വാഷിംഗടണ്‍: കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിനുകളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. അഞ്ചാംപനി, മംപ്‌സ്, റുബെല്ല എന്നിവയ്‌ക്കെതിരായ എംഎംആര്‍ വാക്‌സിന്‍ മൂന്ന് വ്യത്യസ്ത കുത്തിവയ്പുകളായി നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. എന്നാല്‍ വാക്‌സിന്‍ നയങ്ങളില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് പകരം രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതിനെതിരെ ഡോക്ടര്‍മാരും പൊതുജനാരോഗ്യ വിദഗ്ധരും രംഗത്തെത്തി.
നിലവിലെ വാക്‌സിന്‍ ഷെഡ്യൂളിന്റെ സുരക്ഷയും ഫലപ്രാപ്തിയും പതിറ്റാണ്ടുകളായി നടന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് ഡോ. ജാന്‍ കെ. കാര്‍ണി പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് ആശങ്കാജനകമാണെന്നും അവര്‍ വ്യക്തമാക്കി. എംഎംആര്‍ വാക്‌സിനിലെ ഓരോ രോഗത്തിനും പ്രത്യേകം വാക്‌സിന്‍ വികസിപ്പിക്കാന്‍ ഏകദേശം ഒരു ദശാബ്ദം വേണ്ടിവരുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് അറിയിച്ചു.
വാക്‌സിനുകളും ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന വാദവും ട്രംപും ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെനഡിയും ആവര്‍ത്തിച്ചു. എന്നാല്‍ ദശലക്ഷക്കണക്കിന് ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ നിരവധി പഠനങ്ങളിലും വാക്‌സിനുകളും ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. ഓട്ടിസം കേസുകള്‍ വര്‍ധിച്ചതിന് മെച്ചപ്പെട്ട അവബോധവും രോഗനിര്‍ണയ രീതികളിലെ പുരോഗതിയും ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് നിലവില്‍ വാക്‌സിന്‍ ലഭ്യതയില്‍ ഉടന്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയില്ല. വിവിധ സര്‍ക്കാര്‍ ഏജന്‍സികളോട് 90 ദിവസത്തിനകം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് നിലവിലുള്ള എല്ലാ വാക്‌സിനുകളും നല്‍കാന്‍ മാതാപിതാക്കള്‍ക്ക് ഇപ്പോഴും തീരുമാനിക്കാമെന്നും ട്രംപ് പറഞ്ഞു. സാധാരണയായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് കുട്ടികള്‍ക്ക് ഏത് വാക്‌സിന്‍ എപ്പോള്‍ നല്‍കണമെന്ന് സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കുന്നത്.
അഞ്ചാംപനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരായ വാക്‌സിനേഷന്‍ നിരക്ക് കുറയുന്നതില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. അഞ്ചാംപനി വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കു ന്നതിന് മുമ്പ് യുഎസില്‍ പ്രതിവര്‍ഷം 400 മുതല്‍ 500 വരെ പേര്‍ മരിക്കുകയും ഏകദേശം 48,000 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് വാക്‌സിനേഷന്‍ വ്യാപകമായതോടെ രോഗബാധ ഗണ്യമായി കുറഞ്ഞു. വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ പരിഗണിച്ചായിരിക്കണം നയങ്ങളില്‍ മാറ്റം വരുത്തേണ്ടതെന്ന് മെഡിക്കല്‍ സംഘടനകള്‍ വ്യക്തമാക്കി.
Changes to children’s vaccination schedule; doctors speak out against Trump’s order.

















