ഹൂസ്റ്റണ്‍: കീഴടങ്ങാന്‍ തയാറായ ആള്‍ക്കു നേരെയാണ് ഹൂസ്റ്റണില്‍ ഐസിഇ വെടിവെയ്പ് നടത്തിയതെന്നു ദൃക്‌സാക്ഷി. ഐസിഇ ഉ ദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മെക്‌സിക്കന്‍ സ്വദേശിയായ ലൊറന്‍സോ സല്‍ഗാഡോ അറൗഹോ ഒരു ഘട്ടത്തിലും ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി മുഴക്കിടിട്ടില്ലെന്നും വാഹനം നിര്‍ത്തിയപ്പോള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷി ഹോസെ ട്രിനിഡാഡ് റോഹാസ് പ്ലീഗോ വെളിപ്പെടുത്തി. സംഭവത്തിന് ശേഷം കടുത്ത മാനസികാഘാതത്തിലായെന്നും ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും അദ്ദേഹം സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഐസിഇ പുറത്തിറക്കിയ പ്രസ്താവനയില്‍, സല്‍ഗാഡോ അറൗഹോ നിയമപാലകരുടെ വാഹനത്തില്‍ ഇടിച്ചുകയറുകയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ സ്വയംരക്ഷയ്ക്കായി വെടിയുതിര്‍ത്തെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇത് പൂര്‍ണമായും വ്യാജമാണെന്ന് വാനിലുണ്ടായിരുന്ന യാത്രക്കാരനായ റോഹാസ് പ്ലീഗോ ആരോപിച്ചു. വാഹനത്തിന് മുന്നിലോ പിന്നിലോ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും സല്‍ഗാഡോ അറൗഹോ ആരെയും ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 7-നാണ് ഹൂസ്റ്റണില്‍ നിര്‍മ്മാണ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ സല്‍ഗാഡോ അറൗഹോയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ ബലമായി പുറത്തേക്ക് വലിച്ചിഴച്ചതായും ഗുരുതരമായി പരിക്കേറ്റ സല്‍ഗാഡോ അറൗഹോയെ നിലത്തിട്ട് കൈവിലങ്ങണിയിച്ചതായും റോഹാസ് പ്ലീഗോ ആരോപിച്ചു. സംഭവത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ബോഡി ക്യാമറകള്‍ ഉണ്ടായിരുന്നില്ലെന്നും, വെടിവെപ്പിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
സല്‍ഗാഡോ അറൗഹോയാണ് ഐസിഇയുടെ ലക്ഷ്യമിട്ട വ്യക്തിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജോലി പെര്‍മിറ്റിനായി അപേക്ഷിച്ചിരുന്ന അദ്ദേഹത്തിന് ക്രിമിനല്‍പശ്ചാത്തലമില്ലായിരുന്നുവെന്നും, തങ്ങളെ പിന്തുടര്‍ന്നത് നിയമപാലകരാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വാഹനം നിര്‍ത്തി സഹകരിക്കുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ടെക്‌സസിലെ ഡെമോക്രാറ്റിക് നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തെ തുടര്‍ന്ന് വാഹനത്തില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നെന്ന എഫ്ബിഐയുടെ പ്രാഥമിക സംശയം പിന്നീട് നടത്തിയ പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞു. കണ്ടെത്തിയ വസ്തു മയക്കുമരുന്നല്ലെന്ന് ഹാരിസ് കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസ് സ്ഥിരീകരിച്ചു. വെടിവെപ്പിന്റെ സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസും എഫ്ബിഐയും അന്വേഷണം തുടരുകയാണ്.
An eyewitness stated that ICE opened fire on a person who was ready to surrender in Houston.

















