവാർഡ് നേടി. സ്ട്രാറ്റോസ്, സേ യെഷ്, അവലോൺ എന്നീ സ്റ്റാർട്ടപ്പുകളും ഫൈനലിൽ മാറ്റുരച്ചു.
















