അലന്‍ ചെന്നിത്തല
മിഷിഗണ്‍: ഡിട്രോയിറ്റ് കേരള ക്ലബ്ബിലെ മുതിര്‍ന്ന പ്രവര്‍ത്തകനും ദീര്‍ഘകാല അംഗവുമായ ബാബു കുര്യനെ ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്റെ വൈസ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ഈ ചുമതല ഏറ്റെടുക്കുന്ന ബാബു കുര്യനെ കേരള ക്ലബ്ബ് ഹൃദയംഗമമായ അഭിനന്ദിച്ചു. 1987 മുതല്‍ കേരള ക്ലബ്ബിലെ അംഗമായ ബാബു കുര്യന്‍ നാല്പതിലധികം വര്‍ഷമായി മിഷിഗണില്‍ താമസിക്കുന്നു. വര്‍ഷങ്ങളായി ക്ലബ്ബിന്റെ എല്ലാ പ്രധാന ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തുടങ്ങി, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ഒടുവില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ വരെ വിവിധ ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്.
2025-ല്‍ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷമായ ‘പരമ്പരയുടെ’ ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹം നിര്‍വഹിച്ച സംഘാടന മികവ് ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലബ്ബിന്റെ അമ്പതു വര്‍ഷത്തെ ചരിത്രത്തെ ഗംഭീരമായി ആദരിക്കുന്ന ഒരു മികവുറ്റ പരിപാടി ഒരുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. കേരള ക്ലബ്ബിന് പുറമെ ഫൊകാന കണ്‍വെന്‍ഷനുകളിലും ബാബു കുര്യന്‍ വര്‍ഷങ്ങളോളം സജീവമായിരുന്നു. രജിസ്‌ട്രേഷന്‍, സ്‌പോര്‍ട്‌സ്, സമയക്രമീകരണം എന്നി കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു,
ചിക്കാഗോ കണ്‍വെന്‍ഷന്‍ കോചെയര്‍ ആയും സേവനമനുഷ്ഠിച്ചു. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും ട്രഷററായും സെക്രട്ടറിയായും മാനേജിംഗ് കമ്മിറ്റി അംഗമായും വര്‍ഷങ്ങളോളം സേവനം ചെയ്തിട്ടുണ്ട്. സാംസ്‌കാരിക രംഗത്തും ബാബു കുര്യന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. മിലന്‍, ഡിട്രോയിറ്റ് ഈഗിള്‍സ് എന്നീ സംഘടനകളുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. ചെണ്ട മേളത്തിന്റെ പാരമ്പര്യം പ്രദേശത്ത് എത്തിച്ച മോടൗണ്‍ മേളത്തിന്റെ സ്ഥാപക അംഗവുമാണ്. പതിറ്റാണ്ടുകളായി നടക്കുന്ന 56 ഇന്റര്‍നാഷണല്‍ ചീട്ടുകളി കൂട്ടായ്മയിലെ സജീവ അംഗം കൂടിയാണ് അദ്ദേഹം. ബാബു കുര്യന്റെ ഈ പുതിയ ചുമതല, പതിറ്റാണ്ടുകളുടെ സേവനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ്. അദ്ദേഹത്തിന്റെ പുതിയ ചുമതലയില്‍ എല്ലാ ഭാവുകങ്ങളും നേരുന്നതായി ഡിട്രോയിറ്റ് കേരള ക്ലബ്ബിലെ അംഗങ്ങളും ഭാരവാഹികളും അറിയിച്ചു.
Babu Kurian, FOMAA Great Lakes Regional Vice President















