ഹ്യൂസ്റ്റൺ: യു.എസിലെയും കാനഡയിലെയും മലയാളി സംഘടനകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമയുടെ 2026-2028 വര്‍ഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കിയ ‘ടീം വോയ്സ് ഓഫ് ഫോമാ’ ക്ക് ഉജ്ജ്ല വിജയം. തിരഞ്ഞെടുപ്പിൽ വിജയികളായത് ഇവരാണ്
പ്രസിഡൻ്റ് – ബിജു തോണിക്കടവിൽ
ജനറൽ സെക്രട്ടറി – പോൾ പി. ജോസ്
ട്രഷറർ – പ്രദീപ് നായർ
വൈസ് പ്രസിഡൻ്റ്- സാമുവൽ മാതായി
ജോയിൻ്റ് സെക്രട്ടറി – ഡോ. മഞ്ജു പിള്ള
ജോയിൻ്റ് ട്രഷറർ – ജോൺസൺ കണ്ണൂക്കാടൻ.
മാത്യൂസ് വർഗീസ് നേതൃത്വം നൽകിയ ടീം പ്രോമിസിനെ പരാജയപ്പെടുത്തിയാണ് ബിജു തോണിക്കടവിൽ നേതൃത്വം നൽകിയ വോയ്സ് ഓഫ് ഫോമ പാനൽ വിജയം നേടിയത്. 62.5 ശതമാനം വോട്ടുകൾ (427) നേടിയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിൽ എത്തുന്നത്. 54.2 ശതമാനം (370) വോട്ടുകൾ പോൾ പി. ജോസ് നേടി. 59 ശതമാനം പേരുടെ (403)പിന്തുണയോടെയാണ് പ്രദീപ് നായർ വിജയിച്ചത്. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് സാമുവൽ മത്തായി ജയിച്ചു കയറിയത് 60.8 ശതമാനം (415) വോട്ടുകൾ നേടിയാണ്. ജോയിന്റ് സെക്രട്ടറിസ്ഥാനം ഉറപ്പിച്ച ഡോ. മഞ്ജു പിള്ളയ്ക്ക് 58.7 ശതമാനം വോട്ടുകൾ (401) നേടാനായി. ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജോൺസൺ കണ്ണൂക്കാടന് 53.1 ശതമാനം (363) വോട്ടുകളാണ് ലഭിച്ചത്.
സണ്‍ഷൈന്‍ റീജൻ മുന്‍ ആര്‍.വി.പിയും കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന ബിജു തോണിക്കടവില്‍ ഫോമായുടെ വിവിധ നേതൃപദവികളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പന്നനായ വ്യക്തിയാണ്. ഫോമായ്ക്ക് ശക്തമായ അടിത്തറയുണ്ടാക്കിക്കൊടുത്ത ഫോമാ വില്ലേജ് പ്രോജക്ട് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയാണ്. കോവിഡ് കാലത്ത് ഫോമാ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. ഡോ. ജേക്കബ് തോമസ് പ്രസിഡന്റായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഫോമയുടെ ട്രഷററായി ബിജു നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി ഫോമായില്‍ സജീവസാന്നിധ്യമായ പോള്‍ പി ജോസ് മെട്രോ റീജണ്‍ ആര്‍.വി.പി എന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറിയായി ഫോമായുടെ ദേശീയ നേതൃത്വത്തിൽ സ്തുത്യർഹമായ പങ്ക് വഹിച്ചിരുന്നു.

ഇലക്ഷൻ കമ്മിഷ്ണർ മാത്യു ചെരുവിലിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് ഫോമയുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.















