ചെറിയാന്‍ മഠത്തിലേത്ത്
ഹൂസ്റ്റണ്‍: ഓഗസ്റ്റ്… അമേരിക്കന്‍ മണ്ണില്‍ വലിയ ദേശീയമോ മതപരമോ ആയ ആഘോഷങ്ങളുടെ ആരവമില്ലാത്ത ഒരു ഇടവേള. പക്ഷേ, മലയാളിക്ക് ഓഗസ്റ്റ് ഒരിക്കലും വെറും ഇടവേളയല്ല. ചൂടും ഈര്‍പ്പവും ഇടയ്ക്കിടെയുള്ള കനത്ത മഴയും നിറഞ്ഞ ഈ മാസം. മലയാളി സമൂഹത്തില്‍ ഓണത്തിന്റെ മണം പരത്തിത്തുടങ്ങുന്ന ഉത്സവകാലമാണ്. ഓഗസ്റ്റ് 15-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും പിന്നാലെ എത്തുന്ന ഓണവും ചേര്‍ന്ന് അമേരിക്കന്‍ മലയാളിയുടെ മനസ്സില്‍ നാടിന്റെ ഓര്‍മ്മകള്‍ക്ക് നിറം പകരുന്നു.

ഇത്തവണയും ഓണാഘോഷങ്ങള്‍ക്ക് നേരത്തെ തന്നെ തുടക്കമായി. വിവിധ മത-സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ഓണസദ്യകള്‍ പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും മലയാളിയുടെ പാരമ്പര്യത്തെ ചേര്‍ത്തുപിടിക്കാനുള്ള മനോഹരമായ ശ്രമങ്ങളായി മാറുന്നു. ആ സാംസ്‌കാരിക ഓര്‍മ്മകളെ ആദരിച്ചുകൊണ്ടായിരുന്നു കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഗസ്റ്റ് മാസത്തെ ചര്‍ച്ചാ സംഗമവും.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെ സ്മരിച്ചുകൊണ്ടാണ് യോഗത്തിന് തുടക്കമായത്. സ്വാതന്ത്ര്യം നേടിയെടുത്തത് എത്ര വലിയ ത്യാഗങ്ങളിലൂടെയാണെന്നും അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ തലമുറയ്ക്കുമുണ്ടെന്നും എ.സി ജോര്‍ജും സുഗുണന്‍ ഞെക്കാടും ചുരുക്കമായെങ്കിലും ശ്രദ്ധേയമായി സംസാരിച്ചു. സ്വാതന്ത്ര്യം ഒരു ചരിത്രസംഭവം മാത്രമല്ലെന്നും നിരന്തരമായി സംരക്ഷിക്കപ്പെടേണ്ട മൂല്യമാണെന്നും അവരുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് ജോണ്‍ മാത്യുവിന്റെ ശ്രദ്ധേയ കൃതി Ages Never End-ന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം നടന്നു. ഗ്രന്ഥകാരന്‍ ജോണ്‍ മാത്യു പുസ്തകത്തെ പരിചയപ്പെടുത്തി. പോസ്റ്റ് മോഡേണ്‍ ശൈലിയില്‍ രചിച്ചിരിക്കുന്ന ഈ 500 പേജുള്ള കൃതി, ഡല്‍ഹി, മണിമലയാര്‍, ബിയര്‍ ക്രീക്ക്, എഗ്രീമെന്റ് എന്നീ നാല് വ്യത്യസ്ത ഭാഗങ്ങളിലൂടെയാണ് മുന്നേറുന്നത്. തലമുറകളുടെ കഥകള്‍ പറയുന്ന ഈ പുസ്തകം, കാലങ്ങളിലൂടെ മനുഷ്യന്‍ നടത്തിയ കുടിയേറ്റത്തിന്റെ ഒരു ഭാഗിക ചരിത്രം കൂടിയാണെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞു. “I tried…!” എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ പുസ്തകത്തെക്കുറിച്ചുള്ള എഴുത്തുകാരന്റെ ആത്മസമര്‍പ്പണവും അതിനപ്പുറമുള്ള വായനക്കാരന്റെ സ്വതന്ത്രാനുഭവത്തിനുള്ള ഇടവും ഒരുപോലെ പ്രതിഫലിച്ചു.

യോഗത്തിലെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായിരുന്നു ജോണ്‍ മാത്യു അവതരിപ്പിച്ച ‘വിശുദ്ധ ഭൂമിയുടെ കാവല്‍ക്കാര്‍ മരിക്കുമോ..?’ എന്ന ലേഖനം. ബൗദ്ധിക ആക്ഷേപ ഹാസ്യത്തിന്റെ അപൂര്‍വമായ സാഹിത്യരൂപം പ്രതിഫലിപ്പിക്കുന്ന ലേഖനം, കേരളത്തിലെ കുടിയേറ്റ തൊഴിലാളി സമൂഹത്തിന്റെ കഴിഞ്ഞ നൂറുവര്‍ഷത്തെ ചരിത്രത്തെ വേറിട്ടൊരു കണ്ണിലൂടെ നോക്കിക്കാണുന്നതാണ്.
