ശ്രീകുമാർ ഉണ്ണിത്താൻ
മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷമായി മാറിയത് വിജയിയെ പ്രഖ്യാപിച്ച ചടങ്ങായിരുന്നു. ‘ആഘോഷം’ എന്ന മലയാള സിനിമയുടെ നിർമ്മാതാവ് ഡോ. ലിസി കെ. ഫെർണാണ്ടസ് വിജയിയുടെ പേര് പ്രഖ്യാപിച്ചു. ‘ആഘോഷം’ ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ചിട്ടുള്ള ഡോ. ലിസി കെ. ഫെർണാണ്ടസ്, വിജയിക്ക് തന്റെ അടുത്ത ചിത്രത്തിൽ അരങ്ങേറ്റം കുറിക്കാൻ അവസരം നൽകുമെന്ന് പ്രഖ്യാപിച്ചതോടെ വേദി ആവേശത്തിലായി.
സൗന്ദര്യമത്സരത്തിന്റെ പരിധികൾക്കപ്പുറം, മലയാളി യുവതികളുടെ കലാപരമായ കഴിവുകൾക്കും ആത്മവിശ്വാസത്തിനും സിനിമയിലേക്കുള്ള പുതിയ സാധ്യതകൾക്കും വാതിൽ തുറക്കുന്ന വേദിയായി ‘മിസ് ഫൊക്കാന’ മാറുകയായിരുന്നു. വിജയിക്ക് ലഭിച്ച സിനിമാ അവസരം ഈ കൺവൻഷനിലെ മത്സരത്തെ കൂടുതൽ ശ്രദ്ധേയമാക്കി.

മത്സരം മൂന്ന് റൗണ്ടുകളിലായാണ് നടന്നത് — കേരളീയ വേഷവും പരിചയപ്പെടുത്തലും, ടാലന്റ് റൗണ്ട്, സാരി–ചോദ്യോത്തര റൗണ്ട്. കേരളീയ സംസ്കാരത്തോടുള്ള ബന്ധം, വ്യക്തിഗത പ്രതിഭ, ആശയവിനിമയ കഴിവ്, ആത്മവിശ്വാസം, സ്റ്റേജ് പ്രസൻസ് എന്നിവ പ്രകടിപ്പിക്കാൻ ഓരോ റൗണ്ടും മത്സരാർത്ഥികൾക്ക് അവസരം നൽകി.

മിസ് ഫൊക്കാന 2026 മത്സരത്തിൽ അശ്വതി മേനോൻ കിരീടം ചൂടി. വർഷ ലിജോ ഒന്നാം റണ്ണർ അപ്പായും ജൊന്നാ മനോജ് രണ്ടാം റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം റണ്ണർ അപ്പിനും രണ്ടാം റണ്ണർ അപ്പിനും ക്യാഷ് പ്രൈസുകൾ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നൽകുന്ന രീതിയിലാണ് മത്സരം ഒരുക്കിയിരുന്നത്. ഫൊക്കാന വനിതാ ഫോറം ചെയർപേഴ്സൺ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മത്സരം ഏകോപിപ്പിച്ചത്. സരൂപ അനിൽ ചെയർപേഴ്സണായും പ്രിയ ലൂയിസ് കോ-ചെയറായും പ്രവർത്തിച്ചു.

പ്രത്യേക പുരസ്കാരങ്ങൾ
മത്സരാർത്ഥികളുടെ വ്യത്യസ്ത കഴിവുകളും വ്യക്തിത്വ സവിശേഷതകളും പരിഗണിച്ച് നിരവധി പ്രത്യേക പുരസ്കാരങ്ങളും നൽകി:
Best Talent – ഐറിൻ തട്ടത്തിൽ
Best Hair – ഒലിവിയ ഷാജി
Best Personality – സിന്റ ബെനി
Best Walk – അഫ്ര സൂനി
Best Traditional Elegance – സ്റ്റെഫാനി സ്റ്റീഫൻ
Best Smile – ലിയാന വർഗീസ്
വിമൻസ് ഫോറം നേതാക്കളും വിശ്വാസ ബ്രാൻഡ് സഹഉടമ നിഷ പിള്ളയും ചേർന്നാണ് സബ്‌കാറ്റഗറി പുരസ്കാരങ്ങൾ സമ്മാനിച്ചത്.

സബ്‌കാറ്റഗറി ട്രോഫികൾ മുഴുവൻ വിശ്വാസ ബ്രാൻഡിന്റെ Samrddhi Hair Growth Oil സ്പോൺസർ ചെയ്തു. രേവതി പിള്ള, നേഹ പിള്ള, നിഷ പിള്ള എന്നിവരാണ് വിശ്വാസ ബ്രാൻഡിന്റെ ഉടമകൾ.
മത്സരാർത്ഥികളെ വിലയിരുത്തുന്നതിനായി പ്രമുഖരായ മൂന്ന് അംഗങ്ങളടങ്ങിയ ജഡ്ജിംഗ് പാനലാണ് ഉണ്ടായിരുന്നത് — മിനി സജൻ, രാജൻ ചീരൻ, ഡോ. ആലിസ് മാത്യു. മത്സരാർത്ഥികളെ വിലയിരുത്തുന്നതിന് അവർ നൽകിയ സമയം, പരിചയം, ശ്രദ്ധ, വൈദഗ്ധ്യം എന്നിവയ്ക്ക് വിമൻസ് ഫോറം നന്ദി അറിയിച്ചു.
ഫൊക്കാന വിമൻസ് ട്രെയിൽബ്ലേസർ അവാർഡ് ബിനു പിള്ള-അബ്ദുലിന്
പരിപാടിയുടെ ഇടവേളയിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ ചടങ്ങുകളിലൊന്നായിരുന്നു ഫൊക്കാന വിമൻസ് ട്രെയിൽബ്ലേസർ അവാർഡ് സമ്മാനിച്ചത്. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ (NYPD) ആദ്യ മലയാളി വനിതാ ഡിറ്റക്ടീവ് എന്ന ചരിത്രനേട്ടം കൈവരിച്ച ബിനു പിള്ള-അബ്ദുലിനെ ആദരിച്ചുകൊണ്ടാണ് പുരസ്കാരം നൽകിയത്.

പ്രശസ്ത ചലച്ചിത്ര സംവിധായകനും പദ്മവിഭൂഷൺ പുരസ്കാര ജേതാവുമായ അടൂർ ഗോപാലകൃഷ്ണൻ ആണ് പുരസ്കാരം സമ്മാനിച്ചത്. ഇതോടെ ചടങ്ങ് കൂടുതൽ അവിസ്മരണീയമായി. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ സന്നിഹിതരായിരുന്നു.
ഫൊക്കാനാ കൺവൻഷന്റെ വേദിയിൽ നിന്ന് മലയാള സിനിമയിലേക്കുള്ള ഒരു പുതുവാതിൽ തുറന്നുകൊടുത്ത ‘മിസ് ഫൊക്കാന 2026’, അമേരിക്കൻ മലയാളി സമൂഹത്തിലെ യുവതലമുറയുടെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും പുതിയ ആകാശം സമ്മാനിച്ച ശ്രദ്ധേയമായ വേദിയായി.















