വാഷിംഗ്ടൺ: അമേരിക്കയിലെ ഒഹായോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കടപ്പ ജെട്ടിവരിപള്ളി സ്വദേശി ദിലീപ് കുമാർ ബംഗാട്ടവുല (26) ആണ് മരിച്ചത്. യുഎസിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു ദിലീപ്. ഒഹായോയിലെ മാസിഡോണിയയിൽ ഇന്റർസ്റ്റേറ്റ് 480ൽ വച്ചാണ് അപകടമുണ്ടായത്. ദിലീപ് ഓടിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽനിന്നെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തുമ്പോഴേക്കും ദിലീപ് മരിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റ മറ്റ് മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ദിലീപ് 2025ൽ കെന്റ് സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. പഠനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.
കർഷകനായ ശ്രീഹരി ബംഗാട്ടവുലയുടെ മകനാണ് ദിലീപ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വലിയ ത്യാഗങ്ങൾ സഹിച്ചാണ് കുടുംബം ദിലീപിനെ വിദേശത്ത് പഠിക്കാനയച്ചത്. മകൻ മികച്ചൊരു ഭാവി കെട്ടിപ്പടുക്കുന്നത് കാണാൻ കാത്തിരുന്ന കുടുംബത്തിന് അപ്രതീക്ഷിതമായ ഈ വിയോഗം വലിയ ആഘാതമായി. ദിലീപിന്റെ മരണത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റ് അറിയിച്ചു. മൃതദേഹം ഇന്ത്യയിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, ദിലീപിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി നോർത്ത് അമേരിക്ക തെലുങ്ക് സൊസൈറ്റി ധനശേഖരണം ആരംഭിച്ചിട്ടുണ്ട്.

















