swayamvara
pulimoottil

കെസിഎല്‍ സീസണ്‍-3: രാജകീയമായി ടീം ലോഞ്ച്

കെസിഎല്‍ സീസണ്‍-3: രാജകീയമായി ടീം ലോഞ്ച്

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍ മൂന്നിന് മുന്നോടിയായി നടന്ന ടീം ലോഞ്ച് രാജകീയമായി.കോവളം ലീല റാവിസില്‍ ആവേശം അലയടിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു. സ്‌പോര്‍ട്‌സും എന്റര്‍ടൈന്‍മെന്റും കൂടിച്ചേര്‍ന്ന പ്രൗഢഗംഭീര ചടങ്ങില്‍ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്, കെസിഎല്‍ ടൂര്‍ണമെന്റിന്റെ ഐക്കണ്‍ സഞ്ജു സാംസണ്‍ എന്നിവര്‍ പ്രത്യേക അതിഥികളായിരുന്നു.

കേരളത്തിലെ യുവതാരങ്ങള്‍ക്ക് ദേശീയതലത്തില്‍ ശ്രദ്ധ നേടാന്‍ കെസിഎല്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. ‘ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കുമ്പോള്‍ അവിടുത്തെ പരിശീലകരും മറ്റ് താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നാറുണ്ട് ‘ – സഞ്ജു പറഞ്ഞു.

ദൃശ്യ- ശ്രവ്യ വിസ്മയങ്ങളോടെ നടന്ന ലോഞ്ചിങ് കാണികള്‍ക്ക് നവ്യാനുഭവമായി. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പുഴ റിപ്പിള്‍സ് എന്നീ ആറ് ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, ടീം ഉടമകള്‍ എന്നിവര്‍ വേദിയിലേക്ക് എത്തിയപ്പോള്‍ വലിയ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഓരോ ജില്ലയുടെയും തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളുടെ അകമ്പടിയോടെയായിരുന്നു ടീമുകളുടെ വേദിയിലേക്കുള്ള രാജകീയ എന്‍ട്രി. ചടങ്ങിന് മാറ്റുകൂട്ടി കേരള ക്രിക്കറ്റിന്റെ 75 വര്‍ഷത്തെ ചരിത്രവും താരങ്ങളുടെ പ്രകടനങ്ങളും കോര്‍ത്തിണക്കിയ പ്രത്യേക വീഡിയോയും പ്രദര്‍ശിപ്പിച്ചു.

ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ പാര്‍ട്ണറായ ഫെഡറല്‍ ബാങ്ക് , ഹോസ്പിറ്റാലിറ്റി പാര്‍ട്ണര്‍ ദി ലീല റാവിസ്, മെഡിക്കല്‍ പാര്‍ട്ണര്‍ അനന്തപുരി ഹോസ്പിറ്റല്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്നൊവേഷന്‍ പാര്‍ട്ണര്‍ സയോണ്‍ടെക് , കൊല്ലം റമീസ് റെസ്റ്റോറന്റ് ആന്‍ഡ് കാറ്ററേഴ്‌സ് എന്നീ സ്‌പോണ്‍സര്‍മാരെ വേദിയില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ചടങ്ങിനെത്തിയവര്‍ക്കായി പ്രത്യേക വെര്‍ച്വല്‍ റിയാലിറ്റി എക്‌സ്പീരിയന്‍സ് സോണ്‍ ഒരുക്കിയിരുന്നു. പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരാവത്ത് അവതരിപ്പിച്ച പ്രത്യേക മെന്റലിസം ഷോ ചടങ്ങിനെ കൂടുതല്‍ വിസ്മയഭരിതമാക്കി. അതിഥികള്‍ക്കായി ഒരുക്കിയ പ്രത്യേക ഫോട്ടോ ബൂത്ത്, ട്രോഫി സോണ്‍ എന്നിവയും പരിപാടിയുടെ ആവേശം ഇരട്ടിയാക്കി.

ഓഗസ്റ്റ് 20 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കെസിഎല്‍ മൂന്നാം സീസണിന് തുടക്കമാകുന്നത്. 17 ദിവസം നീളുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ സെപ്റ്റംബര്‍ അഞ്ചിന് നടക്കും

KCL Season 3: Grand Team Launch

Share Email
LATEST excelnclexrn
More Articles
Top