വാഷിംഗടണ്‍: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയ്ക്കും ഇന്ത്യന്‍ ജനതയ്ക്കും ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിപരമായ ബന്ധം ഇന്ത്യ-അമേരിക്ക ബന്ധത്തെ കൂടുതല്‍ ശക്തമാക്കിയതായി റൂബിയോ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
അമേരിക്കന്‍ ഐക്യനാടുകളുടെ പേരില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്ന റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വിപുലപ്പെടുന്നതില്‍ ട്രംപും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവില്‍ കൂടുതല്‍ ശക്തമാണെന്നും റൂബിയോ പറഞ്ഞു.
പ്രതിരോധം, ഊര്‍ജ സുരക്ഷ, നിര്‍ണായക ധാതുക്കള്‍, കൃത്രിമ ബുദ്ധി, ബഹിരാകാശ സഹകരണം, വ്യാപാരം തുടങ്ങിയ മേഖലകളെയാണ് ഇന്ത്യ-യുഎസ് സഹകരണത്തിലെ പ്രധാന മേഖലകളായി റൂബിയോ ചൂണ്ടിക്കാട്ടിയത്. ഈ മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളെയും മാത്രമല്ല, വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയെയും കൂടുതല്‍ സുരക്ഷിതവും ശക്തവും സമ്പന്നവുമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ സഹകരണം ബന്ധത്തിലെ പ്രധാന തൂണായി മാറിയിട്ടുണ്ടെന്നും റൂബിയോയുടെ പ്രസ്താവന വ്യക്തമാക്കുന്നു. ഊര്‍ജ സുരക്ഷയ്ക്കും നിര്‍ണായക ധാതുക്കള്‍ക്കും ഇരുരാജ്യങ്ങളും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. വിശ്വസനീയമായ വിതരണ ശൃംഖലകള്‍ ഉറപ്പാക്കുന്നതിനും സാമ്പത്തിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള സഹകരണവും ശക്തമാകുകയാണ്. ഇന്ത്യക്കാരും അമേരിക്കക്കാരും തമ്മിലുള്ള കുടുംബ-സാമൂഹിക ബന്ധങ്ങളെയും അദ്ദേഹം ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ അടിസ്ഥാനമായി വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും ചേര്‍ന്ന് കൂടുതല്‍ മികച്ച ഭാവി കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റൂബിയോ പറഞ്ഞു.
Marco Rubio extends Independence Day greetings to India; says India-US ties are growing stronger.
