തൊഴില്‍ തേടി കേരളത്തിന്റെ മക്കള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും ലോകത്തിന്റെ വിവിധ വിദേശരാജ്യങ്ങളിലേക്കും കുടിയേറി. അവര്‍ അധ്വാനിച്ചു, സമ്പാദിച്ചു, നാട്ടിലേക്ക് പണം അയച്ചു. ആ പണത്തിലൂടെ കേരളത്തിന്റെ വീടുകളും ജീവിതങ്ങളും സ്വപ്നങ്ങളും വളര്‍ന്നു. ഒരുകാലത്ത് കേരളത്തില്‍ നിന്ന് പുറത്തേക്ക് പോയവര്‍ തന്നെയാണ് നാട്ടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തായത്.
എന്നാല്‍ കാലം മാറി. ഇന്ന് കേരളം മറ്റുള്ളവരെ സ്വന്തം മണ്ണിലേക്ക് ക്ഷണിക്കുന്നു. കുടിയേറ്റത്തിന്റെ ദിശകള്‍ മാറുന്നു. ആശയങ്ങളും സാഹചര്യങ്ങളും മാറുന്നു. ഒരിക്കല്‍ പുറത്തേക്ക് പോയവരുടെ നാട്ടിലേക്ക് ഇന്ന് മറ്റുള്ളവര്‍ എത്തുന്നു. ഈ ചരിത്രവഴിത്തിരിവിനെ പരിഹാസത്തിന്റെ മൂര്‍ച്ചയോടെ അവതരിപ്പിച്ച ലേഖനം ഒടുവില്‍ ഒരു അസ്വസ്ഥപ്പെടുത്തുന്ന ചോദ്യം വായനക്കാരന്റെ മുന്നില്‍ വച്ചു..
”ഇനി നൂറുവര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ നാടിന്റെ ചിത്രം എങ്ങനെയായിരിക്കും..?” ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ, ചിന്തിക്കാന്‍ ഏറെ ബാക്കിവെച്ചാണ് ലേഖനം അവസാനിച്ചത്.
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ചെറിയാന്‍ മഠത്തിലേത്ത്, സജി കൊല്ലംതറ, ടൈറ്റസ് ഈപ്പന്‍, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മാത്യു മാതായി, ബാബു കുറൂര്‍, ജോസഫ് തച്ചാറ, സുഗുണന്‍ ഞെക്കാട്, മോട്ടി മാത്യു, ജഡ്ജ് സുരേന്ദ്രന്‍ പട്ടില്‍ എന്നിവര്‍ പങ്കെടുത്തു. സാഹിത്യം, ചരിത്രം, കുടിയേറ്റം, കാലത്തിന്റെ മാറ്റങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു സംവാദം മുന്നേറിയത്. പ്രവാസിയുടെ ജീവിതാനുഭവങ്ങള്‍ സാഹിത്യത്തില്‍ എങ്ങനെ രേഖപ്പെടുത്തപ്പെടണം എന്ന ചോദ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നു.
റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ പുസ്തകത്തിലേയ്ക്കുള്ള രചനകള്‍ ഏവരും എത്രയും പെട്ടെന്ന് നല്‍കണമെന്ന് പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം, യോഗങ്ങള്‍ സാഹിത്യപരവും ദാര്‍ശനികവുമായ സംവാദങ്ങള്‍ക്ക് മാത്രമായി നിലനിര്‍ത്തണമെന്നും വിവാദപരമായ രാഷ്ട്രീയ-മത വിഷയങ്ങള്‍ ചര്‍ച്ചകളിലേക്ക് കൊണ്ടുവരാതിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ അധ്യക്ഷത വഹിച്ച കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് എല്ലാവരെയും സ്വാഗതം ചെയ്തു. സെക്രട്ടറി മോട്ടി മാത്യു നന്ദി രേഖപ്പെടുത്തി. ഓഗസ്റ്റിന്റെ മഴയിലും ഓണത്തിന്റെ കാത്തിരിപ്പിലും, സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മയിലും, നൂറുവര്‍ഷത്തെ കുടിയേറ്റത്തിന്റെ ചരിത്രത്തിലും കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഈ യോഗം ഒരു കാര്യം കൂടി ഓര്‍മ്മിപ്പിച്ചു: കാലം കടന്നുപോകുന്നു; പക്ഷേ നല്ല എഴുത്തും ഓര്‍മ്മയും ചിന്തയും ഒരിക്കലും അവസാനിക്കുന്നില്ല.
Rain of Memories in August; Kerala Writers’ Forum Discusses Independence and Centuries of Migration















