ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഇറാന്റേതാണെന്നും തുടര്‍ന്നും തങ്ങളുടെ തന്നെ നിയന്ത്രണത്തില്‍ തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിനെ ഉടന്‍ യുഎസ് ഭൂപ്രദേശത്തിന്റെ ഭാഗമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ”ഹോര്‍മുസ് ഇറാന്റേതായിരുന്നു, ഇറാന്റേതാണ്, ഇനിയും ഇറാന്റേതായിരിക്കും”ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു.
ഇറാന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ അടച്ച ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിര്‍ദേശപ്രകാരം മാത്രമേ തുറക്കുകയോ അടയ്ക്കുകയോ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ”ഒരു ട്വീറ്റിലൂടെയോ വിമാനവാഹിനിക്കപ്പലിലൂടെയോ ഉത്തരവിലൂടെയോ തിരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെയോ ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാനാകില്ലെന്നു എക്‌സിലെ കുറിപ്പില്‍ ഗരീബാബാദി പറഞ്ഞു. ഇറാന്റെ പരാജയം അംഗീകരിക്കുന്നതുവരെ കടലിടുക്കിലെ ഉപരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെ പരാജയപ്പെടുത്തിയ ശേഷം ലോകത്തിലെ പ്രധാന ഊര്‍ജ ഗതാഗതപാതയായ ഹോര്‍മുസ് കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് ന്യൂയോര്‍ക്കിലെ ഒരു രാഷ്ട്രീയ റാലിയില്‍ പറഞ്ഞിരുന്നു. ”ഇറാനെ പരാജയപ്പെടുത്തിയ ശേഷം ഉടന്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കും” എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതേസമയം, പിന്നീട് വൈറ്റ് ഹൗസിലെ ഒരു ഉദ്യോഗസ്ഥന്‍ ട്രംപ് തമാശ പറയുകയായിരുന്നുവെന്ന് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയ്ക്ക് ”പൂര്‍ണ നിയന്ത്രണമുണ്ടെന്ന്” ട്രംപ് നേരത്തെയും അവകാശപ്പെട്ടിരുന്നു. യുഎസ് നാവിക ഉപരോധത്തെ ”സ്റ്റീല്‍ മതില്‍” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ നുണയും കെട്ടിച്ചമച്ചതുമാണെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫഗാരി പ്രതികരിച്ചു. ഇറാന്റെ അനുമതിയും മേല്‍നോട്ടവും ഇല്ലാതെ വാണിജ്യ കപ്പലുകള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും സുരക്ഷിതമായി കടന്നുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് വിഷയത്തില്‍ യുഎസ് തെറ്റായ കണക്കുകൂട്ടലുകളാണ് നടത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും പ്രതികരിച്ചു. രഹസ്യാന്വേഷണത്തിലെ വീഴ്ചകള്‍ മൂലം അമേരിക്കയ്ക്ക് നേരത്തെ തന്നെ തെറ്റായ വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചുള്ള ഇപ്പോഴത്തെ നിലപാടും വലിയ തെറ്റായ കണക്കുകൂട്ടലാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ സംയുക്ത ആക്രമണം നടത്തിയതോടെയാണ് മിഡില്‍ ഈസ്റ്റ് യുദ്ധം ആരംഭിച്ചതെന്നും തുടര്‍ന്ന് ഇറാന്‍ അമേരിക്കന്‍, ഇസ്രയേല്‍ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
'Cannot be seized via a tweet': Iran responds to Trump's claim regarding the Strait of Hormuz.

















