ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് ത്രിവേദി ധാക്കയില്‍ അമേരിക്കന്‍ അംബാസഡറും ദക്ഷിണ-മധ്യ ഏഷ്യയുടെ പ്രത്യേക പ്രതിനിധിയുമായ സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ വിവിധ നയതന്ത്ര താല്‍പര്യങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്.
ഈ വര്‍ഷം ജൂണിലാണ് ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചത്.വ്യാഴാഴ്ചയാണ് സെര്‍ജിയോ ഗോറെ തന്റെ ആദ്യ ഔദ്യോഗിക ബംഗ്ലാദേശ് സന്ദര്‍ശനം ആരംഭിച്ചത്. ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലെ അമേരിക്കയുടെ തന്ത്രപരമായ ഇടപെടലുകളില്‍ ഇന്ത്യയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഈ സാഹചര്യത്തില്‍ ദക്ഷിണേഷ്യന്‍ നയതന്ത്ര രംഗത്ത് പ്രധാന പങ്കാളിയായി ഗോറെ മാറിയിരിക്കുകയാണ്. ബംഗ്ലാദേശിന്റെ വിദേശനയത്തില്‍ അടുത്തിടെ ചൈനയ്ക്കുള്ള സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗോറിന്റെ സന്ദര്‍ശനമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയുമായി ബന്ധപ്പെട്ട ‘മ്യാന്‍മര്‍ കോറിഡോര്‍’ പദ്ധതികളിലേക്കുള്ള ധാക്കയുടെ നീക്കങ്ങളില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും, മേഖലയിലെ തങ്ങളുടെ നിലപാട് ഗോറെ വ്യക്തമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. ഖലീലുര്‍ റഹ്മാന്‍ ഗോറിന്റെ സന്ദര്‍ശനത്തെ ശ്രദ്ധേയമായ ഒന്നാണെന്ന് വിശേഷിപ്പിച്ചു. ബംഗ്ലാദേശിനെ കൂടുതല്‍ മനസ്സിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും, കോക്‌സ് ബസാറിലെ റോഹിങ്ക്യ അഭയാര്‍ഥി ക്യാമ്പുകളും ഗോറെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് ബന്ധം, റോഹിങ്ക്യ വിഷയങ്ങള്‍, മ്യാന്‍മറിലെ മാനുഷിക ഇടനാഴി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചകളില്‍ പ്രധാനമാകുമെന്നാണ് പ്രതീക്ഷ.
Indian High Commissioner Dinesh Trivedi and US Representative Sergio Gore met in Dhaka

















