swayamvara
pulimoottil

ഐ.പി.എസ്.എഫ് 2026 കായികമാമാങ്കത്തിന് പ്രൗഢോജ്ജ്വല സമാപനം; സീറോ മലബാര്‍ കായികമേളയില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ വീണ്ടും ചാമ്പ്യന്മാര്‍

ഐ.പി.എസ്.എഫ് 2026 കായികമാമാങ്കത്തിന് പ്രൗഢോജ്ജ്വല സമാപനം; സീറോ മലബാര്‍ കായികമേളയില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ വീണ്ടും ചാമ്പ്യന്മാര്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍

എഡിന്‍ബര്‍ഗ് /മക്കാലാന്‍ (ടെക്‌സസ്): വടക്കന്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ കായികക്ഷമതയും വിശ്വാസവും ഐക്യവും വിളിച്ചോതി നാലു ദിവസം നീണ്ടുനിന്ന സീറോ മലബാര്‍ ഇന്റര്‍ പാരിഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിന് (ഐ.പി.എസ്.എഫ് 2026) എഡിന്‍ബര്‍ഗില്‍ വര്‍ണ്ണാഭമായ സമാപനം.

വാശിയേറിയ വടംവലിയുടെ അവസാന വിസിലടിയോടെയും സ്റ്റേഡിയങ്ങളെ ഇളക്കിമറിച്ച ആര്‍പ്പുവിളികളോടെയും സമാപിച്ച ഈ കായികമാമാങ്കത്തില്‍ ആയിരത്തിഅഞ്ഞൂറിലധികം കായികതാരങ്ങളും നാലായിരത്തില്‍ പരം കാണികളും പങ്കെടുത്തു.

ഓഗസ്റ്റ് 6 മുതല്‍ 9 വരെ എഡിന്‍ബര്‍ഗ് ഡിവൈന്‍ മെഴ്സി സീറോ മലബാര്‍ ചര്‍ച്ചിന്റെ ആതിഥേയത്വത്തിലും എഡിന്‍ബര്‍ഗ് സിറ്റിയുടെ സഹകരണത്തിലും നടന്ന മേളയിലുടനീളം ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ സാന്നിധ്യവും ആത്മീയ അനുഗ്രഹങ്ങളും വന്‍ ആവേശമാണ് പകര്‍ന്നുനല്‍കിയത്. രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, ഡിവൈന്‍ മേഴ്‌സി വികാരി ഫാ. റോയ് മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ക്ക് തിരിതെളിഞ്ഞത്.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ വീണ്ടും ചാമ്പ്യന്‍; ഹൂസ്റ്റണ്‍ ഫൊറോനാ റണ്ണേഴ്സ് അപ്പ്

മൈതാനങ്ങളെ ആവേശത്തിലാഴ്ത്തിയ വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഡിവിഷന്‍ എ വിഭാഗത്തില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് ചരിത്രവിജയത്തോടെ ചാമ്പ്യന്മാരായപ്പോള്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ്‌സ് ഫൊറോന ചര്‍ച്ച് റണ്ണേഴ്സ് അപ്പായി. ഡിവിഷന്‍ ബി വിഭാഗത്തില്‍ ആതിഥേയരായ എഡിന്‍ബര്‍ഗ് ഡിവൈന്‍ മെര്‍സി ചര്‍ച്ച് മിന്നുന്ന പ്രകടനത്തോടെ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയപ്പോള്‍ ഫ്രിസ്‌കോ സെന്റ് മറിയം ത്രേസ്യ മിഷന്‍ റണ്ണേഴ്സ് അപ്പ് സ്ഥാനം കരസ്ഥമാക്കി. ജയപരാജയങ്ങള്‍ക്കപ്പുറം വിട്ടുവീഴ്ചയില്ലാത്ത കായികമര്യാദയും പരസ്പര ബഹുമാനവും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് പോരാടിയ എല്ലാ ടീമുകളെയും സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു.

മികച്ച ആസൂത്രണത്തോടെ മേള വിജയകരമാക്കാന്‍ വലിയൊരു നേതൃനിര തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ചു. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് രക്ഷാധികാരിയായ സമിതിയില്‍ ഫെസ്റ്റ് ചെയര്‍മാന്‍ റെവ. ഫാ. റോയ് മൂലേച്ചാലില്‍, ട്രസ്റ്റികളായ ജോജോ തോമസ്, മനോജ് മൈക്കിള്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസഫ് ബിജു, സെക്രട്ടറി ഡോ. ഡാഫോഡില്‍സ് അബ്രഹാം, അക്കൗണ്ട്‌സ് ഭാരവാഹി അല്‍വിന്‍ ജോസഫ്, ഗെയിം കോര്‍ഡിനേറ്റര്‍ ബെന്‍ കളരിക്കല്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിക്ക് നേതൃത്വം നല്‍കി.

