ടെക്‌സസ്: യുഎസിലെ ടെക്‌സസില്‍ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. യു.എസ്. ആര്‍മിയുടെ അഒ64 അപ്പാച്ചെ ഹെലികോപ്റ്ററാണ് ബുധനാഴ്ച സലാഡോയില്‍ അപകടത്തില്‍പ്പെട്ടത്. ബെല്‍ കൗണ്ടി ഷെരീഫ് ഓഫിസും യു.എസ്. ആര്‍മിയും അപകടം സ്ഥിരീകരിച്ചു.
ഹെലികോപ്റ്ററില്‍ രണ്ട് സൈനീകരാണ് ഉണ്ടായിരുന്നതെന്നും ഇരുവരും സംഭവസ്ഥലത്തുവെച്ച് മരിച്ചതായി സ്ഥിരീകരിച്ചതായും ബെല്‍ കൗണ്ടി ഷെരീഫ് ഓഫിസ് വക്താവ് ബില്‍ കോള്‍മാന്‍ പറഞ്ഞു. ഒരു വയലിലേക്കാണ് ഹെലികോപ്റ്റര്‍ പതിച്ചത്.
ഫോര്‍ട്ട് ഹുഡില്‍നിന്നുള്ള അഒ64 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് ആക്ടിങ് കമാന്‍ഡിങ് ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഈതന്‍ ഡിവന്‍ സ്ഥിരീകരിച്ചു. . അപകടത്തില്‍പ്പെട്ട സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ഡിവന്‍ വ്യക്തമാക്കി.
അപകട കാരണത്തെക്കുറിച്ചോ മരിച്ച സൈനികരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതിന് 24 മണിക്കൂറിന് ശേഷം പേരുകള്‍ പുറത്തുവിടുമെന്ന് യു.എസ്. ആര്‍മി അറിയിച്ചു.
ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് തീപിടിത്തവും ഉണ്ടായി. തീ അണയ്ക്കുന്നതിനായി ടാങ്കര്‍ വിമാനത്തില്‍നിന്ന് അഗ്‌നിശമന വസ്തുക്കള്‍ വിതറിയതായും അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
Apache helicopter crashes in Texas; two soldiers killed.

















