പെന്‍സില്‍വാനിയ: യുഎസിലെ പെന്‍സില്‍വാനിയയില്‍ പോലീസിന്റെ ഹെലികോപ്റ്ററും ചെറുവിമാനവും ആകാശത്ത് കൂട്ടിയിടിച്ചു. കാര്‍ലൈല്‍ വിമാനത്താവളത്തിന് സമീപം ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും സംസ്ഥാന അധികൃതരുമാണ് അപകടവിവരം സ്ഥിരീകരിച്ചത്.
പ്രാദേശിക സമയം വൈകുന്നേരം 7.50 ഓടെയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. സെസ്‌ന 150 ചെറുവിമാനവും ബെല്‍ 407 ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്. ഹെലികോപ്റ്ററില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്നും ചെറുവിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് നിലവില്‍ വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് പോലീസിന്റേതാണെന്ന് സംസ്ഥാന ഗവര്‍ണര്‍ ജോഷ് ഷാപിറോ അറിയിച്ചു. അപകടത്തിന് പിന്നാലെ അധികൃതര്‍ സ്ഥലത്തെത്തി പരിശോധനയും രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അപകടത്തില്‍പ്പെട്ടവരുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കാര്‍ലൈല്‍ വിമാനത്താവളം അണ്‍കണ്‍ട്രോള്‍ഡ് എയര്‍പോര്‍ട്ടാണ്. അതായത് വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറോ നിയന്ത്രകരോ ഇല്ല. ഇവിടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഒരേ റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ച് പരസ്പരം തങ്ങളുടെ നീക്കങ്ങള്‍ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് നേതൃത്വം നല്‍കും. വിമാനങ്ങളും ഹെലികോപ്റ്ററും എങ്ങനെ ഒരേ സമയത്ത് ഒരേ വ്യോമപാതയിലെത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ പരിശോധിക്കും
Police helicopter and light aircraft collide in mid-air in Pennsylvania; details regarding the occupants have not been released.

















