ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഫോണില്‍ ചര്‍ച്ച നടത്തി. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചിയുമായി ടെലിഫോണില്‍ സംസാരിച്ച ജയ്ശങ്കര്‍ മേഖലയിലെ നിലവിലെ സാഹചര്യം ഇന്ത്യയ്ക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് അറിയിച്ചു.
വാണിജ്യ കപ്പലുകള്‍ക്കും നാവികര്‍ക്കുമെതിരായ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങളെ ഏത് വിഭാഗം നടത്തിയാലും ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഭാഷണവും നയതന്ത്ര മാര്‍ഗങ്ങളും മാത്രമാണ് യതാര്‍ഥ പോംവഴിയെന്നും ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയശങ്കര്‍ ഈ വിവരങ്ങള്‍ അറിയിച്ചത്. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇറാന്റെ നിലപാട് വിദേശകാര്യ മന്ത്രി അറാഗ്ചി വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ വാണിജ്യ കപ്പല്‍ ഗതാഗതത്തിനും ഇന്ത്യന്‍ നാവികരുടെ സുരക്ഷയ്ക്കും ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയ്ക്ക് അതീവ പ്രധാനപ്പെട്ട വിഷയമായി മാറിയിട്ടുണ്ട്.അതേസമയം, അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പശ്ചിമേഷ്യയിലെ വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷ ശക്തമാക്കിയതായി അറിയിച്ചു. ജൂലൈ 30 വരെ 24 കപ്പലുകളുടെ യാത്രാമാര്‍ഗം മാറ്റിയതായും രണ്ട് കപ്പലുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായും രണ്ടെണ്ണത്തില്‍ പരിശോധന നടത്തിയതായും സെന്റ്കോം വ്യക്തമാക്കി.
Minister S. Jaishankar held a telephone conversation with Iranian Foreign Minister Abbas Araghchi: India condemned the attack on ships and sailors

