വിവിധ ഇടവകകളില്‍ നിന്ന് വികാരിമാരും കോര്‍ഡിനേറ്റര്‍മാരും മേളയുടെ വിജയത്തിനായി ഒന്നിച്ചുചേര്‍ന്നു. എഡിന്‍ബര്‍ഗ് ഡിവൈന്‍ മെര്‍സി ചര്‍ച്ചില്‍ നിന്ന് ഫാ. റോയ് മൂലേച്ചാലില്‍, ജോസ് ആന്റണി, മിനു ജോസഫ് എന്നിവരും, ഹൂസ്റ്റണ്‍ സെന്റ് ജോസഫ്‌സ് ഫൊറോന ചര്‍ച്ചില്‍ നിന്ന് ഫാ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ഫാ. ജോര്‍ജ് പാറയില്‍, മനു ഇമ്മാനുവല്‍ മൂന്നുമാക്കല്‍, റോബിന്‍ ജോയ് എന്നിവരും നേതൃത്വം നല്‍കി. പിയര്‍ലാന്റ് സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത്, സെര്‍ണി തോമസ്, അനിള കരിക്കുന്നേല്‍ സെബാസ്റ്റ്യന്‍ എന്നിവരും, ഗാര്‍ലാന്റ് സെന്റ് തോമസ് ചര്‍ച്ചില്‍ നിന്ന് ഫാ. സിബി സെബാസ്റ്റ്യന്‍, ഫാ. ക്രിസ്റ്റിന്‍ പുതിയകുന്നേല്‍, മാത്യു ഒഴുകയില്‍, സുജ കൈനിക്കര എന്നിവരും കോര്‍ഡിനേറ്റര്‍മാരായിരുന്നു. ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സയില്‍ നിന്ന് ഫാ. ആന്റോ ജി. ആലപ്പാട്ട്, ജിയോ ജോസഫ്, ഗിജോ അരീക്കന്‍ എന്നിവരും, കോപ്പല്‍ സെന്റ് അല്‍ഫോന്‍സയില്‍ നിന്ന് ഫാ. മാത്യൂസ് മുന്‍ജനനാട്ട്, ഫ്രാന്‍സില്‍ ജോസഫ്, സോണി പോള്‍ എന്നിവരും സേവനമനുഷ്ഠിച്ചു. കൂടാതെ സാന്‍ അന്റോണിയോയില്‍ നിന്ന് ഫാ. ജോര്‍ജ് സി. ജോര്‍ജ്, സിറിയക് സ്‌കറിയ, മനു സെബാസ്റ്റ്യന്‍ എന്നിവരും, ഒക്ലഹോമയില്‍ നിന്ന് ഫാ. ആന്റോ മാമ്പള്ളി, ജോബി ജോസഫ്, ഡൊമിനിക് ആന്റണി എന്നിവരും, ഫ്രിസ്‌കോയില്‍ നിന്ന് ഫാ. ജിമ്മി ഇടക്കുളത്തൂര്‍ കുര്യന്‍, അജിത്ത് ജോസഫ്, ജാനറ്റ് റോയ് എന്നിവരും, കന്‍സാസ് സിറ്റിയില്‍ നിന്ന് ഫാ. സുനോജ് തോമസും നേതൃനിരയില്‍ തിളങ്ങി.

മുഖ്യ സ്‌പോണ്‍സര്‍മാരായി ജിബി പാറയ്ക്കലും ജോര്‍ജ് ചെറായിലും:

എഡിന്‍ബര്‍ഗ് സിറ്റി മേയര്‍ ഒമര്‍ ഒച്ചോവ, മുന്‍ മേയര്‍ റാമിറോ ഗാര്‍സ ജൂനിയര്‍, സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നിര്‍ണ്ണായക പിന്തുണ മേളയ്ക്ക് വലിയ ശക്തിയായി. മേളയുടെ വിജയശില്പികളായ പ്രമുഖ സ്‌പോണ്‍സര്‍മാരുടെ സഹകരണത്തെ ഭാരവാഹികള്‍ നന്ദിയോടെ സ്മരിച്ചു. ഓസ്റ്റിനിലെ പി.എസ്.ജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ജിബി പാറയ്ക്കല്‍ പ്രൈം സ്‌പോണ്‍സറായും, ലെഗസി ബിസിനസ് ബ്രോക്കേഴ്സിന്റെ ജോര്‍ജ് ചെറായില്‍ പവര്‍ സ്‌പോണ്‍സറായും വലിയ പിന്തുണ നല്‍കി. ഡോള്‍ഫിന്‍ ഡിജിറ്റലിന്റെ ജോസി ആഞ്ഞിലിവേലില്‍ , ഇംപാക്ട് ടാക്‌സിന്റെ സുബിന്‍ അലക്‌സ്, സിഗ്മ ട്രാവല്‍സിന്റെ സണ്ണി ജോസഫ് , ഗ്രേസ് ഇന്‍ഷുറന്‍സ് ആന്‍ഡ് എക്‌സ്പീരിയര്‍ ഫിനാന്‍സിന്റെ ജിന്‍സ് മടമന, ഹൂസ്റ്റണ്‍ അപ്നാ ബസാറിന്റെ സുരേഷ് നായര്‍, തജാംസ് മാര്‍ബിള്‍ ആന്‍ഡ് ഗ്രാ നൈറ്റ്, മക്അലനിലെ പ്ലാങ്ക് ഗ്രില്‍ എന്നീ പ്രമുഖ സ്‌പോണ്‍സര്‍മാരുടെ ഉദാരമായ പിന്തുണയാണ് ഈ വലിയ സ്‌പോര്‍ട്‌സ് മേളയെ വന്‍ വിജയമാക്കിയത്.

അഹോരാത്രം പ്രയത്‌നിച്ച വോളണ്ടിയര്‍മാര്‍ക്കും, റെഫറിമാര്‍ക്കും, പങ്കെടുത്ത വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും, കായികതാരങ്ങള്‍ക്കും, കാണികള്‍ക്കും ഡിവൈന്‍ മെര്‍സി സീറോ മലബാര്‍ ചര്‍ച്ച് വികാരിയും സംഘാടകരും നന്ദി രേഖപ്പെടുത്തി.

Grand conclusion to the IPSF 2026 sports extravaganza; St. Alphonsa, Coppell, emerges as champions once again at the Syro-Malabar sports meet
Share Email
LATEST excelnclexrn
More Articles
Top