ന്യൂയോര്‍ക്ക്: വാഹനാപകടങ്ങള്‍ മനഃപൂര്‍വം സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് 80,000 ഡോളറിലധികം,(ഏകദേശം 70 ലക്ഷം രൂപ) തട്ടിയെടുത്ത സംഘത്തെ വൈറല്‍ വീഡിയോയുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ന്യൂയോര്‍ക്കിലെ തിരക്കേറിയ ഹൈവേകളില്‍ വാഹനങ്ങളെ ലക്ഷ്യമിട്ട് വ്യാജ അപകടങ്ങള്‍ സൃഷ്ടിച്ച കേസിലാണ് ബ്രൂക്ലിന്‍ സ്വദേശികളായ ജെയ്മി ഹുയിറാക്കോച്ച, വിക്ടര്‍ മുറില്ലോ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ കുറ്റസമ്മതം നടത്തിയ ഇരുവര്‍ക്കും രണ്ട് വര്‍ഷവും തടവ് ശിക്ഷ ലഭിക്കും.
ക്വീന്‍സ് ജില്ലാ അറ്റോര്‍ണി മെലിന്‍ഡ കാറ്റ്‌സിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ടിക്ടോക്കില്‍ വൈറലായ ഒരു വീഡിയോയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായതെന്ന് കാറ്റ്‌സ് പറഞ്ഞു. ബെല്‍റ്റ് പാര്‍ക്ക്വേയില്‍ ഒരു ഹോണ്ട സിവിക് മറ്റൊരു വാഹനത്തിലേക്ക് മനഃപൂര്‍വം പിന്നോട്ടെടുത്ത് ഇടിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. കാറ്റ്‌സിന്റെ 15 വയസ്സുള്ള മകന്‍ വീഡിയോ കാണിച്ചതോടെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്വേഷണത്തില്‍ മൂന്ന് വ്യാജ വാഹനാപകടങ്ങള്‍ സംഘം ആസൂത്രണം ചെയ്തതായി കണ്ടെത്തി. മുറില്ലോ വാഹനമോടിക്കുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത് പിന്നില്‍ വരുന്ന വാഹനത്തെ ഇടിപ്പിക്കുകയും ഹുയിറാക്കോച്ച മറ്റൊരു വാഹനത്തില്‍ പിന്നാലെയെത്തി അപകടം ഏകോപിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. അപകടത്തിന് ശേഷം മുറില്ലോ വാഹനത്തിലെ സീറ്റ് മാറ്റുകയും കൂട്ടാളികള്‍ കാറിന്റെ പിന്‍വശത്തെ ഗ്ലാസ് പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചിലര്‍ വ്യാജ പരിക്കുകള്‍ അഭിനയിച്ച് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുകയായിരുന്നു.
2024 ഓഗസ്റ്റ് 24-നാണ് ബെല്‍റ്റ് പാര്‍ക്ക്വേയില്‍ ആദ്യ അപകടം നടന്നത്. ഹോണ്ട സിവിക് ഉപയോഗിച്ച് 47 വയസ്സുള്ള ഒരു വനിതാ ഡ്രൈവറെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തുകയും ഇതിലൂടെ 79,000 ഡോളര്‍ ഇന്‍ഷുറന്‍സ് തുക നേടുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ മൂന്നിന് നടന്ന രണ്ടാമത്തെ അപകടത്തില്‍ ട്രാക്ടര്‍-ട്രെയിലറിനെ ഉള്‍പ്പെടുത്തി 5,000 ഡോളര്‍ കൂടി നേടി. മൂന്നാമത്തെ അപകടത്തിന്റെ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
വ്യാജ അപകടങ്ങള്‍ നിരവധിപേരുടെ ജീവന്‍ അപകടത്തിലാക്കുന്നതിന് പുറമെ എല്ലാ വാഹന ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് ചെലവ് വര്‍ധിപ്പിക്കുന്നതായി ന്യൂയോര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുളും പൊലീസ് വിഭാഗവും ഇന്‍ഷുറന്‍സ് തട്ടിപ്പിനെതിരെ ശക്തമായ നടപടി തുടരുമെന്ന് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെട്ട മൈക്കല്‍ മാര്‍ട്ടിനെസും ഐവോണ്‍ മാറ്റസ്-മാര്‍ട്ടിനെസും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ന്യൂയോര്‍ക്കില്‍ മനഃപൂര്‍വം സൃഷ്ടിക്കുന്ന വാഹനാപകടങ്ങളുടെ എണ്ണം മൂന്നിരട്ടിയായെന്നും 2023ല്‍ മാത്രം 1,700 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഗവര്‍ണര്‍ വ്യക്തമാക്കി.
Insurance fraud via staged vehicle accidents; gang that swindled around ?70 lakh caught after video goes viral.

















