സുമോദ് തോമസ് നെല്ലിക്കാല
ഹൂസ്റ്റണ്‍ : ഫോമാ (FOMAA) 2026 ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ഷ സംഘടിപ്പിച്ച 56 ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഫിലഡല്‍ഫിയ ടീമിന്റെ ക്യാപ്റ്റന്‍ സാബു സ്‌കറിയായും സംഘവും ചാമ്പ്യന്‍മാരായി കിരീടം സ്വന്തമാക്കി.

ചാമ്പ്യന്‍ ടീമില്‍ സാബു സ്‌കറിയാ (ക്യാപ്റ്റന്‍), ജോണ്‍സണ്‍ മാത്യു, മാത്യു പി. കോര എന്നിവര്‍ അംഗങ്ങളായിരുന്നു. തുടക്കം മുതല്‍ മികച്ച ഏകോപനവും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഇവര്‍ ഫൈനലില്‍ മികവ് തെളിയിച്ചാണ് കിരീടം നേടിയത്.
ഒന്നാം റണ്ണറപ്പായി ഹൂസ്റ്റണ്‍ ടീമിന്റെ ജോസഫ് ഇല്ലിക്കാട്ടില്‍ (ക്യാപ്റ്റന്‍), തോമസ് ഐക്കരെത്ത്, സജി പള്ളിക്കിഴക്കേതില്‍ എന്നിവരടങ്ങിയ ടീം തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഈ ടീം അവസാന നിമിഷം വരെ ചാമ്പ്യന്‍മാര്‍ക്കെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്തി.
രണ്ടാം റണ്ണറപ്പായി ഹൂസ്റ്റണ്‍ ടീമിലെ ജോസഫ് മുലയാനിക്കുന്നേല്‍ (ക്യാപ്റ്റന്‍), ബേബി ചെറുകര, എബ്രഹാം കളപുരയ്ക്കല്‍ എന്നിവരടങ്ങിയ ടീം സ്ഥാനം നേടി.

മൂന്നാം റണ്ണറപ്പായി അരിസോണ ടീമിന്റെ ഡോ. സതീഷ് അമ്പാടി (ക്യാപ്റ്റന്‍), മഹേഷ് നായര്‍, രവിശങ്കര്‍ മേനോന്‍ എന്നിവരടങ്ങിയ ടീം മികച്ച പ്രകടനത്തോടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
ഒന്നാം സമ്മാനമായി 1,500 ഡോളര്‍, രണ്ടാം സമ്മാനമായി 750 ഡോളര്‍, മൂന്നാം സമ്മാനമായി 400 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡും അനുബന്ധ ട്രോഫിയും സമ്മാനിക്കുകയുണ്ടായി.
ടൂര്‍ണമെന്റിലുടനീളം മത്സരങ്ങള്‍ സൗഹൃദവും കായികമനോഭാവവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് നടന്നത്. വിവിധ ടീമുകളിലെ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരങ്ങള്‍ക്ക് ആവേശം ഇരട്ടിയായി.

ചാമ്പ്യന്‍മാര്‍ ഉള്‍പ്പെടെ എല്ലാ വിജയികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ച സംഘാടകര്‍, മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും നന്ദി രേഖപ്പെടുത്തി. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കിയ ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ സാബു സ്‌കറിയ, തോമസ് ഒളിയാംകുന്നേല്‍, ജോണ്‍സണ്‍ മാത്യു, ബിഞ്ചു ജോണ്‍ എന്നിവര്‍ക്ക് ഫോമാ എക്‌സിക്യൂട്ടീവ് പ്രത്യേകം നന്ദി അറിയിച്ചു.

മികച്ച സംഘാടനവും കായികമികവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഫോമാ 2026 ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനിലെ 56 ടൂര്‍ണമെന്റ്, പങ്കെടുത്ത എല്ലാവര്‍ക്കും അവിസ്മരണീയമായ അനുഭവമായി മാറി.
FOMAA 2026 Convention 56 Tournament: Philadelphia Team Emerges as Champions

















