ഫ്‌ളോറിഡ: അയ്യപ്പഭക്തര്‍ക്ക് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA)യും ശബരിമല അയ്യപ്പ സേവാ സമാജം (SASS)യും സംയുക്തമായി ആരംഭിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ശബരി യാത്ര’ സേവന പദ്ധതിയുടെ ഭാഗമായി അടുത്ത സൗജന്യ തീര്‍ത്ഥയാത്ര ഓഗസ്റ്റ് 17ന് സംഘടിപ്പിക്കുന്നു.
വര്‍ക്കലയിലെ ജനാര്‍ദ്ദന അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് 5.30ന് ആരംഭിക്കുന്ന ഈ യാത്രയില്‍ 45 അയ്യപ്പഭക്തര്‍ പങ്കെടുക്കും. യാത്രയ്ക്കാവശ്യമായ വാഹനസൗകര്യം മുതല്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള 45 പേരുടെയും മുഴുവന്‍ ചെലവും KHNA ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഹൂസ്റ്റണിലെ സജീവ സാമൂഹിക പ്രവര്‍ത്തകയുമായ രമണി പിള്ള വഴിപാടായി ഏറ്റെടുത്തിരിക്കുകയാണ്.
ഒരു തീര്‍ത്ഥാടകനുപോലും സാമ്പത്തിക ബുദ്ധിമുട്ട് ശബരിമല ദര്‍ശനത്തിന് തടസ്സമാകരുതെന്ന സേവനസങ്കല്‍പ്പമാണ് KHNA-SASS ശബരി യാത്രയുടെ പിന്നില്‍. ഭക്തര്‍ക്ക് സൗജന്യ യാത്രയും ഭക്ഷണവും ഉള്‍പ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി, പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങള്‍ക്ക് തങ്ങളുടെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഒരു ശബരി യാത്ര വഴിപാടായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരവും പദ്ധതിയിലൂടെ ഒരുക്കുന്നു.
”നാട്ടില്‍ നേരിട്ട് എത്തി സേവനം ചെയ്യാന്‍ കഴിയാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് ഒരു ബസ് യാത്രയോ, അന്നദാനമോ, ഒരു കൂട്ടം അയ്യപ്പഭക്തരുടെ യാത്രാചെലവോ വഴിപാടായി ഏറ്റെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും സേവനവും ഒരുമിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ KHNAയുടെ സാമൂഹിക-ആത്മീയ ദൗത്യത്തിന്റെ പ്രധാന ഭാഗമാണ്,” എന്ന് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
45 അയ്യപ്പഭക്തരുടെ യാത്രയും ഭക്ഷണവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവും ഏറ്റെടുത്ത രമണി പിള്ളയുടെ സേവനമനോഭാവം മാതൃകാപരമാണെന്നും, അവരുടെ ഈ വഴിപാട് കൂടുതല്‍ കുടുംബങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഒരു യാത്രയോടെ അവസാനിക്കുന്ന പദ്ധതിയല്ല ‘ശബരി യാത്ര’. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സേവന സംരംഭമായി കൂടുതല്‍ അയ്യപ്പഭക്തര്‍ക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഒരു ബസ് സ്‌പോണ്‍സര്‍ ചെയ്യാം, ഭക്തര്‍ക്കുള്ള ഭക്ഷണം ഏറ്റെടുക്കാം, അല്ലെങ്കില്‍ ഒരു യാത്രയുടെ മുഴുവന്‍ ചെലവും വഴിപാടായി സമര്‍പ്പിക്കാം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുഹൃദ് കൂട്ടായ്മകള്‍ക്കും ഇതില്‍ പങ്കാളികളാകാം.
”ഒരു സംഭാവന എന്നതിലുപരി, അയ്യപ്പഭക്തര്‍ക്കായി സമര്‍പ്പിക്കുന്ന ഒരു വഴിപാടും സേവനവുമാണ് ഓരോ സ്‌പോണ്‍സര്‍ഷിപ്പും. കൂടുതല്‍ പ്രവാസി കുടുംബങ്ങള്‍ ഈ പുണ്യസംരംഭത്തിന്റെ ഭാഗമാകണം,” എന്ന് KHNA നേതൃത്വം അഭ്യര്‍ത്ഥിച്ചു.
കെ.എച്ച്.എന്‍.എ ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വനജ നായര്‍ എന്നിവരും രമണി പിള്ളയുടെ സേവനത്തിന് അഭിനന്ദനം അറിയിക്കുകയും കൂടുതല്‍ കുടുംബങ്ങള്‍ ഈ ഭക്തിസേവന പദ്ധതിയുടെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Ramani Pillai covers full travel expenses for 45 Ayyappa devotees; KHNA-SASS ‘Sabari Yatra’ on August 17.

















