എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും ഇന്ന് (ഓഗസ്റ്റ് 13) മുതൽ നിർബന്ധിത ലഹരിമരുന്ന് പരിശോധന (ഡ്രഗ് ടെസ്റ്റ്) നടത്തുമെന്ന് വ്യാഴാഴ്ച എയർ ഇന്ത്യ അറിയിച്ചു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പദാർത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് വ്യാഴാഴ്ച രാവിലെ അയച്ച ഇ-മെയിലിൽ പറയുന്നു. ദി ഇന്ത്യൻ എക്സ്പ്രസ് ഈ ഇ-മെയിൽ പരിശോധിച്ചിരുന്നു.
എയർലൈൻസിന്റെ ഗുഡ്ഗാവിലെ കേന്ദ്രത്തിൽ പരിശീലനം നടക്കുന്നതിനൊപ്പം തന്നെയായിരിക്കും എല്ലാ പരിശോധനകളും നടക്കുകയെന്നും ഇ-മെയിലിൽ വ്യക്തമാക്കുന്നു. നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്കും ഡൽഹി-എൻ.സി.ആറിന് പുറത്തുള്ളവർക്കും അവർ ഇറങ്ങുന്ന നഗരങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ വെച്ച് പരിശോധന നടത്തും.

















