വാഷിങ്ടണ്‍ : മൂന്നു പതിറ്റാണ്ടോളമായി അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയും ഗ്രീന്‍ കാര്‍ഡ് ഉടമയുമായ സ്ത്രീയെ ഐസിഇ കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ വംശജയായ വെങ്കട നരസാംബവ വാസംശെട്ടിയെയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്. രണ്ട് അമേരിക്കന്‍ പൗരത്വമുള്ള മക്കളുടെയും രണ്ട് കൊച്ചുമക്കളുടെയും അമ്മയും മുത്തശിയുമായ വാസംശെട്ടിയെ ഓഗസ്റ്റ് 11ന് ഐസിഇ കസ്റ്റഡിയിലെടുത്തത്. 2013 മുതല്‍ നിയമപരമായ സ്ഥിരതാമസ പദവിയുള്ള ഇവര്‍ നിലവില്‍ ജോര്‍ജിയയിലെ ഐസിഇ തടങ്കല്‍ കേന്ദ്രത്തിലാണ്. നേരത്തെ ഇവര്‍ക്കെതിരായ നാടുകടത്തല്‍ നടപടി മേയ് മാസത്തില്‍ യുഎസ് ഇമിഗ്രേഷന്‍ ജഡ്ജി അവസാനിപ്പിച്ചിരുന്നു.
2022 ജൂലൈയില്‍ ഗുരുതരമായി രോഗബാധിതരായ മാതാപിതാക്കളെ പരിചരിക്കുന്നതിനായാണ് വാസംശെട്ടി ഇന്ത്യയിലെത്തിയത്. ഇതിനിടെ കോവിഡ് ബാധിക്കുകയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഏകദേശം രണ്ടാഴ്ച ആശുപത്രിയില്‍ കഴിയേണ്ടിവരികയും ചെയ്തു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെ അമേരിക്കയിലേക്കുള്ള മടക്കയാത്ര വൈകി. ഒടുവില്‍ 2023 ഫെബ്രുവരിയില്‍ റാലി-ഡര്‍ഹാം അന്താരാഷ്ട്ര വിമാനത്താവളം വഴി അമേരിക്കയില്‍ തിരിച്ചെത്തിയ അവര്‍ ഏകദേശം ഏഴ് മാസമാണ് രാജ്യത്തിന് പുറത്തുണ്ടായിരുന്നത്. ഈ ദീര്‍ഘകാല അഭാവം ചൂണ്ടിക്കാട്ടിയാണ് അവര്‍ ഗ്രീന്‍ കാര്‍ഡ് പദവി ഉപേക്ഷിച്ചുവെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഉഒട) ആരോപിച്ചത്.
എന്നാല്‍ അമേരിക്കയിലെ ജീവിതം ഉപേക്ഷിക്കാന്‍ വാസംശെട്ടിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെയും അഭിഭാഷകരുടെയും വാദം. നോര്‍ത്ത് കരോലിനയില്‍ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ അധ്യാപികയായി ജോലി ചെയ്തിരുന്ന അവര്‍ക്ക് അമേരിക്കയില്‍ വീടും ജോലിയും കുടുംബവുമുണ്ട്. ഇന്ത്യയില്‍ കഴിയുന്നതിനിടയിലും നോര്‍ത്ത് കരോലിനയില്‍ സ്വന്തം പ്രാഥമിക താമസസ്ഥലമാക്കാനുള്ള വീട് വാങ്ങല്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത വാസംശെട്ടിക്ക് ഗുരുതരമായ പ്രമേഹമുണ്ടെന്നും നിരന്തരമായ ചികിത്സയും ഗ്ലൂക്കോസ് നിരീക്ഷണവും ആവശ്യമാണെന്നും അഭിഭാഷക സോയ് വില്‍സണ്‍ പറഞ്ഞു.
അമേരിക്കയ്ക്ക് പുറത്തായി 180 ദിവസത്തിലധികം കഴിയുന്ന സ്ഥിരതാമസക്കാര്‍ക്ക് അവരുടെ അമേരിക്കന്‍ താമസബന്ധവും രാജ്യത്ത് സ്ഥിരമായി തുടരാനുള്ള ഉദ്ദേശവും സംബന്ധിച്ച് അധിക പരിശോധന നേരിടേണ്ടിവരാം. വാസംശെട്ടിക്കെതിരായ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഉഒട കോടതി നിശ്ചയിച്ച സമയപരിധി പാലിച്ചില്ലെന്ന് അവരുടെ അഭിഭാഷക ഹെലന്‍ പാര്‍സനേജ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് 2026 മേയ് 19ന് ഇമിഗ്രേഷന്‍ ജഡ്ജി നാടുകടത്തല്‍ നടപടികള്‍ അവസാനിപ്പിച്ചു. അതിനുശേഷവും വാസംശെട്ടി പതിവായി ice ചെക്ക്-ഇന്നുകളില്‍ ഹാജരായിരുന്നെങ്കിലും ഓഗസ്റ്റ് 11ന് ഷാര്‍ലറ്റ് ഓഫീസിലെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലായതിന് പിന്നാലെ ഓഗസ്റ്റ് 13ന് വാസംശെട്ടിയുടെ നിയമസംഘം അടിയന്തര ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ച് തടങ്കലിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഫെഡറല്‍ കോടതി മൂന്ന് ദിവസത്തിനകം അവരെ കസ്റ്റഡിയില്‍ വയ്ക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം വിശദീകരിക്കാന്‍ ഇമിഗ്രേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ICE has taken into custody an Indian-origin Green Card holder who has been living in the United States for 27 years.

















