ഇന്‍ഡ്യാന: തുടര്‍ച്ചയായ ദിവസങ്ങൡ പെയ്തിറങ്ങിയ കനത്ത മഴയിലും കൊടുങ്കാറ്റിലും ഇന്‍ഡ്യാനയില്‍ വ്യാപക നാശം. വെള്ളപ്പൊക്കത്തില്‍ ഏഴ് പേര്‍ മരിച്ചതായി സംസ്ഥാന അധികൃതര്‍ അറിയിച്ചു. ഹാമില്‍ട്ടണ്‍ കൗണ്ടിയില്‍ ഏറ്റഴും വലിയ നാശം റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമെന്നാണ് അധികൃതര്‍ നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയ്ക്കിടെ ഹാമില്‍ട്ടണ്‍ കൗണ്ടിയിലൂടെ ഒഴുകുന്ന വൈറ്റ് റിവറിലെ ജലനിരപ്പ് ഉയരുന്നതായിരുന്നു പ്രധാന ആശങ്ക. ശനിയാഴ്ച നദിയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 1913-ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡായ 23.8 അടി മറികടന്ന് 24.6 അടിയിലാണ് ജലനിരപ്പ് ഉയര്‍ന്നതെന്ന് ഹാമില്‍ട്ടണ്‍ കൗണ്ടി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ജലനിരപ്പ് 21 അടിയായി കുറഞ്ഞത് വലിയ ആശ്വാസമാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അപകടസാധ്യത പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും നദിക്ക് കുറുകെയുള്ള ഒരു പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഹാമില്‍ട്ടണ്‍ കൗണ്ടിയിലെ കാര്‍മല്‍ നഗരത്തില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ കുറഞ്ഞത് 215 കെട്ടിടങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. 40 പേര്‍ക്ക് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നു. സമീപ നഗരമായ നോബിള്‍സ്വില്ലില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 170 പേരെ ഒഴിപ്പിച്ചതായി മേയര്‍ ക്രിസ് ജെന്‍സന്‍ പറഞ്ഞു. നിരവധി ആളുകള്‍ വളര്‍ത്തുമൃഗങ്ങളുമായാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത്.
ഓഗസ്റ്റ് 11 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയും വെള്ളപ്പൊക്കവും ആരംഭിച്ചതിന് പിന്നാലെ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ഏഴ് മരണങ്ങള്‍ സ്ഥിരീകരിച്ചതായി ഇന്ത്യാന സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. മരിച്ചവരില്‍ തെക്കുകിഴക്കന്‍ ഇന്ത്യാനയിലെ ജെന്നിങ്‌സ് കൗണ്ടിയില്‍ വീടിന് മുകളില്‍ മരം വീണ് മരിച്ച നാലു വയസ്സുകാരനും ഉള്‍പ്പെടുന്നു. ഡെലവെയര്‍ കൗണ്ടിയില്‍ 19 വയസുള്ള യുവാവും 58 വയസുള്ള സ്ത്രീയും, പോര്‍ട്ടര്‍ കൗണ്ടിയില്‍ 86 കാരിയായ സ്ത്രീയും 32 വയസ്സുള്ള പുരുഷനും, ലേക്ക് കൗണ്ടിയില്‍ 58 വയസ്സുള്ള സ്ത്രീയും ഹെന്റി കൗണ്ടിയില്‍ 31 വയസ്സുള്ള പുരുഷനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തകര്‍ നിരവധി പേരെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.
കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യാനയില്‍ 1.5 ലക്ഷത്തോളം ആളുകള്‍ക്ക് വൈദ്യുതി മുടങ്ങിയിരുന്നു. വ്യാഴാഴ്ച ഇന്ത്യാന ഗവര്‍ണര്‍ മൈക്ക് ബ്രൗണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച ഇന്ത്യാനയില്‍ ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയുംകുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതായും ഫെഡറല്‍ സഹായം ലഭ്യമാക്കാന്‍ അദ്ദേഹം സമ്മതിച്ചതായും ഗവര്‍ണര്‍ അറിയിച്ചു. ഇന്‍ഡ്യാനാപൊളിസ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മണിക്കൂറുകള്‍ക്കിടെ 50 ജലരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി 91 പേരെയും 45 വളര്‍ത്തുമൃഗങ്ങളെയും ഒഴിപ്പിച്ചു. മണ്ണ് ഇതിനകം വെള്ളത്തില്‍ കുതിര്‍ന്നിരിക്കുന്നതിനാല്‍ വരും മണിക്കൂറുകളില്‍ വീണ്ടും ശക്തമായ മഴ ലഭിച്ചാല്‍ ജീവന് ഭീഷണിയാകുന്ന പ്രളയസാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Indiana faces worst rainfall-related disaster in history; seven dead in floods.

















