എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: ”യു.ഡി.എഫിലേക്ക് പോയിരുന്നെങ്കില്‍ മന്ത്രിസ്ഥാനം കിട്ടുമായിരുന്നല്ലോ…” എന്ന സദസിന്റെ ചോദ്യത്തിന് സ്റ്റീഫന്‍ ജോര്‍ജിന്റെ മറുപടി പക്ഷേ, രാഷ്ട്രീയത്തിലെ കൂറിന്റെയും സത്യസന്ധതയുടെയും വില ഓര്‍മിപ്പിക്കുന്നതായിരുന്നു.”അധികാരത്തിനോ സ്ഥാനത്തിനോ വേണ്ടി രാഷ്ട്രീയ വിശ്വാസം മാറ്റാന്‍ താല്‍പര്യമില്ല. ഞാന്‍ എന്നും എന്റെ മാതൃസംഘടനയോട് വിശ്വസ്തനാണ്…” അധികാരക്കസേരയ്ക്കുവേണ്ടി നിലപാടുകളും പാര്‍ട്ടിയും മാറുന്ന കാലത്ത്, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കടുത്തുരുത്തി മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജിന്റെ ഈ മറുപടി വലിയ കൈയടി നേടി.

ഹൂസ്റ്റണിലെ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കോണ്‍ഫറന്‍സ് ഹാളില്‍, ഓഗസ്റ്റ് 19-ാം തീയതി ബുധനാഴ്ച വൈകിട്ട് ഫോമായുടെയും പ്രവാസി കേരളാ കോണ്‍ഗ്രസ് എമ്മിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിലാണ് കേരള രാഷ്ട്രീയത്തിലെ പരിചയസമ്പന്നനായ നേതാവ് സ്റ്റീഫന്‍ ജോര്‍ജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന സംരംഭകരുടെ വിജയ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് തനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും സ്നേഹത്തിനും സ്റ്റീഫന്‍ ജോര്‍ജ് നന്ദി രേഖപ്പെടുത്തി. അമേരിക്കന്‍ മലയാളി സമൂഹത്തെ ബിസിനസ്-സാംസ്‌കാരിക തലങ്ങളില്‍ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ചേംബറിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ക്കപ്പുറം ആശയത്തോടും പാര്‍ട്ടിയോടുമുള്ള വിശ്വാസമാണ് പ്രധാനമെന്ന സ്റ്റീഫന്‍ ജോര്‍ജിന്റെ നിലപാടിനെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് ബേബി മണക്കുന്നേലും ശശിധരന്‍ നായരും ചേര്‍ന്ന് സ്റ്റീഫന്‍ ജോര്‍ജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ സംസാരിച്ച നേര്‍ക്കാഴ്ച ന്യൂസ്പേപ്പര്‍ ചീഫ് എഡിറ്ററും ഐ.ഒ.സി. നാഷണല്‍ യു.എസ്. സെക്രട്ടറിയുമായ സൈമണ്‍ വളാച്ചേരില്‍, സ്റ്റീഫന്‍ ജോര്‍ജുമായുള്ള തന്റെ കോളജ് കാലത്തെ സൗഹൃദത്തിന്റെ ഓര്‍മകളും പങ്കുവച്ചു.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ പഠിച്ചിരുന്ന കാലത്ത് താനും സ്റ്റീഫന്‍ ജോര്‍ജും സഹപാഠികളും റൂംമേറ്റുമാരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്നുതന്നെ സ്റ്റീഫന്‍ ജോര്‍ജില്‍ നേതൃത്വഗുണങ്ങള്‍ പ്രകടമായിരുന്നുവെന്നും കോളജ് പഠനത്തിനുശേഷം സജീവ കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം നിസ്വാര്‍ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയായെന്നും സൈമണ്‍ വാളാച്ചേരില്‍ അനുസ്മരിച്ചു. ”ഇന്നും കാണുമ്പോഴെല്ലാം കോളജ് കാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്തും വ്യക്തിബന്ധങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പ്രാധാന്യം ശ്രദ്ധേയമായിരുന്നു… ” സൈമണ്‍ വളാച്ചേരില്‍ പറഞ്ഞു.

ചേംബര്‍ വൈസ് പ്രസിഡന്റ് ജോമോന്‍ എടയാടിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബ്രൂസ് കൊളമ്പേല്‍ സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ് ജോര്‍ജ് കൊളച്ചേരില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി പരിപാടികള്‍ നിയന്ത്രിച്ചു. പാലായുടെ ഹൃദയത്തുടിപ്പായ രാഷ്ട്രീയ ചാണക്യന്‍ കെ.എം മാണിസാറിന്റെ ജനകീയ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്റ്റീഫന്‍ ജോര്‍ജിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് ചേംബര്‍ മുന്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ ജനറല്‍ സെക്രട്ടറിയുമായ സണ്ണി കാരിയ്ക്കല്‍ പറഞ്ഞു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ചേംബര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഫോമാ സ്ഥാപക പ്രസിഡന്റുമായ ശശിധരന്‍ നായര്‍, എബ്രഹാം പറയംകാല (മുന്‍ എച്ച്.കെ.സി.എസ് പ്രസിഡന്റ്), ബാബു മുളയാനിക്കുന്നേല്‍ (മുന്‍ എച്ച്.കെ.സി.എസ് പ്രസിഡന്റ്), തോമസ് കൊരട്ടിയില്‍ (മുന്‍ എച്ച്.കെ.സി.എസ് പ്രസിഡന്റ്), ഡോ. സാം ജോസഫ് (മുന്‍ മാഗ് പ്രസിഡന്റ്), ജോയ് ഇല്ലിക്കുന്നുപുറം (മുന്‍ പഞ്ചായത്ത് മെമ്പര്‍-കരിങ്കുന്നം), എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ബിസിനസ്-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ യോഗത്തില്‍ സംബന്ധിച്ചു. സൗഹൃദവും ആശയവിനിമയങ്ങളും പങ്കുവെച്ച മനോഹരമായ സംഗമത്തിന് ജെയിംസ് വെട്ടിക്കാനല്‍ കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നും ഒരുക്കിയിരുന്നു. അധികാരത്തിന്റെ കസേരയേക്കാള്‍ രാഷ്ട്രീയ വിശ്വാസത്തിന് വിലയുണ്ടെന്ന് ഹൂസ്റ്റണിലെ സദസ്സിനോട് ഓര്‍മിപ്പിച്ചുകൊണ്ടാണ് സ്റ്റീഫന്‍ ജോര്‍ജിന്റെ സ്വീകരണം ശ്രദ്ധേയമായത്.
“Loyalty Lies Not with the Ministerial Post, but with the Mother Organization”: Stephen George at the U.S. Chamber of Commerce Reception in Houston
















